കിട്ടിയത് വട്ടപ്പൂജ്യം തകര്‍ന്നടിഞ്ഞ് ബി.ജെ.പി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അവകാശവാദങ്ങളും വര്‍ഗീയ പ്രചാരണങ്ങളും തകര്‍ന്നടിഞ്ഞതോടെ 2021ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വട്ടപ്പൂജ്യത്തിലൊതുങ്ങി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ 35 സീറ്റില്‍ വിജയിക്കുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ കൈയിലുണ്ടായിരുന്ന നേമം മണ്ഡലം കൂടി നഷ്ടപ്പെട്ട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെ.പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവരെ രംഗത്തിറക്കിയും വര്‍ഗീയ വിഷയങ്ങളും വ്യാജ പ്രചാരണങ്ങളും ആളിക്കത്തിച്ചും കളംനിറഞ്ഞാടിയിട്ടും ദയനീയ പരാജയം ഏറ്റുവാങ്ങിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രണ്ടിടത്തും തോല്‍വി ഏറ്റുവാങ്ങി. മുന്‍നിര നേതാക്കളായ ശോഭാ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്കും നാണംകെടും വിധമുള്ള തോല്‍വിയാണ് നേരിടേണ്ടി വന്നത്. സിറ്റിങ് മണ്ഡലമായ നേമത്ത് വോട്ടെണ്ണല്‍ പകുതി റൗണ്ടുകള്‍ പിന്നിടുമ്പോഴും ലീഡ് ചെയ്യുകയായിരുന്ന കുമ്മനം രാജശേഖരന് പിന്നീട് അടിപതറി. പാലക്കാട് ഇ. ശ്രീധരന്‍ വിജയത്തിലേക്ക് അടുക്കുമെന്ന പ്രതീതിയുണ്ടായെങ്കിലും അവസാനഘട്ടത്തില്‍ പിന്നിലായി. തൃശൂരില്‍ സുരേഷ്‌ഗോപിയും തുടക്കത്തില്‍ വിജയ പ്രതീക്ഷ സൃഷ്ടിച്ചു. മറ്റു മണ്ഡലങ്ങളിലൊക്കെ മത്സര സാധ്യത പോലും സൃഷ്ടിക്കാത്ത വിധം ദയനീയ പ്രകടനമാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."