ശ്മശാനത്തിലിരുന്ന് വീണ വായിക്കുന്നവര്‍...
കൊവിഡ് ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം സൈക്കിളില്‍ താങ്ങി വേച്ചുവേച്ചു നീങ്ങുകയും ഒടുവില്‍ തളര്‍ന്നുവീഴുകയും ചെയ്ത ഉത്തര്‍പ്രദേശിലെ ആ വയോധികന്റെ ചിത്രം എങ്ങനെയാണ് മനസില്‍നിന്നു മായ്ച്ചുകളയാനാകുക?. പ്രാണവായു കിട്ടാതെ പിടയുന്ന സ്വന്തം മാതാവിന്റെ മുഖത്തുനിന്ന് ഓക്‌സിജന്‍ മാസ്‌ക് വലിച്ചൂരല്ലേയെന്ന് ആഗ്രയിലെ സ്വകാര്യ ആശുപത്രി വരാന്തയില്‍വച്ചു പൊലിസിനോടു ദയനീയമായി കേണപേക്ഷിച്ച യുവാവിന്റെ ദീനരോദനം എങ്ങനെയാണു ചെവികളില്‍നിന്നു തുടച്ചുനീക്കാനാകുക?.
അത്യാസന്ന നിലയില്‍ കഴിയുന്ന സുഹൃത്തിനു പ്രാണവായുവെത്തിക്കാന്‍ വാഹനത്തില്‍ 24 മണിക്കൂറിനുള്ളില്‍ 1,300 കിലോമീറ്റര്‍ മരണപ്പാച്ചില്‍ നടത്തേണ്ടിവന്നവന്റെ പരവേശം എങ്ങനെ കണ്ടില്ലെന്നു നടിക്കാ നാകും?. കൊവിഡ് മൂലം നിരന്തരം മരിച്ചുകൊണ്ടിരിക്കുന്നവരുടെ പത്തും ഇരുപതും അതിലേറെയും മൃതദേഹങ്ങള്‍ ഒരേ ആംബുലന്‍സില്‍ കുത്തിനിറച്ച് ഏതൊക്കെയോ ശ്മശാനങ്ങളില്‍ കൂട്ടത്തോടെ കത്തിച്ചു ചാമ്പലാക്കുന്നതും കുഴിച്ചുമൂടുന്നതും യാഥാര്‍ഥ്യമേയല്ലെന്ന് എങ്ങനെയാണ് മനസിനെ കളവായി ബോധ്യപ്പെടുത്താനാകുക?.
രാജ്യത്തിന്റെ അധികാരക്കസേരയിലിരിക്കുന്നവരേ, ജനങ്ങള്‍ മരിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹമെന്നു നീതിപീഠങ്ങള്‍ ചോദിക്കുന്നത് അസൂയകൊണ്ടും വിരോധംകൊണ്ടുമാണെന്ന് എങ്ങനെയാണ് സ്വയം സമാധാനിപ്പിക്കാനാകുക?. ഇത്തരമൊരവസ്ഥ ലോകത്തു മറ്റൊരിടത്തും ഇക്കാലമത്രയും സംഭവിച്ചിട്ടുണ്ടാകില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അത്രയ്ക്കു ഗതികെട്ട പരിതസ്ഥിതിയിലാണ് ഇന്ത്യാ മഹാരാജ്യം. മഹാമാരിയായ കൊവിഡെങ്കിലും ഇത്തിരി മനുഷ്യത്വം കാണിച്ചില്ലെങ്കില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ഗതിയെന്താകുമെന്നു ചിന്തിക്കാന്‍കൂടി വയ്യ.
ഭരണകൂടത്തിന്റെ പരമപ്രധാനമായ കര്‍ത്തവ്യം ഭരണീയരുടെ ജീവനു സംരക്ഷണം നല്‍കുകയെന്നതാണ്. ശത്രുരാജ്യങ്ങള്‍ ആക്രമിക്കുന്നമെന്ന ഭയത്താല്‍ കോടാനുകോടി ചെലവഴിച്ച് അത്യന്താധുനിക നശീകരണായുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങിക്കൂട്ടി മാത്രമല്ല ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പുവരുത്തേണ്ടത്. അങ്ങോട്ടു പ്രകോപനത്തിനു പോയില്ലെങ്കില്‍ അയല്‍രാജ്യങ്ങള്‍ വെറുതെ കടന്നുകയറി ജനങ്ങളെ മുച്ചൂടും കൊന്നുമുടിക്കില്ലെന്നുറപ്പ്.
