വാക്കിലെ കരുത്ത്
മഹുവ മൊയ്ത്ര ഒരു തൊപ്പിയുമായാണ് അന്ന് ലോക്‌സഭയിലെത്തിയത്. ഗൗതം അദാനിക്ക് പ്രധാനമന്ത്രി മോദിയും കേന്ദ്ര സര്‍ക്കാരും നല്‍കിയ വഴി വിട്ട സൗകര്യങ്ങളെ എണ്ണിയെണ്ണി വിശദീകരിക്കുകയായിരുന്നു അവര്‍. അദാനിയെ ലോകത്തിലെ ഏറ്റവും വലിയ ധനികനാക്കാന്‍ രാജ്യത്തിന്റെ സമ്പത്ത് ചോര്‍ത്തിക്കൊടുത്തതിന്റെ തൊപ്പി മോദി മുതല്‍ ഏതാണ്ടെല്ലാ മന്ത്രിമാരെയും അണിയിച്ചു കൊണ്ടുള്ള പ്രസംഗം ചുമ്മാ കേട്ടിരിക്കാന്‍ ബി.ജെ.പി പ്രതിനിധികള്‍ക്ക് കഴിയാതിരുന്നതില്‍ അത്ഭുതപ്പെടേണ്ട. അത്രയും മൂര്‍ച്ചയുള്ളതായിരുന്നു മൊയ്ത്രയുടെ വാക്കുകള്‍.
സ്പീക്കറുടെയും മൊയ്ത്രയുടെയും നിരന്തര അപേക്ഷകള്‍ക്കും റൂളിങ്ങിനും വഴങ്ങാതെ ബഹളം വച്ചുകൊണ്ടിരുന്ന ഒരു ബി.ജെ.പി അംഗത്തെ ഹറാമി എന്ന് വിശേഷിപ്പിച്ചതില്‍ പിടിച്ച് പുകിലുണ്ടാക്കാന്‍ നോക്കിയവരോട് അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ആപ്പിളിനെ ആപ്പിളെന്നല്ലാതെ ഓറഞ്ച് എന്ന് പറയാന്‍ കഴിയുമോ. പ്രവിലേജ് കമ്മിറ്റിക്ക് മുമ്പില്‍ എത്തട്ടെ. കര്‍ഷകരെ പിമ്പ് എന്ന് വിളിച്ചതടക്കം ബി.ജെ.പി പുരുഷ അംഗങ്ങള്‍ക്കെതിരായ പരാതികള്‍ പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിലുണ്ട്. എല്ലാം വരട്ടെ'.
ഈ ശൈലി കേരളത്തിന് പരിചയമുണ്ട്. മികച്ച പാര്‍ലിമെന്റേറിൻ എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്ന് പിണറായി വിജയന്‍ വിളിച്ചതില്‍ പുകിലുണ്ടാക്കാന്‍ യത്‌നിച്ചവരോട് പിണറായി ഇതേ ശൈലിയിലാണ് പ്രതികരിച്ചത്. ഇങ്ങനെയൊക്കെ പറയാമോ എന്ന് മൊയ്ത്രയോട് പലരും ചോദിക്കാതിരിക്കുന്നില്ല. അതിനുള്ള മറുപടിയിലും മൊയ്ത്രക്ക് പിണറായി ടച്ചുണ്ട്. മടിയില്‍ കനമുള്ളവരേ ഭയക്കേണ്ടൂ. കനമുണ്ടായിട്ടോ എന്തോ പിണറായി മാത്രം ഇതുവരെ അദാനി എന്ന് ഉച്ചരിച്ചിട്ടില്ല.
ആദ്യമായി ലോക്‌സഭയിലെത്തുന്ന മഹുവ മൊയ്ത്ര ഇതിനകം ലോകത്തിന്റെ ശ്രദ്ധയില്‍ വന്നു കഴിഞ്ഞു. പ്രതിപക്ഷ നിരയില്‍ നിന്ന് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടേത്. അദാനിയും മോദിയും തമ്മിലെ ബന്ധത്തിന്റെ രേഖകള്‍ വരെ എടുത്തുകാട്ടി സംസാരിച്ച രാഹുലിനെതിരേ ബി.ജെ.പിക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. മൊഹുവ മൊയ്ത്രക്ക് ഇത് പതിവാണ്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ ഗായകനും ബി.ജെ.പി നേതാവുമായ ബാബുല്‍ സുപ്രിയോ മാന്യതയില്ലാതെ സംസാരിച്ചുവെന്ന പരാതി മഹുവ നല്‍കുകയും അത് കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നാലെ മഹുവക്കെതിരേ ബാബുല്‍ സുപ്രിയോ മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ബാബുല്‍ ഇപ്പോള്‍ മമതയുടെ ബംഗാള്‍ മന്ത്രിസഭയിലാണ്.
