വീടനുവദിച്ചതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറം നഗരസഭയില്‍ വാക്കേറ്റം
മലപ്പുറം: നഗരസഭയുടെ ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടു നടന്നതായ വാര്‍ത്തകള്‍ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. വാക്കേറ്റം അതിരു കടന്നു കയ്യേറ്റത്തോടടുത്തപ്പോള്‍ ആവശ്യം അംഗീകരിച്ചില്ലെന്നാരോപിച്ചു പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
നഗരസഭയുടെ ഭവന പദ്ധതികളില്‍ വ്യാപകമായ ക്രമക്കേടു നടക്കുന്നു എന്ന തരത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നു ചൂണ്ടിക്കാട്ടി യോഗം ആരംഭിച്ചയുടനെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ് എഴുന്നേറ്റു നല്‍ക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് വീട് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിക്കുന്ന പ്രതിപക്ഷം തങ്ങളുടെ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ സര്‍ക്കാര്‍ വീട് സമ്പാദിച്ചതു സംബന്ധിച്ച സമഗ്ര അന്വേഷണത്തിനു തയാറുണ്ടോ എന്നു ഭരണ കക്ഷി അംഗങ്ങള്‍ ചോദിച്ചു. പദ്ധതിയില്‍ പണം അനുവദിക്കുന്നതു ഫണ്ട് ലഭിക്കുന്ന മുറയ്ക്കാണെന്നും സി.പി.എം കൗണ്‍സിലര്‍മാരും ഇതിനോടു സഹകരിക്കുന്നുണ്ടെന്നും മജീദ് പറഞ്ഞു. സി.പി.എം പ്രാദേശിക നേതാവും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന മറ്റൊരു താല്‍ക്കാലിക ഉദ്യോഗസ്ഥനും ചട്ടം ലംഘിച്ച് വീടുണ്ടാക്കിയതായും പരി അബ്ദുല്‍ മജീദ് കുറ്റപ്പെടുത്തി. യു.ഡി.എഫ് ഭരിക്കുമ്പോള്‍ നടന്ന കാര്യങ്ങളാണു സ്ഥിരം സമിതി അധ്യക്ഷന്‍ പറയുന്നതെന്നും ആരു തെറ്റു ചെയ്താലും നടപടിയെടുക്കണമെന്നും സി.പി.എം കക്ഷി നേതാവ് ഒ. സഹദേവന്‍ പറഞ്ഞു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അംഗങ്ങള്‍ പ്രകോപനപരമായ വാക്കുകളുപയോഗിച്ചതോടെയാണു വാക്കേറ്റം കൈയാങ്കളിയായത്.
ഭവനപദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിശോധനക്കു വിധേയമാക്കണമെന്നു ലീഗ് കക്ഷിനേതാവ് ഹാരിസ് ആമിയന്‍ പറഞ്ഞു. 2014ല്‍ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റും വൈദ്യുതി കണക്ഷനും ലഭിച്ച വീടിന് 2016ല്‍ ഫണ്ട് ലഭിക്കാനായി ഹാജരാക്കിയ ചിത്രങ്ങള്‍ വ്യാജമാണെന്നും സി.പി.എമ്മിലെ കല്ലിടുമ്പില്‍ വിനോദ് ആരോപിച്ചു. ഇതു തെളിയിച്ചാല്‍ രാജിവെക്കുമെന്ന് പരി മജീദും തിരിച്ചടിച്ചു. കൗണ്‍സിലര്‍മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മുമ്പാകെ ചിത്രങ്ങള്‍ ഹാജരാക്കാന്‍ ധൈര്യമുണ്ടോയെന്നു പ്രതിപക്ഷം ചോദിച്ചപ്പോള്‍ ബന്ധപ്പെട്ട ജീവനക്കാരന്‍ അവധിയിലാണെന്നും തിരിച്ചെത്തുന്ന പക്ഷം കാണിക്കാമെന്നും ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല മറുപടി നല്‍കി. ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നാണു യോഗ അജണ്ടകള്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."