ബ്രൂവറി, ഡിസ്റ്റിലറി അഴിമതി ചെന്നിത്തല വിജിലൻസ് കോടതിയിൽ മൊഴി നൽകി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹരജിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നേരിട്ടെത്തി മൊഴി നൽകി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും ചട്ടവിരുദ്ധമായി അനുമതി നൽകിയെന്നാരോപിച്ചായിരുന്നു ചെന്നിത്തല ഹരജി നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മുൻ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമെതിരേയായിരുന്നു ഹരജി. ഇന്നലെ രാവിലെയാണ് ചെന്നിത്തല കോടതിയിലെത്തിയത്.
സ്വകാര്യ മേഖലയ്‌ക്കോ, സർക്കാർ തലത്തിലോ ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങാൻ ലൈസൻസ് നൽകില്ലെന്നത് 1999ലെ മന്ത്രിസഭായോഗ തീരുമാനമാണെന്നും എന്നാൽ അതിനെ മറികടന്ന് മുൻമന്ത്രി ടി.പി രാമകൃഷ്ണൻ എക്‌സൈസ് കമ്മിഷണർ മുഖേന ചട്ടവിരുദ്ധമായി ലൈസൻസ് അനുവദിക്കുകയായിരുന്നുവെന്നും ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല മൊഴി നൽകി. സ്വകാര്യ കമ്പനികൾ അപേക്ഷ നൽകിയത് വെള്ള പേപ്പറിൽ ആയിരുന്നു.
ഇതും വിചിത്രമായ നടപടിയാണ്. ഒരു മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങൾ ഭേദഗതി നടത്തണമെങ്കിൽ അതിന് അധികാരം മറ്റൊരു മന്ത്രിസഭയ്ക്ക് കഴിയുകയുള്ളു.
ഇവിടെ അത്തരം നടപടിയും നടന്നിട്ടില്ലന്നും ചെന്നിത്തല മൊഴി നൽകി.തൃശൂരിലുള്ള ശ്രീചക്ര എന്ന കമ്പനിക്ക് രജിസ്‌ട്രേഷൻ വിവരങ്ങളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."