ജയപ്രകാശ് കുളൂരിന്റെ ഒരു നാടകത്തില്‍, സിനിമയില്‍ കയറുകയെന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്നും പറയുന്നതിനെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. അസമില്‍ നിന്ന് ബംഗാളിലെത്തിയ ധനിക ബ്രാഹ്മണ കുടുംബാംഗമായ മഹുവ മൊയ്ത്ര കണക്കിലും സാമ്പത്തിക ശാസ്ത്രത്തിലുമായാണ് ബിരുദം നേടിയത്. അതും അമേരിക്കയില്‍ നിന്ന്. തുടര്‍ന്ന് അവിടെ ജെ.പി മോര്‍ഗന്‍ ചേസ് എന്ന വലിയ കമ്പനിയുടെ വൈസ് പ്രസിഡന്റായി കനത്ത വേതനവും അധികാരവും രുചിച്ചുകഴിയവെയാണ് നാട്ടിലെത്തി രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയത്.
കുട്ടിക്കാലം മുതല്‍ തനിക്ക് പൊതുപ്രവര്‍ത്തനത്തില്‍ താൽപര്യമുണ്ടായിരുന്നുവെന്ന് മൊയ്ത്ര പറയുന്നു. കോണ്‍ഗ്രസുകാരായിരുന്ന മാതാപിതാക്കള്‍ എന്നില്‍ ഇന്ദിരാഗാന്ധിയെ കണ്ടിരുന്നു. നാട്ടിലെത്തിയപ്പോള്‍ ചേര്‍ന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍. രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ യൂത്ത് ബ്രിഗേഡിനെ കണ്ടെത്തുന്ന സമയത്ത് മഹുവ ആ പട്ടികയില്‍ വരിക സ്വഭാവികം. 'ആം ആദ്മി സിപാഹി'യില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലത്താണ് ബംഗാളിലെ കോണ്‍ഗ്രസിനെയും കൊണ്ട് മമത ബാനര്‍ജി പോകുന്നത്. ദേശീയ നേതൃത്വത്തിന്റെ പിടിയില്‍ തുടര്‍ന്നാല്‍ ബംഗാളിലെ ജനതയെ കമ്യൂണിസ്റ്റ് നുകത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് തിരിച്ചറിയുകയായിരുന്നു മമത. തീപ്പൊരിയായ മമത ബാനര്‍ജി മൊയ്ത്രയെ സ്വാധീനിക്കാതിരിക്കാന്‍ വഴിയില്ല. ദാസ് മുന്‍ഷി, പ്രണബ് മുഖര്‍ജി ദാദാമാര്‍ ഗ്രൂപ്പ് കളിച്ച് ഇടതുഭരണം ഉറപ്പാക്കിയ ബംഗാളില്‍, ജനത ഒരു മോചനം ആഗ്രഹിച്ചിരുന്നു. അതാണ് മമത ഏറ്റെടുത്തത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരീംപൂരില്‍ നിന്ന് ജയിച്ചു. 2019ല്‍ കൃഷ്ണ നഗറില്‍ നിന്ന് മൊയ്ത്ര ലോക്‌സഭയിലെത്തുന്നത് 65,000ലേറെ ഭൂരിപക്ഷത്തിനാണ്.
മൊയ്ത്രയുടെ വാക്കുകള്‍ തൃണമൂലിനെയും കെണിയിലാക്കിയിട്ടുണ്ട്. എന്റെ കാളി മാംസാഹാരിയാണെന്നും ഓരോരുത്തര്‍ക്ക് അവരവരുടെ ദൈവത്തെ വിഭാവനം ചെയ്യാമെന്നുമുള്ള പരാമര്‍ശത്തെ പാര്‍ട്ടി തള്ളി തടിയൂരി. ഫാഷിസത്തിന്റെ ഏഴു ലക്ഷണങ്ങളായിരുന്നു മൊയ്ത്രയുടെ കന്നിപ്രസംഗത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ജുഡിഷ്യറിയെ വിശുദ്ധ പശുവായി കാണാനാവില്ലെന്ന് പറഞ്ഞ മൊയ്ത്ര മുന്‍ ചീഫ് ജസ്റ്റീസിനെ കുടഞ്ഞു. തനിക്കെതിരായ സ്ത്രീപീഡനക്കേസ് സ്വയം കേള്‍ക്കുകയും സ്വയം വിധിച്ച് കുറ്റവിമുക്തമാവുകയും ചെയ്ത ജഡ്ജി വൈകാതെ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാവുന്നതിനെ മൊയ്ത്ര വെറുതെ വിട്ടില്ല. ബില്‍ക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ കൂട്ടത്തോടെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവരിലൊരാള്‍ മൊഹുവയായിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അദാനിയുടെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നതെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അദാനിയെ മഹുവ തുറന്നുകാട്ടിയിരുന്നു. ഇ.ഡിക്കും ഫെബിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ അദാനിയെ ഭരണകൂടം തൊട്ടില്ല. കാരണം അദാനിയാണ് രാജ്യമെന്നും അദാനിക്കെതിരായ നീക്കം രാജ്യത്തിനെതിരായ നീക്കമാണെന്നും വിചാരിക്കുന്നവരാണ് ഭരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."