മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്
ഇടുക്കി: ഇടുക്കിയിലെ ചന്ദന കടത്തു സംഘത്തിലെ പ്രധാനികൾ പിടിയിലായി. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി വിൽക്കാൻ ശ്രമിച്ച സംഭവത്തിലെ തുടർ അന്വേഷണത്തിലാണ് അഞ്ച് പേർ പിടിയിലായിരിക്കുന്നത്. സംഭവത്തിൽ 55 കിലോയോളം ചന്ദന കാതലും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് അംഗത്തെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. ഹൈറേഞ്ചിൽ നിന്നും ചന്ദനം കടത്തുന്നതിൽ പ്രധാന കണ്ണിയായ നെടുംകണ്ടം ചോറ്റുപാറ സ്വദേശി കളത്തിൽ ബാബു, രാമക്കൽമേട് തെള്ളിയിൽ ഹസൻ, സന്യാസിയോടയിൽ സ്വദേശി സച്ചു, തൂകുപാലം പാലം സ്വദേശികളായ അജികുമാർ, ഷിബു എസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഒരാൾ മുൻപ് അറസ്റ്റിലായിരുന്നു.
സന്യാസിയോടയിലെ ചന്ദന കേസിൽ കുമളി ഫോറസ്റ്റ് റേഞ്ച് പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നതിനിടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളും ബാബുവും ഹസൻ കുഞ്ഞും പിടിയിലായത്. ചെറു കഷ്ണങ്ങൾ ആക്കി കടത്തുന്നതിനായി സൂക്ഷിച്ചിരുന്ന 55 കിലോ കാതലും കണ്ടെത്തി. ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യ സൂത്രധാരനായ ലഗീധരൻ എന്ന കണ്ണൻ ഒളിവിലാണ്. ഇയാൾ അന്യ സംസ്ഥാനത്തേക്ക് കടന്നതായാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."