വെറുപ്പിന്റെ ഗുജറാത്ത് മോഡൽ കേരളത്തിനു വേണ്ട
ആർ. കെ. ബി
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യക്കാർക്ക് മുന്നിൽ വരച്ചുകാണിക്കപ്പെട്ട വലിയ നുണക്കഥയായിരുന്നു ഗുജറാത്ത് വികസന മാതൃക. ഒരുപരിധിവരെ ഗുജറാത്ത് കലാപത്തിന്റെ നേർചിത്രങ്ങൾ മൂടിവയ്ക്കുന്നതിനും മോദിയെ വികസന നായകനായി ചിത്രീകരിക്കുന്നതിനും കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങി കോർപറേറ്റ് പി.ആർ ഏജൻസികൾ സുന്ദരമായി മെനഞ്ഞെടുത്ത ഒരു കുതന്ത്രമായിരുന്നു ഈ വികസന മാതൃക. എന്നാൽ, ഇൗ മാതൃകയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന നിരവധി പഠനങ്ങൾ പിന്നീട് പുറത്തുവരികയുണ്ടായി. ഇതിൽ പ്രധാനപ്പെട്ടതാണ് ഓക്‌സ്‌ഫോഡ് സർവകലാശാല 2014ൽ പ്രസിദ്ധീകരിച്ച ഇന്ദിര ഹിർവായ്, അമിതാ ഷാ, ഘൻശ്യാം ഷാ എന്നീ ഗവേഷകർ ചേർന്ന് എഴുതിയ Growth or Development: Which Way is Gujarat Going? എന്ന പുസ്തകം. ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരങ്ങൾ അടിവരയിട്ടുപറയുന്ന നിരവധി ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗുജറാത്തിൽ കുട്ടികളിലെ പ്രതിരോധ കുത്തിവയ്പ്പുകളിൽ കാര്യമായ പുരോഗതിയില്ലെന്നും പോഷകാഹാരക്കുറവും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ മെച്ചപ്പെട്ടില്ലെന്നും പുസ്തകം പറയുന്നു. പോഷകാഹാര സൂചികയുടെ കാര്യത്തിൽ ഇന്ത്യയിലെ 17 പ്രമുഖ സംസ്ഥാനങ്ങളിൽ ഗുജറാത്തിന്റെ സ്ഥാനം 13ാം സ്ഥാനമാണ്. ഇത് ഒഡിഷക്കും ഉത്തർപ്രദേശിനും താഴെയാണ്. പ്രാഥമിക വിദ്യാലയങ്ങൾ കുടിവെള്ളം, ശൗചാലയങ്ങൾ, വായനശാലകൾ എന്നിവയുടെ കാര്യത്തിൽ മറ്റുള്ളവർക്ക് പിറകിലാണ്. വിദ്യാർഥി-അധ്യാപക അനുപാതത്തിൽ വലിയ അന്തരങ്ങളുണ്ടെന്നും 2000 ത്തിന് ശേഷമുള്ള ഗുജറാത്തിലെ കാർഷിക വളർച്ച സംസ്ഥാനത്തെ ദരിദ്ര മേഖലകളിലേക്ക് എത്തിയിട്ടില്ലെന്നും പുസ്തകത്തിലെ വിവിധ ലേഖനങ്ങളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത് (94%). അതുപോലെ ആരോഗ്യമേഖലയിലെ പ്രതിശീർഷ വിനിയോഗം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണിത് (2,329രൂപ).
