വര്‍ഗീയ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം; 'കൈകൂപ്പി' മകന് ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: മുസ് ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ കൈകൂപ്പി മകന് ഷോണ്‍ ജോര്‍ജ്. പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ കൈകൂപ്പി നില്ക്കുന്ന ഇമോജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം. ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാര്‍ളിയും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.കച്ചവടം ചെയ്യുന്ന മുസ്ലിംകള് പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു.,പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ഷാഫി പറമ്പില്‍, വി ടി ബല്‍റാം എന്നിവരെല്ലാം പി സി ജോര്‍ജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹീനമായ വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജിനെതിരെ നിയമാനുസരണം കേസെടുക്കാന്‍ കേരളാ പൊലീസിന് എന്താണ് തടസമെന്ന് മനസ്സിലാവുന്നില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.
തമ്മിലടിപ്പിക്കല്‍ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പൊലിസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോര്‍ജ്ജെന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
തരാതരം പോലെ ഏത് വൃത്തികേടും എന്ത് തരം വര്‍ഗീയതയും ഒഴുകുന്ന ആ അഴുക്കു ചാലില്‍ നിന്ന് കഴിഞ്ഞ ദിവസം ബഹിര്‍ഗമിച്ച വാക്കുകളുടെ ദുര്‍ഗന്ധവും അറപ്പും ഇനിയും മാറിയിട്ടില്ലെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ, പിസി ജോര്‍ജിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."