HOME
DETAILS

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിടവാങ്ങിയിട്ട് ഒരാണ്ട് ; മാഞ്ഞുപോയത് തണലും നിലാവും

  
backup
February 23 2023 | 06:02 AM

panakkad-hyder-ali-shihab-thangal


അഭിവന്ദ്യ പിതാവിന്റെ വിടവാങ്ങലിന് ഒരാണ്ടു തികയുകയാണിന്ന്. പിതാവില്ലാത്ത ഒരു വർഷം മകൻ എന്ന നിലയിൽ എനിക്കോ കുടുംബത്തിനോ മാത്രമല്ല സമൂഹത്തിനും സമുദായത്തിനും വലിയ വിടവാണ്. തിരക്കിൽനിന്ന് തിരക്കിലേക്കുള്ള നിലക്കാത്ത പ്രവാഹം പോലെയായിരുന്നു ആ ജീവിതയാത്ര. രോഗനിർണയത്തിനുശേഷമാണ് അദ്ദേഹത്തിന് വിശ്രമം ലഭിച്ചത്. അതായിരിക്കണം നാഥന്റെ തീരുമാനം. പാർട്ടിയുടെ അധ്യക്ഷൻ, സമുദായ നേതാവ് എന്ന നിലകളിൽ ആൾക്കൂട്ടങ്ങൾക്കിടയിലും ആവലാതിക്കാർക്ക് നടുവിലുമായി സദാ തിരക്കിലായിരുന്നു പിതാവ്. അദ്ദേഹത്തെ മക്കളായ ഞങ്ങൾക്ക് പൂർണമായിട്ട് ലഭിച്ചത് അസുഖബാധിതനായി വിശ്രമിക്കുന്ന വേളയിലായിരുന്നു.


മകൻ എന്ന നിലക്ക് ബാപ്പയുടെ പരിചരണവും പൂർണസമയ സഹവാസവും ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യവും ആഴമുള്ള അനുഭവവുമായിരുന്നു. ബാപ്പയുടെ അനുഭവങ്ങൾ, ബാല്യ- കൗമാരങ്ങളിലെ നൊമ്പരങ്ങൾ, പൂർവികരുടെ പ്രചോദിത ജീവചരിത്രങ്ങൾ, ഏതു പ്രതിസന്ധിഘട്ടത്തിലും എങ്ങനെ ജീവിക്കണമെന്നും സത്യം ഉയർത്തിപ്പിടിക്കുമ്പോൾ അസ്വസ്ഥകൾ സ്വാഭാവികമാണെന്നും ആ സമയത്ത് പ്രവാചക ജീവിതാനുഭവങ്ങളിലേക്ക് ചിന്തകളെ കൂടുതൽ തിരിക്കണമെന്നും അപ്പോൾ പ്രതിസന്ധികളൊന്നും നമ്മെ ബാധിക്കില്ലെന്നും തന്റെ ജീവിതാനുഭവം അതാണെന്നും ബോധ്യപ്പെടുത്തി ഊർജം നൽകിയത് ആ ദിനരാത്രങ്ങളായിരുന്നു.


കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ എത്തിയ ദിവസം, ജീവിതത്തിൽ മറക്കാൻ കഴിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിൻ്റെ ഇടപെടൽകൊണ്ട് ഞാനും സുഹൃത്ത് ഹമീദ് പാറമ്മലും ബാപ്പയുമായി ആശുപത്രിയിൽ എത്തുമ്പോഴേക്കും അവിടെ എല്ലാം സജ്ജമായിരുന്നു. ഹൃദയസ്പർശിയായ പെരുമാറ്റമായിരുന്നു മാനേജ്‌മെന്റിൽനിന്നും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരിൽനിന്നും ലഭിച്ചത്. കാഷ്വലിറ്റിയിൽ കിടക്കുമ്പോൾ പിതാവ് ഞങ്ങളോട് സന്തോഷങ്ങൾ പങ്കുവച്ചു. മൂന്നു മണിക്കൂറോളം ഐസിയുവിൽ കൂടെയിരുന്നു. ശേഷം റൂമിലേക്ക് മാറ്റി. റൂമിലെത്തിയ ഉടനെ ആദ്യത്തെ സന്ദർശകനായി വന്നത് ഇബ്രാഹിം കുഞ്ഞ് സാഹിബായിരുന്നു.


