ഡൽഹി ഇരുട്ടിലേക്ക് തലസ്ഥാനത്ത് വൈദ്യുതിക്ഷാമമെന്ന് ഡൽഹി സർക്കാർ; ശേഷിക്കുന്നത് ഒരു ദിവസത്തേയ്ക്കുള്ള കൽക്കരി മാത്രം
ന്യൂഡൽഹി
കൽക്കരി ദൗർലഭ്യം മുലം രാജ്യതലസ്ഥാനം ഇരുട്ടിലാകുമെന്ന് ഡൽഹി സർക്കാർ. താപവൈദ്യുതി നിലയങ്ങളിൽ 21 ദിവസത്തെ കൽക്കരി സ്റ്റോക്കുണ്ടാകേണ്ടിയിരുന്ന സ്ഥാനത്ത് നിലവിൽ ഒരു ദിവസത്തേക്കുള്ളതു മാത്രമാണ് ശേഷിക്കുന്നതെന്ന് ഡൽഹി വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയ്ൻ പറഞ്ഞു. കൽക്കരിയില്ലാതെ താപവൈദ്യുതി നിലയങ്ങൾ അടച്ചിടേണ്ടിവന്നാൽ ഡൽഹിയെ അത് സാരമായി ബാധിക്കും. ഒരു ദിവസത്തെ കൽക്കരി സ്റ്റോക്ക് കൊണ്ട് ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാനാവില്ല.
ഡൽഹിയിലെ ദാദ്‌രി-2, ഉൻചാഹർ വൈദ്യുതി നിലയങ്ങൾ പ്രതിസന്ധിയിലാണ്. ഇത് ഡൽഹി മെട്രോയുടെയും ഡൽഹി ആശുപത്രിയുടെയും പ്രവർത്തനത്തെ ബാധിക്കും. ദാദ്‌രി-2 വൈദ്യുതി നിലയത്തിൽ നിന്ന് 728 മെഗാവാട്ട് വൈദ്യുതിയും ഉൻചാഹറിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതിയുമാണ് ഉത്പാദിപ്പിക്കുന്നത്.
സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും തലസ്ഥാനം ഇരുട്ടിലാകാതെ നോക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."