വീട്ടുകാര്‍ക്ക് വേണ്ടാതായവരുടെ ഫോണ്‍വിളി
കഴിഞ്ഞ വര്‍ഷം നോമ്പിനു രോഗബാധയെ തുടര്‍ന്ന് കൊവിഡ് ഫസ്റ്റ്‌ലൈന്‍ സെന്ററില്‍ എത്തിച്ചതായിരുന്നു ആ ചെറുപ്പക്കാരനെ. തമിഴ്‌നാട്ടിലായിരുന്നു ജോലി. 26 വയസ് കാണും. രോഗം വന്നതോടെ വീട്ടുകാര്‍ക്ക് അവനെ വേണ്ടെന്നായി. വീട്ടില്‍നിന്ന് ഭക്ഷണമെത്തിക്കാനാവില്ലെന്നായി അവര്‍. പിന്നെ ഞാനാണ് അവനു ഭക്ഷണം കൊടുത്തത്. വീട്ടിലുണ്ടാക്കിയ ഭക്ഷണത്തില്‍ നിന്നുള്ള ഒരു പങ്ക്. ആശ്വാസവും സാന്ത്വനവും നല്‍കി ഞങ്ങള്‍ കൂടെനിന്നു. രോഗം ഭേദമായതോടെ വീട്ടുകാര്‍ അവനെ സ്വീകരിച്ചു. ഇന്നലെ അവന്‍ വിളിച്ചിരുന്നു. ഷാനിയത്താ, അന്ന് നിങ്ങളുണ്ടാക്കിത്തന്ന പത്തിരിയുടെയും കറിയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. ഇത്തവണയും ഡ്യൂട്ടിക്ക് പോകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണേ എന്നുപറഞ്ഞു. ഇതുപോലെ എത്രയോ പേര്‍. മഹാമാരി വന്നതോടെ വീട്ടുകാര്‍ക്ക് വേണ്ടാതായവര്‍... പേടികൊണ്ടാണ്.
അവരുടെ ഒരു വിളിക്കാണ് ഞാന്‍ വിലമതിക്കുന്നത്. ആരെങ്കിലുമൊക്കെ നമ്മെ ഓര്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷം.നോമ്പുകാലത്ത് ഗള്‍ഫില്‍നിന്ന് വന്ന് കൊവിഡ് കേന്ദ്രത്തിലായ ഒരാളോട് വീട്ടുകാര്‍ പറഞ്ഞത്, നീ കൊണ്ടുവന്ന കാരക്കയൊന്നും വേണ്ട എന്നായിരുന്നു. അതു കേട്ടപ്പോള്‍ അവനു വലിയ വിഷമമായി. പ്രിയപ്പെട്ടവര്‍ക്കായി കൊണ്ടുവന്ന ഭക്ഷണസാധനങ്ങളും മിഠായികളും അവര്‍ വേണ്ടെന്നു പറയുമ്പോഴുണ്ടാകുന്ന വേദന... ഞാന്‍ കണ്‍മുന്നില്‍ വച്ച് അതു തിന്നപ്പോള്‍ അവനുണ്ടായ സന്തോഷം.. എന്നിട്ട് എനിക്ക് കൊവിഡുണ്ടായിട്ടില്ല.
ഇങ്ങനെ കേരളത്തിന്റെ പല ഭാഗങ്ങളിലും സേവനസന്നദ്ധരായി നൂറുകണക്കിനു പരിചരണ സംവിധാനങ്ങളുണ്ട്. അവരൊക്കെയും റമദാന്‍ മാസത്തില്‍ അനുഭവിക്കുന്നത് ഒരുതരം ആത്മീയമായ ഊര്‍ജ്ജം തന്നെയാണ്.കഴിഞ്ഞവര്‍ഷം കൊവിഡിന്റെ തുടക്കകാലത്ത് കീഴാറ്റൂരില്‍ ഒരു ഉസ്താദ് മരിച്ച സമയത്ത് ആ കുടുംബത്തെ നോക്കിയത് ഞങ്ങളായിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ ട്രോമാ കെയര്‍ വളണ്ടിയര്‍മാരെ ക്ഷണിച്ചപ്പോള്‍ പോയതായിരുന്നു. പിന്നെ മലപ്പുറത്ത് സ്ത്രീകള്‍ മാത്രമുള്ള കൊവിഡ് സെന്ററില്‍. നോമ്പുകാലം മുഴുവന്‍ അവിടെയായിരുന്നു. അതിരാവിലെ പോയി തിരിച്ചുവരുമ്പോള്‍ നോമ്പ് തുറക്കുന്ന സമയമാകും. എങ്കിലും പ്രയാസം തോന്നിയില്ല. ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയല്ലേ. ഇത്തവണത്തെ നോമ്പുകാലവും കൊവിഡ് ബാധിതര്‍ക്കൊപ്പമാണ്. വാഴക്കാട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."