കണ്ണൂരില്‍ കടുത്ത പോരാട്ടം മൂന്നിടത്ത്
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ ഇടതു മേല്‍ക്കൈ നിലനിര്‍ത്താനാകുമോ? അതോ വിള്ളലുണ്ടാക്കാന്‍ യു.ഡി.എഫിനു കഴിയുമോ. 11 മണ്ഡലങ്ങൡ നിലവില്‍ എട്ടെണ്ണം ഇടതിന്റെ കൈയിലാണ്. മൂന്നു മണ്ഡലം യു.ഡി.എഫിനൊപ്പവും.
അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇക്കുറി ശക്തമായ പോരാട്ടം. സി.പി.എമ്മിന് ആധിപത്യമുള്ള പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ധര്‍മടം, തലശേരി മണ്ഡലങ്ങളില്‍ മറിച്ചൊരു ഫലം യു.ഡി.എഫും പ്രതീക്ഷിക്കുന്നില്ല. എന്‍.ഡി.എ സ്ഥാനാര്‍ഥിയില്ലാത്ത തലശേരിയില്‍ ഭൂരിപക്ഷം കുറയുമെന്നല്ലാതെ അട്ടിമറിയുണ്ടാകില്ലെന്നാണ് ഇടതുക്യാംപ് വിലയിരുത്തല്‍. കോണ്‍ഗ്രസ് കോട്ടകളായ ഇരിക്കൂറിലും പേരാവൂരിലും ഭീഷണിയൊന്നുമില്ലെന്നാണു യു.ഡി.എഫിന്റെ ആത്മവിശ്വാസം.
യു.ഡി.എഫിന്റെ കൈയിലുള്ള അഴീക്കോട്ട് ഇക്കുറി സിറ്റിങ് എം.എല്‍.എ മുസ്‌ലിംലീഗിലെ കെ.എം ഷാജിയും മുന്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍ സി.പി.എമ്മിലെ കെ.വി സുമേഷും തമ്മിലായിരുന്നു പോരാട്ടം. 2011ലും 2016ലും നേരിയ വോട്ടിനായിരുന്നു ഷാജിയുടെ ജയം. ഇക്കുറി മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണു സൗമ്യനായ സുമേഷിനെ എല്‍.ഡി.എഫ് രംഗത്തിറക്കിയത്. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലേ വിജയമുണ്ടാകൂവെന്നാണ് ഇരുമുന്നണികളും പറയുന്നത്.
മന്ത്രി കെ.കെ ശൈലജ മട്ടന്നൂരിലേക്കു മാറിയ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ കൂത്തുപറമ്പിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മുന്‍മന്ത്രി എല്‍.ജെ.ഡിയിലെ കെ.പി മോഹനും മുസ്‌ലിംലീഗിലെ പൊട്ടങ്കണ്ടി അബ്ദുല്ലയും തമ്മിലായിരുന്നു ഇവിടത്തെ അങ്കം. ജനകീയ മുഖമുള്ള പൊട്ടങ്കണ്ടി അബ്ദുല്ല യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എത്തിയതോടെയാണു മത്സരം കടുത്തത്.
കണക്കുകൡ മുന്നണികള്‍ വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര ശുഭകരമല്ല കാര്യങ്ങളെന്നു നേതാക്കള്‍ പറയുന്നു. സീറ്റ് നിഷേധിക്കപ്പെട്ട സി.പി.എം നേതാവ് പി. ജയരാജനു ഏറെ വ്യക്തിബന്ധങ്ങളുള്ള മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ അണികളുടെ നിലപാടും നിര്‍ണായകമാകും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കെതിരേ സതീശന്‍ പാച്ചേനിയെ യു.ഡി.എഫ് വീണ്ടും ഇറക്കിയതോടെയാണു കണ്ണൂരില്‍ ഫലം പ്രവചനാതീതമായത്. 2016ല്‍ കടന്നപ്പള്ളി സതീശനെ നേരിയ വോട്ടിനാണു തോല്‍പിച്ചത്. അന്ന് എ ഗ്രൂപ്പ് വിട്ട് കെ. സുധാകരനൊപ്പം എത്തിയ സതീശനു മണ്ഡലത്തില്‍ കാര്യമായ വ്യക്തിബന്ധങ്ങളും ഉണ്ടായിരുന്നില്ല. നാലരവര്‍ഷം ഡി.സി.സി അധ്യക്ഷ പദവിയിലിരുന്ന് സതീശന്‍ മത്സരത്തിനിറങ്ങിയതോടെയാണു തീപാറും പോരിനു കണ്ണൂര്‍ സാക്ഷിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."