മഹാമാരികള്‍ അങ്ങനെയല്ല. അങ്ങേയറ്റത്തെ കരുതലോടെ പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊണ്ടില്ലെങ്കില്‍ മഹാമാരികള്‍ വന്‍ ദുരന്തം വിതയ്ക്കും. രോഗിയോടോ ഭരണകൂടത്തോടോ സമ്മതം ചോദിച്ചല്ല കൊവിഡ് പോലുള്ള സാംക്രമികരോഗങ്ങള്‍ എത്തുന്നത്. വളരെ കരുതലോടെ ജനങ്ങള്‍ കഴിയുകയും പ്രതിരോധ സംവിധാനങ്ങളും ജീവന്‍രക്ഷാ സൗകര്യങ്ങളും ഭരണകൂടം ഉറപ്പുവരുത്തുകയും ചെയ്താലേ ഇത്തരം ഘട്ടങ്ങളില്‍ വന്‍ ദുരന്തങ്ങളില്‍നിന്നു രക്ഷനേടാനാകൂ.
അതു രണ്ടും ഇവിടെ ഉണ്ടായില്ലെന്നതാണ് ഇന്ത്യ ഇന്നു നേരിടുന്ന ഭീകരമായ അവസ്ഥയ്ക്കു കാരണം. കൊവിഡ് ഇന്ത്യയില്‍ തലപൊക്കിയ ഘട്ടത്തിലാണല്ലോ നോട്ടുനിരോധനത്തിലെന്നപോലെ അവിചാരിതമായ ലോക്ക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. ലോക്ക്ഡൗണ്‍ അനിവാര്യമായിരുന്നു എന്നതു ശരിയാണ്. എന്നാല്‍, അതുമൂലം തൊഴിലില്ലാതെ അന്യ നാടുകളില്‍ പട്ടിണിയില്‍ കഴിയേണ്ടിവരുന്ന അതിഥി തൊഴിലാളികള്‍ക്കും മറ്റും സ്വന്തം നാട്ടിലെത്താന്‍ ഒരു സംവിധാനവുമൊരുക്കാതെയാണ് യാത്രാസൗകര്യങ്ങളെല്ലാം നിശ്ചലമാക്കിയത്.
അതിന്റെ ഫലമായി, നൂറുകണക്കിനു കിലോമീറ്ററുകള്‍ പൊരിവെയിലത്തു യാത്രചെയ്ത് ഇന്ത്യയില ദരിദ്രനാരായണന്മാര്‍ വിശപ്പുസഹിക്കാതെ തളര്‍ന്നുവീണും അപകടത്തില്‍പ്പെട്ടും മരിക്കുന്നതു പതിവായി കാണേണ്ടി വന്നു. അതില്‍നിന്നു പാഠമുള്‍ക്കൊണ്ടു വേണമല്ലോ ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. അതുണ്ടായില്ല. ഇന്ത്യയിലുള്ള വിദഗ്ധന്മാരും ലോകാരോഗ്യസംഘടന പോലുള്ള ആധികാരിക പ്രസ്ഥാനങ്ങളുമെല്ലാം ഇന്ത്യയിലുള്‍പ്പെടെ കൊവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ച് അന്നേ മുന്നറിയിപ്പ് നല്‍കിയിട്ടും ആവശ്യമായത്ര ചികിത്സാസൗകര്യങ്ങള്‍ ഒരുക്കിയില്ല.
കൊവിഡിന്റെ ആദ്യവ്യാപന കാലത്ത് ഏറ്റവും കൂടുതല്‍ അനുദിന രോഗികളുണ്ടായിരുന്നതും മരണം സംഭവിച്ചതും അമേരിക്കയിലായിരുന്നു. അന്നതിനു കാരണം അവിടത്തെ ഭരണാധികാരിയുടെ ഭ്രാന്തന്‍ നയങ്ങളായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. കൊവിഡിനെ വെല്ലുവിളിച്ചും മാസ്‌ക് ധരിക്കുന്നതിനെ പുച്ഛിച്ചും നടന്നിരുന്നവനാണല്ലോ ട്രംപ്. എന്നാല്‍, ബൈഡന്‍ അധികാരത്തിലേറിയ ഉടനെ ചെയ്തത് തന്റെ പൂര്‍വഗാമി ചെയ്ത എല്ലാ ഭ്രാന്തന്‍ നയങ്ങളും തിരുത്തുകയായിരുന്നു.
ഇനി പറയാന്‍ പോകുന്നത്, ഡല്‍ഹി ഹൈക്കോടതിയുടെ ഒരു പരാമര്‍ശമാണ്: മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കുമെല്ലാം ആവശ്യപ്പെട്ടതിനേക്കാള്‍ ഓകസിജന്‍ നിങ്ങള്‍ (കേന്ദ്രസര്‍ക്കാര്‍) നല്‍കി. ഡല്‍ഹിയോടു മാത്രം എന്താണിത്ര അവഗണന. ഇത്രയും പറഞ്ഞ കോടതി, മോദി സര്‍ക്കാരിനെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നുണ്ട്, ഈ പ്രതിസന്ധിയില്‍ നമ്മള്‍ ഇന്ത്യക്കാരായി ഉയരുകയാണു വേണ്ടതെന്ന്.
