HOME
DETAILS

വിചാരണ' വിചാരണ മാത്രമല്ല

  
backup
May 01 2022 | 02:05 AM

ken-vijarana-2313

സത്ഭരണമുണ്ടാകുമ്പോള്‍ ആകാശത്തുനിന്നും മധുരമഞ്ഞ് പൊഴിയുമെന്ന് ചൈനീസ് പഴമൊഴി! നാവിന്‍തുമ്പത്തെ മധുരം നിമിഷങ്ങള്‍ക്കകം തീരും. എന്നാല്‍ സ്മരണയിലെ 'മധുരങ്ങള്‍' മരണമില്ലാത്ത കോരിത്തരിപ്പുകളായി തുടരും. സത്യസ്വപ്‌നങ്ങളെ സമകാലികതയുമായി നിരന്തരം ബന്ധിപ്പിക്കുന്ന 'സ്മരണകള്‍' സര്‍ഗരചനകളുടെ സ്രോതസ്സാവുമ്പോള്‍ ജീവിതം സജീവമാകും. വെറുപ്പിന് സൂചികുത്താനിടമില്ലാത്തവിധം എവിടെയൊക്കെയോ നിന്ന് സൗഹൃദങ്ങള്‍ അപ്പോള്‍ ആ ജീവിതത്തിലേക്ക് ഇരച്ചുവരും.
നവഫാസിസം ഉത്സവങ്ങളെപ്പോലും സംഘര്‍ഷസ്രോതസ്സാക്കും. സ്വകാര്യ അഭിരുചികളിലേക്കും വ്യത്യസ്ത വിശ്വാസങ്ങളിലേക്കും ബുള്‍ഡോസറുകള്‍ ഇടിച്ചുകയറ്റും. 'മുട്ടതര്‍ക്ക'ത്തിനും തട്ടതര്‍ക്കത്തിനുമിടയിലിട്ടവര്‍ മതനിരപേക്ഷതയെ നാണംകെടുത്തും. കര്‍ണാടകയിലെ ചില പ്രദേശങ്ങളെ ആഴ്ചകളോളം ഇരുട്ടിലാഴ്ത്തിയ ഒരു തര്‍ക്കം സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആഴ്ചയില്‍ മൂന്നുദിവസം പുഴുങ്ങിയ കോഴിമുട്ട നല്‍കാന്‍ തീരുമാനിച്ചതാണ്. ആവശ്യമുള്ളവര്‍ മാത്രം കഴിച്ചാല്‍ മതി. എന്നിട്ടും 'ആവശ്യമില്ലാത്തവര്‍' ആജ്ഞാപിച്ചത് ആരും കഴിച്ചുപോകരുതെന്നാണ്. കുറേ ദിവസങ്ങള്‍ 'The Raw over boiled eggs' എന്ന പേരില്‍ ലോകം ആ വാര്‍ത്ത വായിച്ചിരിക്കും. ഇങ്ങനെയുമൊരു ഭരണകൂടം ലോകത്തുണ്ടോ എന്നോര്‍ത്തവര്‍ ആര്‍ത്താര്‍ത്തു ചിരിച്ചിരിക്കും. 'തട്ടപ്രശ്‌നത്തില്‍' കൂടി തൊട്ടുകൊണ്ടാണ് ഇന്ത്യനവസ്ഥയെക്കുറിച്ച് നോം ചോംസ്‌കി ഭയാനകം എന്ന് പറഞ്ഞുപോയത്. അനാഥമായിപ്പോകുന്ന പീഡിതരുടെ നിലവിളിയെ ഒന്നാശ്ലേഷിക്കാന്‍ പോലുമാകാതെ പോവുന്ന ഇന്ത്യനാകാശത്തുനിന്നും 'മധുരമഞ്ഞല്ല', കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. പിന്നെ ആകെ ബാക്കിയാവുന്നത് പ്രതീക്ഷിക്കാനാകായ്മയില്‍ നിന്നുള്ള പ്രതീക്ഷകളാണ്. സിനിമകളായും നോവലുകളായും പാട്ടുകളായും ദീര്‍ഘനിശ്വാസങ്ങളായും കഥകളായും കവിതകളായും ചങ്കിടിപ്പായും പറയപ്പെടാതെ പോവുന്ന ഉത്കണ്ഠകളായും അതുണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ആകാശത്തുനിന്ന് 'മധുരമഞ്ഞൊന്നും' വീഴുന്നില്ലെങ്കിലും ഭൂമിയില്‍ വെറുപ്പിന്റെ ചോര ഒഴുകരുതെന്ന് കൊതിച്ചുകൊണ്ട്!