ഗുജറാത്ത് നിയമസഭയിൽ 2015 മാർച്ച് 31നു സമർപ്പിക്കപ്പെട്ട സംസ്ഥാനത്തെ വിവിധ സാമൂഹ്യ-സാമ്പത്തിക സൂചികകളെകുറിച്ചുള്ള സി.എ.ജി റിപ്പോർട്ടും ഗുജറാത്ത് വികസന മാതൃക തട്ടിപ്പാണെന്ന് വ്യക്തമാക്കുന്നുണ്ട്. വികസന കാര്യത്തിൽ ഗുജറാത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് ഒരിക്കലും മാതൃകയല്ലെന്നു മാത്രമല്ല, കൃഷി, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം എന്നിവയിലൊക്കെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം സംസ്ഥാനം വളരെ പിറകിലാണെന്നു കൂടി വസ്തുതകളും കണക്കുകളും സഹിതം സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ അവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നും ഉച്ചഭക്ഷണ പദ്ധതി വളരെ മോശമായാണ് നടപ്പാക്കിയതെന്നും സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇനി ഗുജറാത്ത് വികസന മാതൃക ഏറെ കൊട്ടിഘോഷിച്ച വൻകിട വികസനപദ്ധതികളുടെ കാര്യങ്ങൾ പരിശോധിച്ചാൽ സംസ്ഥാനത്തെ തൊഴിലാളികളുടെ പരിതാപകമരമായ അവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലന്ന് മുകളിൽ പരാമർശിച്ച പുസ്തകത്തിൽ പറയുന്നു. ചേരികൾ പൊളിച്ചുനീക്കിയും പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ചുമാണ് നഗര സൗന്ദര്യവത്കരണം നടപ്പാക്കിയത്, പദ്ധതിബാധിതരായ പാവപ്പെട്ടവർക്കുള്ള പുനരധിവാസം നഗരത്തിന് പുറത്താണെന്നും സബർമതി നദീതീര വികസന പദ്ധതി പോലെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പുസ്തകം പറയുന്നു.
ഗുജറാത്തിലെ വികസനമാതൃകകളായി ചിത്രീകരിക്കുന്ന വൻകിട പദ്ധതികളുടെയെല്ലാം പിന്നിൽ വലിയ നിയമലംഘനങ്ങളും അഴിമതികളും നടക്കുന്നതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിട്ടുണ്ട്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചാണ് മുന്ദ്രയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം നിർമിക്കാൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന് തുച്ഛമായ വിലക്ക് സർക്കാർ ഭൂമി പതിച്ചുനൽകിയത്. റിലയൻസ്, അദാനി, എസ്സാർ എന്നീ കമ്പനികൾക്ക് 1500 കോടിയോളം വരുന്ന അന്യായമായ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ നൽകിയതായി സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിലയൻസ് പെട്രോളിയം ലിമിറ്റഡുമായി ഒത്തുകളിച്ച് ഗുജറാത്ത് സമുദ്രഗതാഗത സമിതി സർക്കാരിന് കിട്ടേണ്ട 649. 29 കോടി രൂപ നഷ്ടമാക്കിയെന്നും വൈദ്യുതി വാങ്ങൽ കരാറിൽ പാലിക്കേണ്ട നിബന്ധനകൾ വ്യക്തമാക്കാതെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ്, എസ്സാർ കമ്പനിക്ക് 587.50 കോടി രൂപയുടെ അമിതലാഭം ഉണ്ടാക്കിക്കൊടുത്തുവെന്നും സി.എ.ജി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിലും ഗുജറാത്ത് ദയനീയമായി പരാജയപ്പെട്ടതായി 'ദ വയർ' പ്രസിദ്ധീകരിച്ച വിശകലന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട ഗുജറാത്ത് മോഡൽ കൊവിഡ് കാലത്ത് ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. ആരോഗ്യ പരിപാലന രംഗത്തിന്റെ അപര്യാപ്തതയാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ജനസംഖ്യയിലെ 1000 പേർക്ക് ഇപ്പോഴും ഒരു കിടക്കപോലുമില്ലാത്ത സ്ഥിതിയാണ് ഇന്നും ഗുജറാത്തിലെ ആശുപത്രികളിലുള്ളത്. ആയിരത്തിന് 0.33 ആണ് ഇവിടെ കിടക്കയുടെ അനുപാതം. ദേശീയ ശരാശരിയാകട്ടെ ആയിരത്തിന് 0.55 എന്നതാണ്. 1999 –2000ൽ സംസ്ഥാനത്തെ മൊത്തം ചെലവിന്റെ 4.39 ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവച്ചപ്പോൾ മോദി മുഖ്യമന്ത്രിയായിരുന്ന 2009-10ൽ അത് 0.77 ശതമാനമായി കുത്തനെ കുറഞ്ഞു. റിസർവ് ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച് സേവന മേഖലയിലെ ചെലവ് നിർവഹിക്കുന്നതിൽ 18ൽ 17ാം സ്ഥാനത്താണ് മാത്രമാണ് ഗുജറാത്ത്. ആരോഗ്യമേഖലയിലെ ആളോഹരി ചെലവിന്റെ കാര്യത്തിൽ 1999–2000 വർഷത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം പത്തുവർഷം കഴിഞ്ഞ് 2009-10ൽ 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗുജറാത്തിലെ സാമൂഹിക സുരക്ഷാരംഗങ്ങളിൽ വലിയ തിരിച്ചടിയുണ്ടായത് മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണെന്നതിന് തെളിവാണ് ഈ കണക്കുകൾ.
