മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം: ഡൽഹി ഹൈക്കോടതി
ന്യുഡൽഹി: പി.ഡി.പി അധ്യക്ഷയും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി. രണ്ട് വർഷം മുൻപാണ് പാസ്പോർട്ട് പുതുക്കി നൽകുന്നത് നിരസിച്ചത്. പലതവണ അപേക്ഷിച്ചെങ്കിലും ഇതുവരെയും നടപടിയായിരുന്നില്ല.
ബന്ധപ്പെട്ട പാസ്പോർട്ട് ഓഫീസർ മൂന്നു മാസത്തിനകം മെഹബൂബ മുഫ്തിയുടെ പാസ്പോർട്ട് കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു. പാസ്പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
പലതവണ അപേക്ഷിച്ചിട്ടും പുതിയ പാസ്പോർട്ട് നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ഇതുവരെ തീരുമാനമുണ്ടായില്ലെന്നും മെഹബൂബ ഹരജിയിൽ പറഞ്ഞു. 80 വയസ്സുള്ള മാതാവിനെ ഹജ്ജിന് കൊണ്ടുപോകാനായി മൂന്ന് വർഷമായി കാത്തിരിക്കുകയാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മെഹബൂബ കത്തെഴുതിയിരുന്നു.
അതേസമയം മെഹ്ബൂബയുടെ അപ്പീലിൽ മാർച്ച് രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചതായും വിഷയം വീണ്ടും പരിഗണിക്കുന്നതിനായി ജമ്മു കശ്മീരിലെ പാസ്‌പോർട്ട് ഓഫീസർക്ക് അയച്ചതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."