പല പ്രകാരത്തില്‍ പേമാരിപോലെ പെയ്യുന്ന വെറുപ്പിനെതിരെയുള്ള ചെറുത്തുനില്‍പാണ് യുവപ്രതിഭകളില്‍ ഏറെ ശ്രദ്ധേയനായ സമീര്‍ മലയിലിന്റെ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'വിചാരണ'. ഒരു നോവല്‍ എന്നതിനപ്പുറം നീതിനിഷേധത്തിന്റെ ഒരു ചരിത്രരേഖ കൂടിയായി പ്രബുദ്ധ വായനയില്‍ പ്രതിബന്ധങ്ങളോട് എതിരിട്ട് ആ നോവല്‍ നാളെയും നിവര്‍ന്നുനില്‍ക്കും. 'വിചാരണത്തടവുകാര്‍' എന്നുള്ളത് നിയമത്തിന് സ്വീകാര്യമാവുമെങ്കിലും 'നീതി'ക്ക് അതത്രമേല്‍ സ്വീകാര്യമാവുകയില്ല. പലപ്പോഴുമത് കുറ്റം ചെയ്യാത്തവരെ 'കുറ്റവാളി'യാക്കുന്ന ഒരധികാരപ്രയോഗമായി തീരുന്നതിന് കാലം സാക്ഷി! അബ്ദുന്നാസര്‍ മഅ്ദനിയുടെ ഒമ്പതര വര്‍ഷത്തെ ഒന്നാംവട്ട തടവുജീവിതം കൊടിയ അന്യായമായിപ്പോയെന്ന് നിയമത്തിനുതന്നെയും ഒടുവില്‍ സമ്മതിക്കേണ്ടിവന്നത് അസ്വാസ്ഥ്യജനകമായ നമ്മുടെ സമകാല ചരിത്രം.
ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരനായ ഡോ. ഹനീഫിനെ ഏതാനും മാസങ്ങള്‍ 'ഭീകരവാദി'യെന്ന ധാരണയില്‍ അറസ്റ്റ്‌ചെയ്തു തടവിലിട്ടതും ഭീകരവാദിയല്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടതും കോടികള്‍ നഷ്ടപരിഹാരമായി നല്‍കിയതും ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആ യുവ ഡോക്ടറോടും രാഷ്ട്രത്തോടും മാപ്പുപറഞ്ഞതും ആവേശത്തോടെ അനുസ്മരിക്കുന്നവര്‍ മറന്നുപോവുന്നത് അപ്പോള്‍ പോലും 'താല്‍ക്കാലിക കുറ്റവാളി മുദ്ര' അകാരണമായി പേറേണ്ടിവന്ന ആ ഡോക്ടര്‍ക്കുണ്ടാവുന്ന മുറിവുകളുടെ ആഴമാണ്. 'പുകയില്ലാതെ തീയുണ്ടാവില്ലല്ലോ' എന്ന യുക്തിയില്‍ എന്തെങ്കിലും പിഴവില്ലാതെ വെറുതെ ഒരാളെ പിടിച്ച് തടവിലിടുമോ എന്ന നാട്ടുയുക്തിയുടെ നിഴലിലാണ് നിരപരാധികളെ അപരാധികളാക്കുന്ന നിയമം സുരക്ഷിതമാവുന്നത്. നീതിയോടിടയുന്ന നിയമങ്ങളെയാണ്, വ്യാജ ഭീകരതകളുടെ മറവില്‍ ഒളിക്കുന്ന കൊടും ഭീകരതകളെയാണ് നമ്മുടെ കാലം മുന്‍വിധികളൊക്കെയും മാറ്റിവെച്ച് അനിവാര്യമായും വായിക്കേണ്ട 'വിചാരണ'യെന്ന നോവല്‍ ആവിഷ്‌കരിക്കുന്നത്.