അങ്കമാലിയിലെ ചികിത്സയിൽ ബാപ്പയും ഞങ്ങളും സംതൃപ്തരായി മുന്നോട്ടു പോകുമ്പോൾ പതിമൂന്നാം ദിവസം രാവിലെ ചെറിയ പ്രശ്‌നങ്ങൾ കണ്ടതിനെത്തുടർന്ന് ഐസിയുവിലേക്ക് മാറ്റാമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അന്ന് രാവിലെ അൽപം അവശനായിരുന്നെങ്കിലും ഉച്ചയോടെ എന്നോടും ജ്യേഷ്ഠനോടും സഹോദരിമാരോടും സംസാരിച്ചു. വൈകിട്ടോടെ അൽപം അവശനായി. എങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അന്ന് രാത്രി കുടുംബാംഗങ്ങൾ എല്ലാവരും എത്തി. എളാപ്പ സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, റഷീദലിയും ഹമീദലിയും ബഷീറലിയും മുനവ്വറലിയും. അങ്ങനെ ജ്യേഷ്ഠന്മാരും എളാപ്പമാരും എല്ലാവരും വന്നു ബാപ്പയെ കണ്ടു. ആവശ്യമായ നിർദേശങ്ങൾ നൽകി രാത്രി തിരിച്ചുപോയി.ആ രാത്രി ജ്യേഷ്ഠൻ നഈമായിരുന്നു കൂട്ടിരുന്നത്. സുബ്ഹി നിസ്‌കാരാനന്തരം ഞാനും ഹമീദും വന്നു. സുബ്ഹി സമയം മനസ്സിൽ ഓർമിപ്പിച്ചുകൊണ്ട് ഞാൻ ബാപ്പയുടെ കൈപിടിച്ച്, ബാപ്പക്ക് സന്തോഷമുള്ള ചില കാര്യങ്ങൾ സംസാരിച്ചു; ചെറുപുഞ്ചിരിയോടെ എന്നെ നോക്കി കേട്ടുകൊണ്ടിരുന്നു. ആരോഗ്യസ്ഥിതിയിൽ തലേ ദിവസത്തേതിലും മാറ്റം തോന്നി. 10 മണിയായപ്പോൾ മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. ഡോക്ടർമാരുടെ തൃപ്തികരമായ സന്ദേശം ബാപ്പയെ അറിയിച്ചു. പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി. ബാപ്പയുടെ നെറ്റിയിൽ ഉമ്മവച്ച് കൈകൾ പരസ്പരം ചേർത്തുപിടിച്ചു. ആ പിടുത്തത്തിലും നോട്ടത്തിലും ഒരു ആയുസ്സുകാലത്തേക്കുള്ള അനുഗ്രഹങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നു. പതിനൊന്ന് മണിക്ക് ഐസിയുവിലെ സിസ്റ്റർ വിളിച്ചപ്പോൾ സംസവുമായി ബാപ്പയുടെ അടുത്ത് ഹമീദ് പാറമ്മൽ ചെന്നു. വലിയ ആശ്വാസവും പ്രതീക്ഷയും തോന്നിയ സന്ദർഭമായിരുന്നു അത്. അദ്ദേഹത്തോട് ബാപ്പ സംസാരിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ എല്ലാവരും പുറത്തുണ്ട്. ഇങ്ങോട്ട് കയറാനുള്ള നിയന്ത്രണമുള്ളതുകൊണ്ടാണ് പുറത്തുനിൽക്കുന്നതെന്ന് പറഞ്ഞപ്പോൾ പുഞ്ചിരിയോടെ ബാപ്പ അദ്ദേഹത്തിന്റെ കൈയിൽ മുറുകെപ്പിടിച്ചു. അവശതയോടെ സംസാരിച്ചു. ബാപ്പയുടെ അവസാന സംസാരമായിരുന്നു അത്.


