തകർക്കുന്നത് ഭരണഘടനാ മൂല്യമെന്ന് രാഹുൽ; പൊളിക്കേണ്ടത് അമിത് ഷായുടെ വീടെന്ന് എ.എ.പി
ന്യൂഡൽഹി
ജഹാംഗീർപുരിയിൽ അനധികൃതമെന്ന് ആരോപിച്ച് വീടുകൾ തകർത്ത നടപടിയിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളാണ് തകർക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിന് പകരം എല്ലാവർക്കും വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിനു നേരെ ബുൾഡോസർ കൈ ഉയർത്തുന്ന ചിത്രത്തോടെയാണ് രാഹുലിന്റെ ട്വീറ്റ്. പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും ഭരണകൂടം ലക്ഷ്യമിടുകയാണെന്നും ബി.ജെ.പി അവരുടെ മനസിലെ വിദ്വേഷമാണ് തുടച്ചുനീക്കേണ്ടതെന്നും രാഹുൽ പറഞ്ഞു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടർന്നാണ് പൊളിച്ചുനീക്കലെന്നും അദ്ദേഹത്തിന്റെ വീടാണ് തകർക്കേണ്ടതെന്നും ട്വിറ്ററിൽ നൽകിയ വിഡിയോ റിപ്പോർട്ടിൽ ആം ആദ്മി പാർട്ടി എം.പി രാഘവ് ചന്ദ്ര ആരോപിച്ചു. എവിടെയാണ് അടുത്ത കലാപമെന്ന് അറിയണമെങ്കിൽ ബി.ജെ.പിയോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. 15 വർഷമായി ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപറേഷനിൽ അവരുടെ നേതാക്കൾ കൈക്കൂലി വാങ്ങിയാണ് അനധികൃത നിർമാണത്തിന് അനുമതി നൽകിയത്. ഇന്നവർ അനധികൃത നിർമാണമെന്ന് ആരോപിച്ച് വീടുകൾ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കലാപങ്ങളും ഗുണ്ടായിസവും ഇല്ലാതാക്കാൻ ആദ്യം പൊളിക്കേണ്ടത് ബി.ജെ.പി ആസ്ഥാനമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."