സമീര്‍ മലയിലിന്റെ ആദ്യ നോവലായ 'ഹസ്തിനാപുരം' മഹാഭാരതത്തിന്റെ രാഷ്ട്രീയ വായനയാണെങ്കില്‍ രണ്ടാമത്തെ നോവലായ വിചാരണ ഭാരത മഹാരാജ്യത്തില്‍ ആധിപത്യം സ്ഥാപിച്ച രാഷ്ട്രീയത്തിന്റെ 'നീതിരാഹിത്യ'ത്തിന്റെ സൂക്ഷ്മ വിശകലനമാണ്. 'ഹസ്തിനാപുരി'യെന്ന നോവല്‍ ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള ഒരഭിമുഖമാണെങ്കില്‍, 'വിചാരണ' വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള സംവാദമാണ്. കേരളമാണ് നോവലിന്റെ പശ്ചാത്തലമെങ്കിലും അതില്‍ തുറക്കപ്പെടുന്നത് അതിനുമപ്പുറത്തേക്കുള്ള വാതിലുകളാണ്.
'കേരള സാമൂഹ്യ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കൃതി. ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരളത്തിലും വിവിധ തരത്തില്‍ അലകള്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും മാധ്യമങ്ങളെയും വിചാരണചെയ്യുകയാണ് ഗ്രന്ഥകാരന്‍. നീതി, മനുഷ്യാവകാശം, ഭരണകൂടം. ഇവയുടെ പ്രവര്‍ത്തന രീതികളെ, പക്ഷപാതങ്ങളെ വിലയിരുത്തുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നവരെയും സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണ് 'വിചാരണ'. വിചാരണയില്‍ സത്യമുണ്ട്; ഭാവനയുണ്ട്, ചരിത്രമുണ്ട്'.
വിചാരണ ഒരു വ്യക്തിയിലോ ഒരു സംഭവത്തിലോ ഒരവസ്ഥയിലോ തുടങ്ങി അവിടെ മാത്രം അവസാനിക്കുന്നൊരു ആഖ്യാനമല്ല. ഒരര്‍ഥത്തിലത് നീതി തേടിയുള്ള അശാന്തമായ അന്വേഷണമാണ്. ജന്മനാട്ടിലെ ഇലകളുടെ വര്‍ണഭംഗികളല്ല, നീതിക്കുവേണ്ടി നിലവിളിച്ചോടുന്ന തെരുവിലെ തിളയ്ക്കുന്ന ചോരയിലാണ് സമീര്‍ മലയില്‍ കൈവച്ചിരിക്കുന്നത്.
പ്രശസ്ത ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷിയസ് യാത്രയ്ക്കിടെ കാട്ടില്‍ ഒറ്റയ്ക്കിരുന്ന് കരയുന്നൊരു മനുഷ്യനെ കണ്ടുമുട്ടി. എന്തിനാണ് കരയുന്നതെന്ന് തിരക്കി. കാട്ടില്‍വെച്ച് കൂടെയുണ്ടായിരുന്ന ഭാര്യയെയും മക്കളെയും പുലി പിടിച്ചു. ഞാനൊറ്റയായി അയാള്‍ പറഞ്ഞു. ഇനി ഇവിടെ കരഞ്ഞുകൊണ്ടിരുന്നാല്‍ താങ്കളെയും പുലി പിടിക്കില്ലേ. അതുകൊണ്ട് നാട്ടിലേക്ക് പോയ്ക്കൂടേ കണ്‍ഫ്യൂഷിയസ് ചോദിച്ചു. കണ്ണീരോടെ അയാള്‍ പറഞ്ഞത് നാട്ടില്‍ 'സര്‍ക്കാര്‍' ഉണ്ടെന്നായിരുന്നു! ജീവിതം നഷ്ടപ്പെടുന്നതിനേക്കാള്‍ ഭയാനകമാണ് ജീവിതത്തെ രക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അതിനെ അകാരണമായി ശിക്ഷിക്കുന്നതെന്ന തത്വമാണ് മേല്‍ചൊന്ന പുലിക്കഥാ വിവരണത്തില്‍ തെളിയുന്നത്.
