തൃക്കാക്കരയിൽ ഉമാ തോമസ് രാഷ്ട്രീയം പറഞ്ഞ് പൊതുവേദിയിൽ നടിയെ ആക്രമിച്ച കേസ്: പൊലിസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രം
കൊച്ചി
നടിയെ ആക്രമിച്ച കേസിൽ പൊലിസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമാണോ എന്ന് സംശയിക്കുന്നതായി അന്തരിച്ച പി.ടി തോമസ് എം.എൽ.എയുടെ ഭാര്യ ഉമാ തോമസ്. കേസന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്നു എന്നാരോപിച്ച് ഫ്രണ്ട്‌സ് ഓഫ് പി.ടി ആൻഡ് നേച്ചർ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ഉമ.
പി.ടി തോമസുണ്ടായിരുന്നെങ്കിൽ നടിക്കൊപ്പം ഉറച്ചുനിന്നേനെ. സംഭവദിവസം പി.ടി അനുഭവിച്ച സമ്മർദം നേരിട്ട് കണ്ടിട്ടുണ്ട്. ആ പെൺകുട്ടിയുടെ കണ്ണുനീർ പി.ടിയെ അത്രമാത്രം അസ്വസ്ഥനാക്കിയിരുന്നുവെന്നും ഉമ പറഞ്ഞു. ഏകദിന ഉപവാസ സമരം നടക്കുന്ന എറണാകുളം ഗാന്ധി സ്‌ക്വയറിലെത്തിയാണ് ഉമ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയ ചർച്ചകൾ കോൺഗ്രസിൽ സജീവമായിരിക്കെയാണ് ഉമ മണ്ഡലത്തിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. തൃക്കാക്കരയിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അവർ പറഞ്ഞു. കൊച്ചിയിൽ ജില്ലാ കോൺഗ്രസ് നേതൃസംഗമം നടക്കുന്നതിനിടെയാണ് പൊതുവേദിയിലേക്കുളള വരവ്.
മത്സരിക്കാനില്ലെന്ന പഴയ നിലപാടിൽനിന്നുളള പ്രകടമായ മാറ്റമാണ് ഉമയുടേത്. തൃക്കാക്കരയിൽ സ്ഥാനാർഥിയായി പരിഗണിക്കുന്നതായി ഹൈക്കമാൻഡും കെ.പി.സി.സി നേതൃത്വവും ദിവസങ്ങൾക്കു മുമ്പ് ഉമയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിനു തുടർച്ചയായിട്ടാണ് കോൺഗ്രസ് നേതൃത്വം മുൻകൈയെടുത്ത് ഉമയെ പൊതുവേദിയിലെത്തിച്ചത്.
എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനോപ്പം നിന്ന മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ വർഷം പി.ടി തോമസിന് ഇവിടെ ലഭിച്ചത് 14,329 വോട്ടിന്റെ ഭൂരിപക്ഷമാണ്. പൂർണമായും നഗരസ്വഭാവമുള്ള മണ്ഡലം ഇത്തവണയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. വിജയം ആവർത്തിക്കാൻ ഉമ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ താൽപര്യം.
കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മുതൽ ജയ്‌സൺ ജോസഫ് വരെയുള്ള അര ഡസൻ നേതാക്കൾ സീറ്റിനായി രംഗത്തുണ്ട്. തർക്കമൊഴിവാക്കാൻ ഉമയെ മത്സരിപ്പിക്കുന്നതാണ് അഭികാമ്യമെന്ന നിലപാട് കെ.പി.പി.സി നേതൃത്വത്തിനുണ്ടെങ്കിലും സീറ്റിനായുള്ള വിവിധ ഗ്രൂപ്പുകളുടെ സമ്മർദവും ശക്തമാണ്.
അതേസമയം തൃക്കാക്കര കൂടി പിടിച്ച് നിയമസഭയിൽ സെഞ്ചുറിയടിക്കാമെന്നാണ് ഇടതുമുന്നണിയിലെ കണക്കുകൂട്ടൽ. പാർട്ടി സ്ഥാനാർഥിയോ ഇടതു സ്വതന്ത്രനോ എന്ന കാര്യത്തിൽ സി.പി.എമ്മിലും ചർച്ച തുടരുകയാണ്. പാർട്ടി സ്ഥാനാർഥി തന്നെ വരണമെന്ന നിലപാട് ജില്ലാ നേതൃത്വത്തിനുണ്ടെങ്കിലും ഉമയുടെ സ്ഥാനാർത്ഥിത്വം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."