12 മണിക്കുശേഷം പ്ലാസ്മയുടെ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ എറണാകുളം ലീഗ് സെക്രട്ടറി ഹംസയോട് പ്ലാസ്മ ഒരുക്കുന്നതിനുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഹോസ്പിറ്റൽ പി.ആർ.ഒ ബാബു വേഗം എത്താൻ ആവശ്യപ്പെട്ടു. ഐസിയുവിൽ എത്തിയപ്പോൾ പ്രതീക്ഷ കൈവിട്ട ലക്ഷണങ്ങളായിരുന്നു. ബാപ്പയുടെ തലമുടിയിലൂടെ വിരൽ ഓടിച്ചുകൊണ്ട് ചെവിയിൽ തൗഹീദിന്റെ മന്ത്രം ഉരുവിട്ടു. എല്ലാം ഉറപ്പിച്ച അദ്ദേഹം പുഞ്ചിരിയോടെ നാഥനിലേക്ക് യാത്രയായി.


കുളിരേകുന്ന തണലിൽനിന്ന് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടക്കുന്ന അവസ്ഥ, തണൽ മാഞ്ഞുപോയിരിക്കുന്നു. എന്റെ കണ്ഠമിടറി. കണ്ണുകളെ നിയന്ത്രിക്കാനായില്ല. എന്റെ സ്വർഗ്ഗത്തിന്റെ വാതിൽ ഈ ഭൂമിയിൽനിന്ന് മാറ്റപ്പെട്ട നിമിഷം. ഓർക്കുമ്പോൾ അറിയാതെ ഉള്ളിൽ ഗദ്ഗദമുയരുന്നു. ഇനി ആ സ്‌നേഹത്തണലിൽ ജീവിക്കാനാവില്ലല്ലോ എന്ന ചിന്ത വല്ലാത്ത ശൂന്യത സൃഷ്ടിക്കുന്നു. സ്‌നേഹിക്കാൻ മാത്രം ശീലിച്ച, വെറുക്കാൻ വയ്യാത്ത, വഴക്കിടാൻ അറിയാത്ത ആ വലിയ മനുഷ്യന്റെ മകനാവാൻ കഴിഞ്ഞതാണ് ജന്മ സുകൃതമെന്ന സന്തോഷം ബാക്കിനിൽക്കുന്നു.


ഇന്നലെ കഴിഞ്ഞപോലെ ആ ദിവസം മറക്കാൻ കഴിയില്ല. നഈമും ഹമീദും ആ സമയത്ത് ആശ്വാസമായി ഐസിയുവിൽ കൂടെയുണ്ടായിരുന്നു. 12:25ന് ആണ് ആ വേർപാട് സംഭവിച്ചത്. ഐസിയുവിന് പുറത്ത് എല്ലാത്തിനും മൂകസാക്ഷിയായി ഉമ്മയും ബാപ്പയെ സഹായിച്ചിരുന്ന അവറാനും നിൽപ്പുണ്ടായിരുന്നു. ഹോസ്പിറ്റലിൽ ഇബ്രാഹിം കുഞ്ഞും മകൻ ഗഫൂറും നാലകത്ത് സൂപ്പിയും മറ്റു കാര്യങ്ങൾക്ക് നേതൃത്വം നൽകി.
ബാപ്പയുടെ വിയോഗം പുറത്തറിഞ്ഞതോടെ ഹോസ്പിറ്റൽ പരിസരം അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ഒഴുക്കായി. ഇന്നും ഓരോ സാധാരണക്കാരനും എന്റെ കൈയിൽ പിടിച്ചു ബാപ്പയുടെ വിയോഗത്തെക്കുറിച്ചും വിടവിനെക്കുറിച്ചും സംസാരിക്കുമ്പോൾ അറിയാതെ ഹൃദയത്തിൽ വിങ്ങലാണ് അനുഭവപ്പെടാറുള്ളത്. അത്രമാത്രം പിതാവിനെ ഹൃദയത്തിലേറ്റിയവരാണ് സർവരും. അങ്ങനെയുള്ളവരുടെ സ്‌നേഹവും പ്രാർഥനയും ആണ് ഞങ്ങളുടെ ബലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago