നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കൃഷ്ണകുമാര്‍; തെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയില്‍ തമ്മിലടി തീരുന്നില്ല
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ തമ്മിലടി കൂടുതല്‍ രൂക്ഷമാകുന്നു. ഇന്നലെ നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച നടന്‍ ജി. കൃഷ്ണകുമാര്‍ രംഗത്തെത്തി.
പാര്‍ട്ടി വോട്ടുകള്‍ തനിക്കു ലഭിച്ചില്ലെന്നും മണ്ഡലത്തിലെ വിജയസാധ്യത ബി.ജെ. പി നേതൃത്വം ഒട്ടും ഉപയോഗിച്ചില്ലെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. സര്‍വേകള്‍ തനിക്കു വിജയസാധ്യത പ്രവചിച്ചിട്ടും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ നേതൃത്വം തയാറായില്ല.
കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് എത്താത്തിന്റെ കാരണം ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. സമീപ മണ്ഡലങ്ങളില്‍ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തി. തന്റെ മണ്ഡലത്തിനകത്താണ് എയര്‍പോര്‍ട്ട്. ദേശീയ നേതാക്കളെല്ലാവരും ഈ എയര്‍പോര്‍ട്ടിലൂടെയാണ് വരുന്നതും പോകുന്നതും. എന്നിട്ടും തന്റെ മണ്ഡലത്തില്‍ ആരും പ്രചാരണത്തിനു വന്നില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.
കഴിഞ്ഞദിവസം നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗത്തില്‍ ജില്ലയിലുണ്ടായ വോട്ടുചോര്‍ച്ച സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ജില്ലാ പ്രസിഡന്റ് വി.വി രാജേഷും എസ്. സുരേഷും ജെ.ആര്‍ പത്മകുമാറും തമ്മിലായിരുന്നു തര്‍ക്കം. കഴക്കൂട്ടത്തു മത്സരിച്ച ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തോട് പ്രതിഷേധിച്ച് യോഗങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."