'കോടതിനടപടി വാര്‍ത്തകള്‍ അഭിപ്രായസ്വാതന്ത്ര്യം'
ന്യൂഡല്‍ഹി: കോടതി നടപടികളെ സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്നും അതുതടയാന്‍ കഴിയില്ലെന്നും സുപ്രിംകോടതി.
വാദങ്ങള്‍ക്കിടെ കോടതി നടത്തുന്ന പരാമര്‍ശങ്ങളും അഭിപ്രായപ്രകടനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കാനാവില്ല. മാധ്യമറിപ്പോര്‍ട്ടുകളെ കുറിച്ച് പരാതിപ്പെടുന്നതിനെക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തെരഞ്ഞടുപ്പ് കമ്മിഷന് ശ്രമിക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രണ്ടാംവ്യാപനം രൂക്ഷമായിരിക്കെ തെരഞ്ഞെടുപ്പ് നടത്തുകയും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂട്ടംകൂടി റാലിനടത്താന്‍ അവസരം നല്‍കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കമ്മിഷനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരേയാണ് കമ്മിഷന് സുപ്രിംകോടതിയെ സമീപിച്ചത്. കമ്മിഷനെതിരേ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശം അനുചിതമാണ്. എന്നാല്‍ അത് അന്തിമ ഉത്തരവില്‍ ഇല്ലാത്തതിനാല്‍ നീക്കംചെയ്യണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കവെ കോടതികളില്‍ നടക്കുന്നതെന്താണെന്ന് ജനങ്ങളും അറിയട്ടെയെന്ന് കഴിഞ്ഞദിവസം ഇതേ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇന്നലെ കേസ് പരിഗണിച്ചപ്പോഴും പഴയ നിലപാട് കോടതിയാവര്ത്തിച്ചു. കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ല.
വിവര സാങ്കേതികരംഗത്തെ വികാസം കാരണം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഇപ്പോള്‍ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തത്സമയം ജനങ്ങളില്‍ എത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളെ അവകാശം ശരിവച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."