മത്സരത്തില്‍ തോറ്റതിന് കളിയാക്കി ചിരിച്ചു; ഏഴ്പേരെ വെടിവെച്ച് കൊന്ന് പ്രതികാരം തീര്‍ത്ത് യുവാക്കള്‍
പൂള് മത്സരത്തില്‍ തോറ്റതിന് പ്രതികാരമായി ഏഴ്പേരെ വെടിവെച്ച് കൊന്ന് യുവാക്കള്‍. തുടര്‍ച്ചയായി രണ്ടുതവണ തോറ്റതിന്റെ അരിശമാണ് യുവാക്കള്‍ കൊന്ന് തീര്‍ത്തത്. ബ്രസീലിയന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പന്ത്രണ്ട് വയസുള്ള കുട്ടി ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. എഡ്ഗര്‍ റിക്കാര്‍ഡോ ഡി ഒലിവേരിയ, എസെക്യാസ് സൂസ റിബേരിയോ എന്നിവരാണ് അക്രമം നടത്തിയത്.
ഒലിവേര ആദ്യം ഒരു പൂള് ഗെയിമും 4,000 റിയാസും തോറ്റു. പിന്നീട് എസെക്യാസിനൊപ്പം ചേര്‍ന്ന് ജയിച്ചയാള്‍ക്കെതിരെ വീണ്ടും മത്സരിച്ചു. ഇതിലും പരാജയപ്പെട്ടതോടെ കൂടിനിന്നവര്‍ പരിഹസിച്ച് ചിരിക്കുകയായിരുന്നു. ഉടനെ പിക്കപ്പ് ട്രക്കില്‍ നിന്ന് ഷോട്ട്ഗണ്‍ എടുത്ത് ചിരിച്ചവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം എസെക്യാസ് പിസ്റ്റള്‍ ഉപയോഗിച്ച് ഇവരെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയായിരുന്നു.
പൂള് ഉടമയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ലാറിസ ഫ്രാസോ ഡി അല്‍മേഡ, ഒറിസ്ബെര്‍ട്ടോ പെരേര സൗസ, അഡ്രിയാനോ ബാല്‍ബിനോട്ട്, ഗെറ്റുലിയോ റോഡ്രിഗസ് ഫ്രാസാവോ ജൂനിയര്‍, ജോസ്യു റാമോസ് ടെനോറിയോ, പൂള് ഹാള്‍ ഉടമ മസീല്‍ ബ്രൂണോ ഡി ആന്‍ഡ്രേഡ് കോസ്റ്റ, എലിസ്യൂ സാന്റോസ് ഡ സില്‍വ എന്നിവരാണ് മരിച്ചത്. ആറ് പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൂള് ഹാളില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."