വഖ്ഫ് ബോർഡ് നിയമനം: മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് കെ.പി.എ മജീദ്
മലപ്പുറം
വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി സർക്കാർ വിളിച്ചുചേർത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങളാണ് നടത്തിയതെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ മജീദ്. ഗവർണർ ഒപ്പുവയ്ക്കുന്നതുവരെ ആരും എതിർപ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് അവാസ്തവമാണ്. മതനേതാക്കളെ വിളിച്ചുകൂട്ടി ഇത്തരത്തിൽ നുണ പറയാൻ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
2016 ൽ എല്ലാ മുസ്‌ലിം മതസംഘടനകളും ഒന്നിച്ച് ഗവർണറെ കണ്ടിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. തുടർന്ന് നിയമസഭക്കകത്ത് മുസ്‌ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധമുണ്ടായി. ബില്ല് വരുന്ന സമയത്തും പാസാക്കുന്ന സമയത്തും ശക്തമായ ഭാഷയിൽ പ്രതിപക്ഷം എതിർപ്പറിയിച്ചിരുന്നു. ഇതെല്ലാം നിയസമഭാ രേഖയാണെന്നിരിക്കെ മതനേതാക്കളുടെ യോഗത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് എന്തിനായിരുന്നെന്ന് വ്യക്തമാക്കണമെന്നും മജീദ് ആവശ്‌പ്പെട്ടു.
വഖ്ഫ് ബോർഡ് തീരുമാനമാണിതെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി പറയുന്ന ദിവസത്തെ മിനുറ്റ്‌സ് രേഖയിൽ അങ്ങനെ ഒരു തീരുമാനം തന്നെയില്ല. മത സംഘടന നേതാക്കളെയും പൊതുസമൂഹത്തേയും പച്ചക്കള്ളം പറഞ്ഞുപറ്റിക്കുന്ന മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമം പിൻവലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്തുണ്ടാകുമെന്നും റമദാൻ മാസം കഴിഞ്ഞാൽ കൂടുതൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് രൂപം നൽകുമെന്നും കെ.പി.എ മജീദ് എംഎൽഎ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."