റെക്കോർഡ് വിൽപ്പനയുമായി മെഴ്‌സിഡസ് ബെൻസ്; ഒമ്പത് പുതിയ മോഡൽ കൂടി വരും
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് 2023-24 ൽ ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷത്തിലെ എക്കാലത്തെയും ഉയർന്ന റീട്ടെയിൽ വിൽപ്പന രേഖപ്പെടുത്തി. എസ്‌യുവി ശ്രേണിയുടെ ശക്തമായ ഡിമാൻഡ് ആണ് വിൽപന വർധിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 18,123 യൂണിറ്റുകളാണ് വിറ്റത്. 2022-23 സാമ്പത്തിക വർഷത്തിലെ 16,497 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
“ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാസവും എക്കാലത്തെയും ഉയർന്ന പാദവും എക്കാലത്തെയും മികച്ച സാമ്പത്തിക വർഷവും ഞങ്ങൾ കൈവരിച്ചു. ഈ വിശ്വാസം ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസിൻ്റെ സമാനതകളില്ലാത്ത അഭിലഷണീയതയെ പ്രതിഫലിപ്പിക്കുന്നു. അതിൻ്റെ ഫലമായി മികച്ച ഉപഭോക്തൃ പ്രതികരണം ലഭിക്കുന്നു.” മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ജനുവരി-മാർച്ച് കാലയളവിൽ ബെൻസ് 5,412 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ 4,697 യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം വർധനയാണുണ്ടായത്.
അതേസമയം, ഈ വർഷം രാജ്യത്ത് മൂന്ന് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബിഇവി) ഉൾപ്പെടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി വാഹന നിർമ്മാതാക്കൾ പറഞ്ഞു. ഈ കലണ്ടർ വർഷത്തിൻ്റെ രണ്ടാം പാദത്തിൽ എഎംജി എസ് 63 ഇ-പെർഫോമൻസ് സെഡാനും എഎംജി സി 63 ഇ-പെർഫോമൻസും പുറത്തിറക്കുന്നതോടെ തങ്ങളുടെ എഎംജി പ്രകടന ശ്രേണി ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.
2024 ഏപ്രിലിൽ ന്യൂ ഡൽഹിയിലെയും മുംബൈയിലെയും പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളിൽ രണ്ട് ലക്ഷ്വറി MAR 20X ഔട്ട്‌ലെറ്റുകൾ ഉദ്ഘാടനം ചെയ്യാനും മെഴ്‌സിഡസ് ബെൻസ് പദ്ധതിയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."