കുടുംബത്തെ പിളര്‍ത്തിയത് അഭിപ്രായ ഭിന്നതയല്ല, അതെ, പാര്‍ട്ടിക്കുവേണ്ടി മാത്രം
തിരുവനന്തപുരം: 1957 മേയ് 30ന് തിരുവനന്തപുരത്തെ മന്ത്രിമന്ദിരത്തിലായിരുന്നു ആ വിവാഹം. ആദ്യ കേരള നിയമസഭയിലെ രണ്ടു മന്ത്രിമാരായിരുന്നു വധുവും വരനും. ഗൗരിയമ്മയുടെയും ടി.വി. തോമസിന്റെയും വിവാഹം. അതൊരു പ്രണയവിവാഹമായിരുന്നില്ല. ഒരേ ആശയധാരയിലൂടെ സഞ്ചരിച്ചവരുടെ അറിഞ്ഞുള്ള വിവാഹം.
വിവാഹത്തിനു മുമ്പേ ആരുമറിയാതെ തിരുനെല്‍വേലിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. അതോടെ ആ ദാമ്പത്യവും പിളര്‍ന്നു. സത്യത്തില്‍ എന്തെങ്കിലും വ്യക്തിപരമായ അഭിപ്രായ ഭിന്നതകൊണ്ടായിരുന്നില്ല കുടുംബത്തിലെ പിളര്‍പ്പ്. ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി ഇതുമാത്രമായിരുന്നു കാരണം. അല്ലാതെ അവര്‍ തമ്മില്‍ ഒരഭിപ്രായ ഭിന്നതയുമുണ്ടായിരുന്നില്ല. ഇതോടെ ജിവിതത്തിലും വേര്‍പിരിഞ്ഞെങ്കിലും ഇരുവരും മരണംവരേ മറ്റൊരു വിവാഹവും കഴിച്ചില്ല. അതിനെക്കുറിച്ച് ആലോചിച്ചതുമില്ല.
ഭര്‍ത്താവിന്റെ അന്ത്യനിമിഷങ്ങളില്‍ കൂടെയില്ലാതെ പോയത് ഗൗരിയമ്മയെ ഏറ്റവും വേദനിപ്പിച്ച മറ്റൊരു ദുരന്ത നിമിഷം. ബോംബെയിലായിരുന്നു ടി.വി തോമസ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തെ കാണാന്‍ പാര്‍ട്ടി അനുമതി വാങ്ങിരണ്ടാഴ്ചയോളം ബോംബെയിലെ ആശുപത്രിയിലെത്തി ഭര്‍ത്താവിനെ പരിചരിച്ചു.
പിരിയാന്‍ നേരം അദ്ദേഹം ഒരുപാട് കരഞ്ഞെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. പിന്നീട് ഇരുവരും കണ്ടില്ല. 1977 മാര്‍ച്ച് 26ന് ടി.വി തോമസ് മരിച്ചു. പിന്നെ കണ്ടത് ചേതനയറ്റ ശരീരം മാത്രം. വെള്ളപുതച്ചുകിടന്ന ഭര്‍ത്താവിന്റെ മുഖം ഒരുതവണകൂടി കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."