വോട്ടെണ്ണല്‍ 114 കേന്ദ്രങ്ങളില്‍, 633 കൗണ്ടിങ് ഹാളുകള്‍
തിരുവനന്തപുരം: ഞായറാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.ഇതില്‍ 527 ഹാളുകള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.
ഇ.വി.എം-വി.വി.പാറ്റ് സൂക്ഷിക്കാന്‍ ഇത്തവണ പൊതു തെരഞ്ഞെടുപ്പിനായി 140ഉം ഉപ തെരഞ്ഞെടുപ്പിനായി ഏഴും സ്‌ട്രോങ് റൂമുകളാണുള്ളത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്‌ട്രോങ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്‌റ്റേറ്റ് ആംഡ് പൊലിസ് ബറ്റാലിയനും സംസ്ഥാന പൊലിസ് സേനയുമുണ്ട്. ദ്വിതല സുരക്ഷയും സ്‌ട്രോങ് റൂമുകള്‍ക്കുണ്ട്. റിസര്‍വ് ഉള്‍പ്പെടെ 50,496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും, 54,349 വി.വി പാറ്റ് മെഷീനുകളുമാണ് ഇത്തവണ പൊതു തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിന് 2,594 ബാലറ്റ് യൂണിറ്റുകളും, 2,578 കണ്‍ട്രോള്‍ യൂണിറ്റുകളും 2,851 വി.വി പാറ്റ് മെഷീനുകളാണ് റിസര്‍വ് ഉള്‍പ്പെടെ ഉപയോഗിച്ചത്.
വോട്ടെണ്ണല്‍ ഹാളുകളുടെ എണ്ണം കഴിഞ്ഞ തവണയുണ്ടായിരുന്ന 140 ല്‍നിന്ന് 633 ആയി ഉയര്‍ന്നിട്ടുണ്ട്.(78 ശതമാനം വര്‍ധന). ഒരു ഹാളില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 ടേബിളുകള്‍ ഉണ്ടായിരുന്നത്, ഇത്തവണ കൊവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം ഉറപ്പാക്കാന്‍ ഒരു ഹാളില്‍ ഏഴായി കുറച്ചു. കൊവിഡ് സാഹചര്യത്തില്‍ പോളിങ് ബൂത്തുകള്‍ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വര്‍ധനവുണ്ടായിരുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍. റിസര്‍വ് ഉള്‍പ്പെടെ 24,709 ജീവനക്കാരെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളത്. നിരീക്ഷകരുടെയും കൗണ്ടിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും സ്‌ട്രോങ് റൂമുകള്‍ തുറക്കുക. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടുമുതലും ഇ.വി.എമ്മുകള്‍ രാവിലെ 8.30 മുതലും എണ്ണിത്തുടങ്ങും.
5,84,238 തപാല്‍ ബാലറ്റുകളാണ് തെരഞ്ഞെടുപ്പിനായി ആകെ വിതരണം ചെയ്തിരുന്നത്. ഇതില്‍ 2,96,691 പേര്‍ 80 വയസ് കഴിഞ്ഞവരും 51,711 ഭിന്നശേഷിക്കാരും 601 കൊവിഡ് രോഗികളും 32,633 അവശ്യസര്‍വിസ് വോട്ടര്‍മാരും 2,02,602 പേര്‍ പോളിങ് ഉദ്യോഗസ്ഥരുമാണ്. ഇന്നലെ വരെ 4,54,237 തപാല്‍ ബാലറ്റുകള്‍ തിരികെ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."