രാജ്യതലസ്ഥാനം കൂടിയായ ഡല്‍ഹിയുടെ കാര്യം നമുക്ക് അറിയാവുന്നതാണ്. ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനുള്ളില്‍ 24ല്‍ കൂടുതല്‍ ആളുകള്‍ മരിച്ചുവീണുകൊണ്ടിരുന്ന പ്രദേശമാണത്. ഓക്‌സിജന്‍ കിട്ടാന്‍ ഞങ്ങള്‍ ആരുടെ കാലാണു പിടിക്കേണ്ടതെന്നു കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് കരഞ്ഞു ചോദിക്കുന്നത് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. തങ്ങളുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ ഉറപ്പുവരുത്തിയിരിക്കുമെന്നു ബൈഡനുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളിലെയും ഭരണാധികാരികള്‍ പ്രഖ്യാപിക്കുകയും അതിന് അനുസൃതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്. രാജ്യത്തെ പരമോന്നത നീതപീഠം രണ്ടുതവണ നടത്തിയ പരാമര്‍ശം തന്നെയാണ് അതിനുള്ള നടപടി. കേന്ദ്രസര്‍ക്കാരിനു നല്‍കുന്ന വാക്‌സിന് ഒരു വില. സംസ്ഥാനങ്ങള്‍ക്ക് അതിന്റെ ഇരട്ടിയിലേറെ വില. അതിലും ഇരട്ടി വിലയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക്... ഇതെന്തു നയമാണ്. വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് അതിനുള്ള പ്രാരംഭ ഫണ്ട് നല്‍കിയത് കേന്ദ്രസര്‍ക്കാരല്ലേ. അക്കാരണത്താല്‍ തന്നെ വാക്‌സിന്‍ പൊതുസ്വത്തല്ലേ. അപ്പോള്‍ തോന്നിയ വില നിശ്ചയിച്ചു ലാഭംകൊയ്യാന്‍ ഈ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് എന്തവകാശം?.
ഈ പരാമര്‍ശം നടത്തിയ സുപ്രിംകോടതിയും മോദി സര്‍ക്കാരിനെ ചില മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്: ഇതൊരു മഹാമാരിയും ദേശീയപ്രതിസന്ധിയുമാണ്. ഇപ്പോഴല്ലെങ്കില്‍ മറ്റെപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അധികാരം ഉപയോഗിക്കുക. ഔഷധ വിലനിയന്ത്രണ നിയമം ഉപയോഗിച്ചു കേന്ദ്രത്തിനു നിയന്ത്രിക്കാവുന്നതാണ് വാക്‌സിന്‍ വില. ആ ഉത്തരവാദിത്തം മോദി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല.
ഇതിനിടയില്‍ രണ്ടാമത്തെ ഉത്തരവ് സുപ്രിംകോടതിയില്‍നിന്നുണ്ടായി. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ മൊത്തമായി വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. അതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാരില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
പകരം, വാക്‌സിന്‍ നിര്‍മാതാക്കള്‍ വില കുറച്ചു. ഇനിയെന്തിനു ഞങ്ങള്‍ ഇടപെടണമെന്നായിരിക്കാം കേന്ദ്രത്തിന്റെ നിലപാട്. സുപ്രിംകോടതിയിലും ഇതു ബോധ്യപ്പെടുത്തുമായിരിക്കാം. എന്നാല്‍, ആ വില കുറയ്ക്കലില്‍ വലിയൊരു ചതിയുണ്ട്. സംസ്ഥാനങ്ങള്‍ക്കു കൊവിഷീല്‍ഡ് 400 രൂപയ്ക്കു നല്‍കുമെന്നത് 300 രൂപയാക്കി. കൊവാക്‌സിന്‍ 600 രൂപയെന്നത് 400 രൂപയുമാക്കി. സ്വകാര്യ ആശുപത്രികള്‍ക്കുള്ളതില്‍ മാറ്റമില്ല. കൊവാക്‌സിന് സ്വകാര്യ ആശുപത്രികള്‍ 1,200 രൂപ നല്‍കണം. കേന്ദ്രത്തിന് 150 രൂപയ്ക്കു നല്‍കുന്നിടത്താണ് ഈ പിടിച്ചുപറി. സ്വകാര്യ ആശുപത്രികള്‍ നഷ്ടം സഹിക്കില്ലല്ലോ. അവര്‍ ജനങ്ങളില്‍നിന്നു കൃത്യമായി ചോദിച്ചുവാങ്ങും. നഷ്ടം സഹിക്കേണ്ടത് ജനങ്ങളില്‍ പാതിയിലേറെപ്പേര്‍. ലാഭംകൊയ്യുന്നത് വാക്‌സിന്‍ നിര്‍മാതാക്കള്‍.
ഈ കുറിപ്പ് അവസാനിക്കുമ്പോള്‍ ഡല്‍ഹി ഹൈക്കോടതി, മോദി സര്‍ക്കാരിനെ ഓര്‍മിപ്പിച്ച ഒരു കാര്യം ഒരിക്കല്‍കൂടി ഉദ്ധരിക്കട്ടെ, ഈ പ്രതിസന്ധിയില്‍ നാം ഇന്ത്യക്കാരായി ഉയരുകയാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."