പുതിയ എൽ.ഡി.എഫ് കൺവീനർ തീരുമാനം നാളെ; ഇ.പി ജയരാജനും എ.കെ ബാലനും പരിഗണനയിൽ സി.പി.എം നേതൃയോഗങ്ങൾ നാളെയും മറ്റന്നാളും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
സി.പി.എം സംസ്ഥാന നേതൃ യോഗങ്ങൾ നാളെയും മറ്റന്നാളും നടക്കും. നാളെ സെക്രട്ടേറിയേറ്റും മറ്റന്നാൾ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുക. പാർട്ടി സെക്രട്ടേറ്റിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വിവിധ ചുമതലകൾ തീരുമാനിക്കുക, പി.ബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട വിജയരാഘവൻ ഡൽഹിയിലേക്ക് പ്രവർത്തന മേഖല മാറ്റുന്നതിനാൽ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ തീരുമാനിക്കുക എന്നിവയും നാളെ ഉണ്ടാകും. എൽ.ഡി.എഫ് കൺവീനർ, എ.കെ.ജി പഠന ഗവേഷണകേന്ദ്രം, ഇ.എം.എസ് അക്കാദമി എന്നിവയുടെ ചുമതലകളാണ് വിജയരാഘവൻ വഹിച്ചിരുന്നത്. നാളെ ചേരുന്ന സെക്രട്ടേറിയേറ്റ് യോഗം പുതിയ എൽ.ഡി.എഫ് കൺവീനറെ തീരുമാനിക്കും. ഇ.പി ജയരാജനും, എ.കെ ബാലനുമാണ് പരിഗണനയിൽ. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പൂത്തിലേത്ത് ദിനേശൻ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയുണ്ടാകുന്ന ഒഴിവിലേക്ക് ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയെ നിയമിച്ചേക്കും. ദിനേശനെ പാർട്ടി സെന്ററിന്റെയോ അല്ലെങ്കിൽ പാർട്ടി പ്രസിദ്ധീകരണങ്ങളുടെയോ ചുമതല നൽകും. കോടിയേരി ബാലകൃഷ്ണൻ ഒഴിയുന്ന ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനത്തേക്ക് എം.സ്വരാജിന്റെ പേരും പരിഗണനയിലുണ്ട്.ആനാവൂർ നാഗപ്പൻ സെക്രട്ടട്ടേറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വരുന്ന തിരുവനനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആര് എന്നുള്ള തീരുമാനവും നാളെ ഉണ്ടാകും. മാത്രമല്ല എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ, മറ്റ് വർഗ ബഹുജന സംഘടനകളുടെ പുതിയ ചുമതലക്കാരെയും നാളെ നിശ്ചയിക്കും. അതേ സമയം, എ.കെ.ജി പഠന ഗവേഷണകേന്ദ്രം, ഇ.എം.എസ് അക്കാദമിയുടെ ചുമതല പി.ബിയിൽ നിന്ന് ഒഴിഞ്ഞ എസ്.രാമചന്ദ്രൻ പിള്ളയ്ക്കും നൽകിയേക്കും.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ സ്ഥിക്ക് സിൽവർലൈനിലാണ് ഇനി പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്നത്. മറ്റന്നാൾ തലസ്ഥാനത്ത് രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. മുഖ്യമ്രന്തി യോഗം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."