ശ്രീലങ്കയ്ക്കെന്തു സംഭവിച്ചു?
ഡോ. എൻ.പി അബ്ദുൽ അസീസ്
ശ്രീലങ്ക സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരു കാരണംകൊണ്ടോ പെട്ടെന്നോ സംഭവിച്ചതല്ല, വർഷങ്ങളായി കുമിഞ്ഞുകൂടിയ വായ്പകൾ, റെക്കോർഡിലെത്തിയ പണപ്പെരുപ്പം, വിദേശ നാണയത്തിന്റെ അഭാവം, പകർച്ചവ്യാധികൾ, കാർഷിക മേഖലയിലെ മാറ്റങ്ങൾ, നിർണായക മേഖലകളിലെ തകർച്ചകൾ തുടങ്ങി അസംഖ്യം ഘടകങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ നയിച്ചിട്ടുള്ളത്. തൽഫലമായി അവർ വിദേശകടങ്ങൾ തിരിച്ചടക്കുന്നതിൽ വീഴ്ചവരുത്തി. ഭക്ഷണം, ഇന്ധനം, മരുന്നുകൾ തുടങ്ങി അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കാവശ്യമായ വിദേശനാണയങ്ങളുടെ കടുത്ത ദൗർലഭ്യമാണ് ഇന്ന് നേരിടുന്നത്. പണപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിരക്കായ 17.5 ശതമാനത്തിലെത്തി. ഭക്ഷ്യവില കുതിച്ചുയരുന്നു. രാജ്യത്തിൻ്റെ ഖജനാവ് ശൂന്യമായി. ശ്രീലങ്കയുടെ ഈ സാമ്പത്തിക പ്രതിസന്ധി ഒരു മാനുഷിക പ്രതിസന്ധിയായി മാറി. ആ സാഹചര്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും വഴിയൊരുക്കി.
ശ്രീലങ്കയുടെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ചുമത്തിയ വ്യവസ്ഥകളുമായുള്ള ദീർഘകാല ബന്ധത്തിൽനിന്ന് രൂപപ്പെട്ടതാണ്. 1948ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, തേയില, കാപ്പി, റബർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കയറ്റുമതിയിലധിഷ്ഠിത കൃഷികളിലായിരുന്നു അവർ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഈ വിളകൾ കയറ്റുമതി ചെയ്യുന്നതിലൂടെ ലഭിച്ചിരുന്ന വിദേശ നാണയങ്ങളുപയോഗിച്ചായിരുന്നു അവശ്യഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്നത്. കാലക്രമേണ, രാജ്യം വസ്ത്ര കയറ്റുമതിയിൽനിന്നും വിനോദസഞ്ചാരത്തിൽനിന്നും പ്രവാസികളിൽനിന്നുമായി വിദേശനാണ്യം സമ്പാദിച്ച് തുടങ്ങി. അതുകൊണ്ടുതന്നെ ഈ മേഖലകളിലെ ഏതൊരു ഇടിവും സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയും വിദേശനാണ്യ കരുതൽ ശേഖരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇക്കാരണത്താൽ, ശ്രീലങ്ക പലപ്പോഴും അവരുടെ അടവുശിഷ്ടത്തിൽ (ബാലൻസ് ഓഫ് പേയ്‌മെന്റ്) പലപ്പോഴായി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്.
1965-2000 കാലയളവിൽ രാജ്യം ഐ.എം.എഫിൽ നിന്ന് 16 തവണകളായി വായ്പകൾ എടുത്തിട്ടുണ്ട്. ഈ വായ്പകൾ ഓരോന്നും രാജ്യത്തിൻ്റെ കമ്മിബജറ്റ് നികത്തുക, കർശനമായ പണനയം നിലനിർത്തുക, ഭക്ഷണത്തിനുള്ള സർക്കാർ സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുക, കറൻസിയുടെ മൂല്യത്തകർച്ച പരിഹരിക്കുക എന്നിങ്ങനെയുള്ള വ്യവസ്ഥകളോടെയാണ് നൽകിയിരുന്നത്. എന്നാൽ സാധാരണ സാമ്പത്തിക മാന്ദ്യഘട്ടങ്ങളിൽ, സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനത്തിനായി കൂടുതൽ പണം ചെലവഴിക്കണമെന്ന ധനനയത്തിലൂടെയാണ് രാജ്യം മുന്നോട്ടുപോയത്. ഇത് ഐ.എം.എഫ് വ്യവസ്ഥകളോട് യോജിക്കുന്നതായിരുന്നില്ല. എന്നിട്ടുപോലും, ഐ.എം.എഫ് വായ്പകൾ നൽകികൊണ്ടേയിരുന്നു. പ്രതിസന്ധിയിലായ രാജ്യത്തെ ഇത് കൂടുതൽ കടക്കെണിയിലേക്ക് നയിക്കുകയാണുണ്ടായത്.
2016ലാണ് ശ്രീലങ്കയ്ക്ക് ഐ.എം.എഫ് അവസാനമായി 1.5 ബില്യൻ യു.എസ് ഡോളർ വായ്പ നൽകിയത്. അതു മൂന്നു വർഷത്തേക്കായിരുന്നു. എന്നാൽ ഈ കാലയളവിൽ രണ്ട് കാരണങ്ങളാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും നിക്ഷേപവും വരുമാനവും ഇടിഞ്ഞു. കടഭാരം വീണ്ടും ഉയർന്നു. ഒന്നാമതായി, കൊളംബോയിലെ പള്ളികളിലും ആഡംബര ഹോട്ടലുകളിലും 2019 ഏപ്രിലിൽ നടന്ന സ്‌ഫോടനപരമ്പര വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറയുകയും വിദേശനാണ്യ ശേഖരം ഇടിയുകയും ചെയ്തു. രണ്ടാമതായി, പ്രസിഡന്റ് രാജപക്‌സെയുടെ കീഴിലുള്ള പുതിയ സർക്കാരിന്റെ ഉയർന്ന ചെലവുകളും യുക്തിരഹിതമായി വെട്ടിക്കുറച്ച നികുതികളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.
ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന് 2019ൽ പുതുതായി നിലവിൽവന്ന സർക്കാർ നികുതികൾ കുറയ്ക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് മൂല്യവർധിത നികുതി നിരക്കുകൾ 15ൽ നിന്ന് 8 ശതമാനമായും കോർപറേറ്റ് നികുതികൾ 28ൽ നിന്ന് 24 ശതമാനമായും കുറച്ചു. മറ്റു പരോക്ഷ നികുതികളായ രാഷ്ട്ര നിർമാണ നികുതി, സാമ്പത്തിക സേവന നിരക്കുകൾ എന്നിവ നിർത്തലാക്കി. ഈ നികുതിയിളവുകൾ കാരണം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം രണ്ടുശതമാനമാണ് വരുമാനത്തിൽ കുറവുവരുത്തിയത്. 2020ൽ അഞ്ചുശതമാനമായിരുന്ന ബജറ്റ്കമ്മി 2022 ആയപ്പോഴേക്കും പതിനഞ്ചു ശതമാനമായി ഉയർന്നു.
2020 മാർച്ചോടെ മഹാമാരി രാജ്യത്തെ സാരമായി ബാധിച്ചു. ജി.ഡി.പിയുടെ പത്തുശതമാനത്തിലധികം സംഭാവന ചെയ്യുന്ന വിനോദസഞ്ചാര മേഖലയെയാണിത് തകർത്തത്. ഈ മേഖലയിൽ നിന്നുള്ള വിദേശ വരുമാന നഷ്ടം ഗണ്യമായി ഉയർന്നു. 2019ലെ 7.5 ബില്യൻ ഡോളറിൽ നിന്ന് വിദേശനാണയ കരുതൽ ശേഖരം 2021 ജൂലൈയിൽ ഏകദേശം 2.8 ബില്യൻ ഡോളറായി കുറഞ്ഞു. പകർച്ചവ്യാധിയുടെ തുടക്കം മുതൽ ട്രാവൽ, ടൂറിസം മേഖലകളിൽ രണ്ടുലക്ഷത്തിലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത് (വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കനുസരിച്ച്). നീണ്ടുനിൽക്കുന്ന കൊവിഡ് പകർച്ചവ്യാധി ശ്രീലങ്കയുടെ സാമ്പത്തിക മാന്ദ്യത്തിന് കൂടുതൽ രൂക്ഷമാക്കി.
