'ലൗ ജിഹാദ് ': സി.പി.എം പാര്‍ട്ടി രേഖ ഉപയോഗിച്ചുവെന്ന് ഷാഫി പറമ്പില്‍
കോഴിക്കോട്
കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ജോര്‍ജ് എം. തോമസ് നടത്തിയ 'ലൗ ജിഹാദ് ' പരാമര്‍ശം നാക്കുപിഴയല്ലെന്നും പ്രത്യയശാസ്ത്ര പിഴയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. വര്‍ഗീയ പ്രചാരണത്തിന് പാര്‍ട്ടി രേഖ ഉപയോഗിക്കുകയും ബ്രാഞ്ചുകളില്‍ ചര്‍ച്ചയാക്കുകയും തള്ളിപ്പറയാന്‍ തയാറാവാതിരിക്കുകയും ചെയ്യുന്ന സി.പി.എം, ജോര്‍ജിന്റെ പ്രസ്താവനയെ നാക്കുപിഴ മാത്രമാക്കി ചുരുക്കുന്നത് തന്ത്രമാണെന്ന് ഷാഫി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് സി.പി.എം നടത്തുന്നത്. ഒരു പ്രണയവിവാഹത്തെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുകയാണ്. ജോര്‍ജ് എം. തോമസ് പാര്‍ട്ടി രേഖ ഉദ്ധരിച്ചാണ് പ്രസ്താവന നടത്തിയത്. അതു പ്രത്യായശാസ്ത്ര പിഴവാണെന്ന് സി.പി.എം ആദ്യം അംഗീകരിക്കണം. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കോളജുകളിലെ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് ആദ്യം വ്യക്തമാക്കേണ്ടത് ആഭ്യന്തര വകുപ്പാണ്.
പാര്‍ട്ടിയെ അറിയിച്ച് കല്ല്യാണം കഴിച്ചാല്‍ വിശുദ്ധ പ്രണയവും അല്ലാത്തത് ലൗ ജിഹാദുമാകുന്ന പ്രത്യായ ശാസ്ത്രപരമായ വിശദീകരണം എന്താണെന്ന് സി.പി.എം ജനങ്ങളോട് വ്യക്തമാക്കണം. പ്രധാന നേതാക്കളെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ച് പിന്നീട് പുരോഗമന വാദികളെന്ന് പറഞ്ഞ് തള്ളിപ്പറയുകയും ചെയ്ത്, രണ്ട് ഭാഗത്തും ആളെ നിര്‍ത്തി തമ്മിലടിപ്പിക്കുന്ന ഏര്‍പ്പാട് സി.പി.എം അടിയന്തരമായി നിര്‍ത്തണം. വിഭാഗീയത പ്രവണതകൾ പ്രചരിപ്പിച്ച് നാടിന്റെ ഐക്യം തകര്‍ക്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് കാംപയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."