ഊദിന്റെ മണമുള്ള ഈദ്
നോമ്പ് 29ല്‍ അവസാനിക്കുന്നതാണ് കുട്ടികള്‍ക്കിഷ്ടം. അതിന് പ്രത്യേക രസമായിരിക്കും. മാസം കണ്ടെന്ന വിവരത്തിനായി കുട്ടികള്‍ ഒത്തുകൂടും. പെരുന്നാള്‍ ആകുമോയെന്ന സുഖമുള്ള കാത്തിരിപ്പ് ആനന്ദദായകമാണ്. മാസംകണ്ടെന്ന വിവരം വരുമ്പോഴായിരിക്കും പെണ്‍കുട്ടികള്‍ കൂട്ടമായി വളപ്പിലെ വലിയ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ചെടുക്കുക. മുറത്തില്‍ കൂട്ടിവെക്കുന്ന മൈലാഞ്ചിയിലകളെല്ലാം തണ്ടില്‍ നിന്നും വേര്‍തിരിച്ച് കഴുകി അമ്മിയിലിട്ട് അരയ്ക്കും. ഒരു പച്ചമണം പരക്കും. ചുകപ്പ് കൂടാന്‍വേണ്ടി വെളഞ്ഞീനും കരിച്ച് ഒഴിക്കും. അരച്ച മൈലാഞ്ചി ഈര്‍ക്കിള്‍ കൊണ്ട് കൈവെള്ളയിലിട്ട് എത്ര മനോഹരമായി ചുവക്കുമെന്ന ആകാംക്ഷയില്‍ ഉറങ്ങാത്ത പെരുന്നാള്‍ രാവുകള്‍.
കാത്തുവെച്ച് കിട്ടിയ പുതുവസ്ത്രങ്ങള്‍ ധരിച്ച് ഈദിലൊരു ഗമയുള്ള നടത്തമുണ്ട്. രാത്രി വീട് മുഴുവന്‍ വെളിച്ചമായിരിക്കും. കുടുംബത്തിലെ എല്ലാവരും നാളെ ഒത്തുചേരുമെന്ന സന്തോഷം. പ്രത്യേകിച്ചും തറവാട്ടില്‍ രാത്രി വീടുറങ്ങാന്‍ ഏറെ വൈകും. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിക്കലില്‍ തിമിര്‍ക്കും. നേരം വെളുക്കാറായോയെന്ന് ഇടയ്ക്കിടെ പാതിയുറക്കില്‍ ഉണര്‍ന്നിരിക്കുന്ന കുരുന്നുകളെയും കാണാം.
കുട്ടിക്കാലത്ത് പെരുന്നാളിന് മാത്രം കിട്ടുന്ന അപൂര്‍വതകള്‍ ഏറെയുണ്ട്. അതിലൊന്ന് സ്വാതന്ത്ര്യം തന്നെയാണ്. വീടിന് പുറത്തേക്ക് പോകുന്നത് ചോദ്യംചെയ്യപ്പെടാത്ത ദിവസം. അത് പെരുന്നാളിന് മാത്രമാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണപലഹാരങ്ങള്‍ ലഭിക്കുന്ന ദിവസവുമാണത്. 'ഈദിനെന്തൊരു ഭംഗി, ഊദിന്റെ മണമാണിതിന്, മൈലാഞ്ചി ചോപ്പുണ്ടല്ലോ, മാരന്റെ ചേലുണ്ടല്ലോ' എന്നീ ഗാനശകലങ്ങളും ഈരടികളോടെ ഉയര്‍ന്നു പൊങ്ങുന്നു. പെരുന്നാളിന്റെ ഭംഗിയും വലുപ്പവും കുട്ടികള്‍ക്ക് തന്നെയാണ്.
പെരുന്നാള്‍ ദിവസം വീട്ടില്‍ ഓരോരുത്തരും ഓരോ തിരക്കിലാണ്. ഉപ്പ അറിയാതെ ചെറിയ കുട്ടികള്‍ ഇക്കാക്കാനെ കൊണ്ട് പടക്കം വാങ്ങിപ്പിക്കും. പെരുന്നാള്‍ കുപ്പായം തേച്ച് വെക്കുന്ന തിരക്കു വേറെ. അപ്പോഴായിരിക്കും ഉപ്പ ഓട്ടോയില്‍ സകാത്തിനുള്ള അരിയുമായി വരുക. 10 പൊതിയാക്കി ടോര്‍ച്ചും കത്തിച്ച് തക്ബീറും ചൊല്ലി ഒരു നടത്തമുണ്ട്. പാത്തുമ്മത്താത്തയുടെ, സൈനബത്താത്തയുടെ, പോക്കര്‍ക്കാന്റെ വീടുകളിലേക്ക്.
