സ്വത്ത് കണ്ടുകെട്ടൽ: ഷാജിയുടെ ഭാര്യ നിയമനടപടിക്ക്
കോഴിക്കോട്
അനധികൃത സ്വത്ത് സമ്പാദനക്കേസിനെ തുടർന്ന് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ തീരുമാനത്തിനെതിരേ മുൻ എം.എൽ.എയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജി അപ്പീൽ നൽകും.
ഇ.ഡിയുടെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയെയാണ് സമീപിക്കുക. അനുകൂല വിധിയില്ലെങ്കിൽ അപ്പലേറ്റ് ട്രൈബൂണലിനെ സമീപിക്കാനും ആശ തീരുമാനിച്ചിട്ടുണ്ട്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള തീരുമാനം ഇ.ഡി നോട്ടിസിലൂടെ അറിയിക്കുന്നതിനു പിന്നാലെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയെ സമീപിക്കാനാണ് ആശയ്ക്ക് ലഭിച്ച നിയമോപദേശം. അവിടെ തോറ്റാൽ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കും. ഹിയറിങ്ങടക്കമുള്ള നടപടികളെല്ലാം ഡൽഹിയിലാണ് നടക്കുക.കോഴിക്കോട് മാലൂർകുന്നിൽ വീടുവച്ചതിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു കൈമാറും. കണ്ടുകെട്ടാനുള്ള തീരുമാനത്തിനു പിന്നിൽ ഭർത്താവിനെതിരായ രാഷ്ട്രീയതാൽപര്യങ്ങളുണ്ടെന്ന വാദവും ആശ ഉന്നയിക്കും.അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി എതിരായാൽ സ്ഥലവും വീടും ഇ.ഡി ജപ്തി ചെയ്ത് സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് നിയമപരമായ നടപടി. ഇതിനിടയിൽ ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ ആശയ്ക്ക് സമീപിക്കാം. അന്തിമ വിധി വരുന്നതുവരെ കണ്ടുകെട്ടാൻ തീരുമാനിച്ച സ്ഥലവും വീടും കൈമാറാനോ വിൽക്കാനോ ആവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."