വൻകിട കോർപറേറ്റുകൾക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുകയും സമൂഹത്തിലെ സാധാരണ മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കുകയും അധികാരം നിലനിർത്തുന്നതിന് ജനങ്ങളെ വർഗീയമായി വേർതിരിക്കുകയും ചെയ്യുന്നതാണ് ഗുജറാത്ത് മോഡൽ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യ, സുരക്ഷാ മേഖലകളിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്ക് നടത്തുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നത് കണക്കുകളിൽനിന്നും പഠനങ്ങളിൽനിന്നും വ്യക്തമാണ്. ഗ്ലോബൽ ഹംഗർ റിപ്പോർട്ട്, എൻ.എഫ്.എച്ച്.എസ് റിപ്പോർട്ട്, യുനിസെഫ് എന്നിവയൊക്കെത്തന്നെയും ആവർത്തിച്ച് സൂചിപ്പിക്കുന്ന ഒരു കാര്യം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്ന് ഗുജറാത്താണെന്നാണ്. കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുകയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ സുരക്ഷിതത്വം എന്നീ അതീവ പ്രാധാന്യമുള്ള സാമൂഹിക സുരക്ഷാ മേഖലകളിൽ മുതൽമുടക്ക് കുറച്ചുകൊണ്ടുവരുന്ന സർക്കാർ നടപടിയെ ഒരു മികച്ച വികസന മാതൃകയായി എങ്ങനെ അംഗീകരിക്കാൻ കഴിയും.
2002 ലെ ഗോധ്ര സംഭവത്തിന് ശേഷം ഗുജറാത്തിൽ നടന്ന വർഗീയ കലാപത്തിൽ ആയിരക്കണക്കിന് മനുഷ്യരാണ് മരിച്ചുവീണത്. കത്തിച്ചാമ്പലായ മനുഷ്യമാംസത്തിന്റെ ഗന്ധം ഇപ്പോഴുമുണ്ട് ഗുജറാത്തിലെ തെരുവുകളിൽ. ഭരണകൂടത്തിന്റെ സ്‌പോൺസർഷിപ്പോടെ നടന്നതായിരുന്നു ആ കലാപം. അക്രമം നിയന്ത്രിക്കേണ്ടവർ കലാപകാരികൾക്ക് ഒത്താശ നൽകുകയായിരുന്നുവെന്നതാണ് ഗുജറാത്തിന്റെ ചരിത്രം. കലാപത്തിന് ശേഷവും ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലുകളും മറ്റ് ഭരണകൂട ഭീകരതകളും നാം ആവോളം കണ്ടതാണ്. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്നു. പച്ച വർഗീയത വികസനത്തിന്റെ കപട മുഖംമൂടിയണിഞ്ഞുവരുന്ന ഗുജറാത്ത് മാതൃകയിൽനിന്ന് കേരളത്തിന് എന്തു പഠിക്കാനാണ്? വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അരികുവൽക്കരണത്തിന്റെയും ഗുജറാത്ത് മാതൃകയാണോ കേരളത്തിലെ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്? ചോദ്യങ്ങൾക്ക് പിണറായി സർക്കാർ ഉത്തരം പറഞ്ഞേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."