കേരളം നെഞ്ചേറ്റിയ അന്യ ദേശക്കാര്‍
കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് മുമ്പും മലയാളികളല്ലാത്തവരെ ലോക്സഭയിലേക്ക് ജയിപ്പിച്ചുവിട്ട ചരിത്രമുണ്ട് കേരളത്തിന്. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍മാരായി ന്യൂനപക്ഷ രാഷ്ട്രീയത്തെ നയിച്ച ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത് വാല എന്നിവരാണ് കേരളത്തില്‍ നിന്ന് ജയിച്ച് ലോക്സഭയിലെത്തിയത്.
കേരളത്തിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കാന്‍ മറ്റു പാര്‍ട്ടികള്‍ മടിച്ചപ്പോള്‍ മുസ് ലിം ലീഗാണ് പരീക്ഷണത്തിന് മുതിര്‍ന്നത്. പലതവണയായി മത്സരിച്ച ഇവരെല്ലാം റെക്കോഡ് ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പാര്‍ലമെന്റേറിയന്‍മാരായി അറിയപ്പെടുന്ന ഇവര്‍ മൂന്നുപേരും സഭയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കായി പോരാടി. മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെങ്കിലും കോണി ചിഹ്നത്തില്‍ ഇവര്‍ മത്സരിച്ചാല്‍ ജയം ഉറപ്പായിരുന്നു.
തമിഴ്നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മഞ്ചേരിയില്‍ നിന്നാണ് ആദ്യമായി ലോക്സഭയിലെത്തിയത്. 1961, 67, 71 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മഞ്ചേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മഞ്ചേരി എം.പിയായിരിക്കെ 1972 ഏപ്രില്‍ നാലിനാണ് അദ്ദേഹം അന്തരിച്ചത്.
അനുയായികള്‍ മെഹബൂബെ മില്ലത്ത് എന്ന് സ്നേഹപൂര്‍വം വിളിച്ച സുലൈമാന്‍ സേട്ട് ദീര്‍ഘകാലം മുസ് ലിം ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു.
മഞ്ചേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി 35 വര്‍ഷക്കാലം അദ്ദേഹം ലോക്സഭാംഗമായി. 1967ല്‍ കോഴിക്കോട്ടുനിന്നാണ് സേട്ട് ആദ്യമായി ലോക്സഭയിലേക്ക് ജയിച്ചത്. 71ലും വിജയം ആവര്‍ത്തിച്ചു. 1977, 80, 84, 89 തെരഞ്ഞെടുപ്പുകളില്‍ മഞ്ചേരിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പൊന്നാനിയില്‍ വിജയിച്ചു. കര്‍ണാടകയിലെ മൈസൂരില്‍ ജനിച്ച സേട്ടിന്റെ കുടുംബം പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ മാതാവ് തലശ്ശേരി സ്വദേശിയാണെന്നത് കേരളവുമായി കൂടുതല്‍ അടുപ്പത്തിന് കാരണമായി.
മട്ടാഞ്ചേരി സ്വദേശിയായ മറിയം ബായിയെ വിവാഹം ചെയ്തതോടെ ഇത് കൂടുതല്‍ ദൃഢമായി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ച ശേഷം അദ്ദേഹം മത്സരരംഗത്തുനിന്ന് വിട്ടുനിന്നു. 2005 ഏപ്രില്‍ 27ന് വിടപറയുന്നതുവരെ ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ടു.
പാര്‍ലമെന്റിനെ വിസ്മയിപ്പിച്ച ഉജ്ജ്വല വാഗ്മിയായ ജി.എം ബനാത്ത്വാല ഗുജറാത്തിലെ കച്ചില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ജനിച്ചത്. ഏറെക്കാലം മുസ് ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം സുലൈമാന്‍ സേട്ട് ലീഗ് വിട്ടതോടെ ദേശീയ അധ്യക്ഷനായി. മരണം വരെ ആ പദവിയില്‍ തുടര്‍ന്നു.
1977ല്‍ ആദ്യമായി പൊന്നാനിയില്‍ നിന്ന് ലോക്സഭയിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുതവണ പൊന്നാനിയെ പ്രതിനിധീകരിച്ചു. 1980, 1984,1989, 1996, 1998, 1999 തെരഞ്ഞടുപ്പുകളിലും വിജയിച്ചു. 77ല്‍ 1.17 ലക്ഷമായിരുന്നു ഭൂരിപക്ഷം. പിന്നീട് രണ്ടുതവണയൊഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടി. 2008 ജൂണ്‍ 25ന് മുംബൈയിലായിരുന്നു ബനാത്ത് വാലയുടെ വിയോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."