ജൈവകൃഷിയുടെ നടപ്പാക്കലിൽ വന്ന പിഴവിന് ഒരു മികച്ച ഉദാഹരണമായി ശ്രീലങ്ക. 2021 ഏപ്രിലിലാണ് സർക്കാർ കൃഷിയെ ജൈവികമാക്കാനും വിദേശനാണ്യശേഖരം ചോർന്നുപോകാതിരിക്കാനും വേണ്ടി എല്ലാ രാസവളങ്ങളും നിരോധിക്കാനുള്ള തീരുമാനമെടുത്തത്. ശ്രീലങ്കയെ 100 ശതമാനം ജൈവകൃഷിരാഷ്ട്രമായി പ്രഖ്യാപിച്ചു. എന്നാൽ ഇത് രാജ്യത്തിന്റെ കാർഷിക ഉൽപാദനത്തെ സാരമായി ബാധിച്ചു. 2021 നവംബറിൽ പിൻവലിച്ച ഈ നയം കാർഷിക ഉൽപ്പാദനത്തിൽ (പ്രത്യേകിച്ച് അരിയും പഞ്ചസാരയും) വലിയ ഇടിവുണ്ടാക്കുകയും കൂടുതൽ ഇറക്കുമതി ആവശ്യമായി വരികയും ചെയ്തു. അരിയുൽപാദനത്തിൽ സ്വയംപര്യാപ്തത നേടിയിരുന്ന ശ്രീലങ്ക ആറുമാസത്തിനുള്ളിൽ അരി ഇറക്കുമതി ചെയ്യേണ്ടിവന്ന രാജ്യമായി മാറി. രാസവള നിരോധനമൂലം തേയിലയുടെയും റബറിന്റെയും ഉൽപാദനക്ഷമതയിലുണ്ടായ ഇടിവ് കയറ്റുമതി വരുമാനം കുറയാൻ കാരണമായി. ഇത് 425 മില്യൻ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്കാക്കപ്പെടുന്നത്. കയറ്റുമതി വരുമാനം കുറഞ്ഞതിനാൽ വിദേശകറൻസിയുടെ കടുത്ത ക്ഷാമം അനുഭവപ്പെടുകയും ഇന്ധനം ഉൾപ്പെടെയുള്ള ഭക്ഷ്യ ഇറക്കുമതിക്ക് പണം നൽകാൻ കഴിയാതെ വരികയും ചെയ്തു. ശ്രീലങ്കൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഭക്ഷ്യക്ഷാമം ഉടലെടുക്കുകയും സാധനങ്ങളുടെ വില കുത്തനെ ഉയരുകയും ചെയ്തു. 2022 ഫെബ്രുവരിയിൽ പണപ്പെരുപ്പം 17.5 ശതമാനമായാണ് ഉയർന്നത്.
അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ശ്രീലങ്ക ചൈനയിൽനിന്നും ജപ്പാനിൽനിന്നും വൻതോതിൽ വിദേശകടമെടുത്തതാണ് പ്രതിസന്ധിക്കുണ്ടായ മറ്റൊരു കാരണമായി കണക്കാക്കുന്നത്. ജപ്പാനിൽ നിന്നാണ് എറ്റവും കൂടുതൽ ശ്രീലങ്ക കടമെടുത്തിട്ടുള്ളത്. 2020ൽ ശ്രീലങ്കയുടെ മൊത്തം വിദേശകടത്തിന്റെ ഏകദേശം 11 ശതമാനമാണിത്. ചൈനയിൽ നിന്നുള്ള വായ്പകൾ 10 ശതമാനവും. ശ്രീലങ്കയ്ക്കുള്ള അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട ചൈനയുടെ വായ്പകളുടെ കുടിശ്ശികയാണ് (പ്രത്യേകിച്ച് ഹാമ്പൻടോട്ട തുറമുഖത്തിന്റെ ധനസഹായം) പ്രതിസന്ധിയിലേക്ക് നയിച്ച ഒരു പ്രധാന ഘടകം. ചൈനയിലെ എക്‌സിം ബാങ്കാണ് ഹാമ്പൻടോട്ട തുറമുഖത്തിന്റെ നിർമാണത്തിന് പണം നൽകിയത്. കടം തിരിച്ചടക്കുന്നതിൽ ഇളവുകൾ നൽകാൻ ചൈന വിസമ്മതിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. തുറമുഖം നഷ്ടത്തിലായതോടെ ശ്രീലങ്ക ചൈനീസ് മർച്ചന്റ് ഗ്രൂപ്പിന് 99 വർഷത്തേക്ക് പാട്ടത്തിന് നൽകി. കടം വാങ്ങുന്നയാൾ പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ പിന്നീട് കടക്കാരന്റെ കാരുണ്യത്തിലായിരിക്കുമല്ലോ. അമേരിക്ക ഈ പ്രതിഭാസത്തെ 'കടക്കെണി നയതന്ത്രം' (ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി) എന്നാണ് വിശേഷിപ്പിച്ചത്. തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള പദ്ധതികൾക്ക് വായ്പകൾ വാഗ്ദാനം ചെയ്തുകൊണ്ട് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഇളവുകൾ സ്വീകരിക്കാൻ രാജ്യങ്ങളെ നിർബന്ധിതരാക്കുന്ന പ്രവണതയാണിത്. ലാഭകരമല്ലാത്ത മെഗാ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ധനസഹായമായി ചൈനയിൽ നിന്ന് വീണ്ടുവിചാരമില്ലാതെ കടമെടുത്തതിന്റെ ഫലമാണ് ശ്രീലങ്ക ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റുരാജ്യങ്ങളും നമ്മുടെ സംസ്ഥാനമായ കേരളവും ശ്രീലങ്കൻ പ്രതിസന്ധിയിൽനിന്ന് പാഠമുൾക്കൊള്ളേണ്ടതുണ്ട്.
നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ ശ്രീലങ്ക വീണ്ടും ഐ.എം.എഫിനെയും വേൾഡ് ബാങ്കിനെയും സമീപിച്ചിരിക്കുകയാണ്. എന്നാൽ ശ്രീലങ്ക സ്വന്തം പരാധീനതകളുടെ ഘടനാപരമായ ഉറവിടങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. ഉയർന്നതലത്തിലുള്ള കടവും കടബാധ്യതകളും പരിഹരിക്കുന്നതിനായി സാധ്യമായ ഓപ്ഷനുകൾ കണ്ടെത്തണം.സർക്കാർ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി അതിന്റെ കടബാധ്യതയെക്കുറിച്ച് സംസാരിച്ച് തിരിച്ചടവിലും പലിശനിരക്കിലും മറ്റുമായി ഇളവുകളും അടിയന്തര ആശ്വാസങ്ങളും ആവശ്യപ്പെടണം. ഇറക്കുമതി താൽക്കാലികമായെങ്കിലും നിയന്ത്രിക്കുന്നതിന് സർക്കാർ മതിയായ നയങ്ങൾ രൂപീകരിക്കണം. ശക്തമായ സാമ്പത്തിക നയങ്ങളിലൂടെ ചെലവ് ചുരുക്കി കൂടുതൽ വരുമാനം നേടുന്നതിന് ഊന്നൽ നൽകി ധനക്കമ്മി കുറച്ചുകൊണ്ടു വരണം. ചില പ്രദേശങ്ങളെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കണം. മതം, സാഹസികം, കായികം, വിനോദം വിഷയമായ ഉത്തരാധുനിക ടൂറിസം മേഖലകൾ സൃഷ്ടിക്കാനുള്ള സാധ്യതകൾ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ധാരാളമാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തെ സാമ്പത്തികമായി സഹായിക്കാൻ ശ്രീലങ്ക മറ്റുരാജ്യങ്ങളോട് പ്രത്യേകിച്ചും അയൽരാജ്യങ്ങളോട് നയതന്ത്രസാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ശ്രമിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."