പ്രഭാതത്തില്‍ എല്ലാവരും ചാടിയെണീറ്റ് നേരത്തെ കുളിച്ച് പുത്തനുടുപ്പ് ധരിച്ച് അത്തറുംപൂശി പള്ളിയിലേക്ക് പോകും. പുത്തനുടുപ്പിന്റെ മണവുമായി എല്ലാവരും ഉണ്ടാകും അവിടെ. സലാം കൊടുത്ത് കെട്ടിപ്പിടിച്ച് ആശംസകള്‍ കൈമാറും. കൂടെ മിഠായികളും. നിസ്‌കാരശേഷം ആദ്യം മൂത്താപ്പാന്റെ വീട്ടിലെത്തും. രണ്ട് ഗ്ലാസ് പായസം കുടിച്ച് എളാപ്പാന്റെ വീട്ടില്‍ ചെന്ന് നെയിച്ചോറും ചിക്കന്‍ കറിയും. ഉച്ചയാകുമ്പോഴേക്ക് വലിയുമ്മാന്റെ അടുത്ത് എല്ലാവരും ഹാജരാവും. വട്ടത്തില്‍ സുപ്രയിട്ട് അതിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴുള്ള രുചി പെരുന്നാളിന് മാത്രം അവകാശപ്പെട്ടതാണ്. ഭക്ഷണശേഷം സൊറപറഞ്ഞിരിക്കും. കോലായില്‍ വലിയുമ്മാന്റെ കൂടെയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരിക്കും. അങ്ങനെ പെരുന്നാള്‍ പെരും നാളാകുന്നത് എല്ലാവരും കൂടി ഒരുവീട്ടില്‍ ഒത്തുകൂടുമ്പോഴാണ്.
സ്ത്രീകള്‍ ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതുമൊക്കെ അടുക്കളയിലാണെന്നു തോന്നും അവരുടെ ഒരുക്കങ്ങള്‍ കണ്ടാല്‍. അവരുടെ പെരുന്നാള്‍ ദിവസം തുടങ്ങുന്നത് തന്നെ അടുക്കളയിലാണ്. നാലു മണിക്കോ അതിന് മുമ്പോ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് പായസം റെഡിയാക്കുകയും ബിരിയാണി ദം ഇടുകയും ചെയ്യുന്ന തിരക്കിലാകും. പ്രഭാത നിസ്‌കാര കഴിഞ്ഞാലുടന്‍ പള്ളിയില്‍ നിന്നും ജോറായി തക്ബീര്‍ ചൊല്ലുന്ന ശബ്ദം കേള്‍ക്കാം. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് എത്തുമ്പോഴേക്ക് ബിരിയാണി ദം പൊട്ടിക്കുകയും ഇറച്ചി തൂമിക്കുകയും പായസം ശരിയാക്കുകയും വേണം. വീടും പരിസരവും വൃത്തിയാക്കി സുഗന്ധങ്ങള്‍ പരത്തി ബലൂണുകള്‍ കൊണ്ടും മറ്റും അലങ്കരിക്കും.
പണ്ടുകാലത്തെ പെരുന്നാളിന് ഇരട്ടി മധുരവും ആനന്ദവുമുണ്ടായിരുന്നു. കുടുംബസമേതം എല്ലാവരും ഒത്തുകൂടി ഒന്നിച്ച് വലിയ തളികയില്‍ ഭക്ഷണം വിളമ്പി കഴിക്കും. കുട്ടികളും വലിയവരുമെല്ലാം ഒന്നിച്ചൊരു വട്ടത്തിലൊരു ഇരുത്തമുണ്ട്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിരുന്ന് പോയി കഥ പറഞ്ഞിരിക്കും. പക്ഷെ പുതിയ കാലത്ത് ഇതെല്ലാം അന്യമായിത്തുടങ്ങി.
ആഘോഷങ്ങളെ മനസ്സിനോട് ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം. പ്രഭാതത്തിന് മുമ്പ് വീട്ടിലുള്ളവര്‍ക്ക് ആഹരിക്കാനുള്ളത് കഴിച്ച് മുഴുവന്‍ പേര്‍ക്കുമുള്ള ഫിത്വ്ര്! സകാത്ത് നല്‍കണം. ഭക്ഷ്യധാന്യമാണ് നല്‍കേണ്ടത്. ചില വലിയ വീടുകളില്‍ ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കൈ നീട്ടാനാവാതെ എരിയുന്ന വയറുകളുമായി യാചിക്കാനാവാതെ ജീവിക്കുന്ന ജീവിതങ്ങളുണ്ട്. അവരെ കണ്ടെത്തി സഹായിക്കുകയും ദാനധര്‍മങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം.
പെരുന്നാളിന് തലേ ദിവസത്തെ ഉറക്കിന്റെ ഒരാലാസ്യവും മുഖത്തുണ്ടാവില്ല. ആഘോഷപ്പൊലിമയില്‍ എല്ലാ പ്രയാസവും ദുഃഖവും ആലസ്യവും ഇല്ലാതാകും. ശവ്വാലമ്പളി മാനത്ത് തെളിഞ്ഞാല്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്ന തക്ബീറിന്റെ ധ്വനിമധുരങ്ങള്‍ കുളിര്‍മയേകുന്ന അനുഭവങ്ങളാണ്.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും നിലാവെളിച്ചം മനസ്സിലേക്കാവാഹിച്ച് നോമ്പുകാരന്‍ നേടിയെടുത്ത ഉണര്‍വിന്റെ, ക്ഷമയുടെ, നന്മയുടെ പുതുപുലരിയാണ് പെരുന്നാള്‍. ഹൃദയങ്ങള്‍ തമ്മില്‍ സ്‌നേഹം കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങള്‍ സുശക്തമാവുമെന്ന സന്ദേശം കൈമാറുകയാണ് പെരുന്നാള്‍.
ആരും പട്ടിണി കിടക്കാത്ത ഒരുദിവസം ഈദ് ആഘോഷം ഉറപ്പുവരുത്തുന്നു. സൗഹൃദവും സന്ദര്‍ശനവും സമ്പര്‍ക്കവും. ഹൃദയങ്ങളെ ഇണക്കുന്ന സ്‌നേഹത്തിന്റെ ആലിംഗനമാണ് പെരുന്നാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."