നീതിനിഷേധം മാത്രമല്ല, നീതിയുടെ വിളംബവും വിവേചനവുമാണ് ഉത്തരേന്ത്യയില്‍ ചില സ്ഥലങ്ങളിലെങ്കിലും അമ്ലമഴപോലെ പെയ്തിറങ്ങുന്നത്. കൊലവിളികള്‍ക്കും നിലവിളികള്‍ക്കുമിടയില്‍ നിസ്സഹായരാകുന്ന ന്യൂനപക്ഷങ്ങളുടെ നിസ്‌തേജനമാവുന്ന ജീവിതമാണ് വര്‍ത്തമാന ഇന്ത്യന്‍ നവഫാസിസ്റ്റ് പശ്ചാത്തലത്തില്‍ 'വിചാരണ' എന്ന നോവലില്‍ തെളിയുന്നത്. കാണേണ്ടത് കാണാതെ പോവുന്നതിനെതിരെയാണ് സമീര്‍ മലയില്‍ കലഹിക്കുന്നത്. കേള്‍ക്കേണ്ടതൊന്നും കേള്‍ക്കാതെ പോവുന്നവരെയാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി സമീര്‍ വിചാരണ ചെയ്യുന്നത്.
കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടണം. പക്ഷേ എന്തിനിത്ര കാലവിളംബം. മുമ്പൊരിക്കള്‍ തന്റെ കേസ് നീണ്ടുപോവുന്നതില്‍ അസ്വസ്ഥനായ ഒരു കൊലക്കേസ് പ്രതി ന്യായാധിപനോട് പറഞ്ഞുവത്രേ. 'തൂക്കാനാണെങ്കില്‍ എന്നെ ഉടനെ തൂക്കണം, വിടുന്നെങ്കില്‍ ഉടനെ വിടണം. വെറുതെ 'ടൈം' വേസ്റ്റാക്കരുത്' എന്ന്! എത്ര കൃത്യം. അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍മുട്ടുകള്‍ക്കിടയിലിട്ട് ശ്വാസംമുട്ടിച്ചു കൊന്ന ഡെറിക് ഷോവിന്‍ എന്ന പൊലിസ് ഉദ്യോഗസ്ഥനുള്ള ശിക്ഷ എത്ര പെട്ടെന്നാണ് അമേരിക്കന്‍ കോടതി നടപ്പാക്കിയത്!
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം 'വിചാരണ തടവുകാരുടെ' കാര്യത്തില്‍ എത്രമാത്രം പാലിക്കപ്പെടുന്നുണ്ട്? ഭീകരര്‍ എന്ന ചാപ്പകുത്തി വര്‍ഷങ്ങളോളം തടവില്‍ കിടന്ന് സര്‍വരുടേയും പുച്ഛം ഏറ്റുവാങ്ങി ഒടുവില്‍ ഭീകരരല്ലെന്ന് വൈകി കണ്ടെത്തി നിയമം വെറുതെവിടുന്ന മനുഷ്യര്‍ക്ക് എന്ത് നഷ്ടപരിഹാരമാണ് രാഷ്ട്രം നല്‍കുന്നത്? അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ക്ക് കഴിയും. 'വിചാരണ'യെന്ന സമീറിന്റെ കൃതി ചോദിക്കാതെ ചോദിക്കുന്നത് ഇതുപോലെയുള്ള ഒരുപാട് ചോദ്യങ്ങളാണ്.
എഴുത്ത് എങ്ങനെയൊക്കെ നാം ഒഴിഞ്ഞുമാറിയാലും ഒടുവില്‍ പതുക്കെ സമകാലികാവസ്ഥയില്‍ തന്നെ എത്തിപ്പെടും. ഏതെഴുത്തും ശരിക്കുള്ള എഴുത്താവുന്നത് വായനയിലാണ്. അതോടെ നോവലിസ്റ്റ് സ്വന്തം കൃതിയെക്കുറിച്ച് എന്ത് കരുതിയെന്നുള്ളതും വായനയിലെ പൊട്ടിപ്പോവുകയോ തളിര്‍ക്കുകയോ ചെയ്യാവുന്ന ഒരിഴ മാത്രമായി മാറും. അതുകൊണ്ട് കൃതിയില്‍ എന്തുദ്ദേശിച്ചു, ഉദ്ദേശിച്ചില്ല എന്നത് ആത്യന്തികമായി 'വായനയില്‍' കൂടി വെച്ചാവും തീരുമാനിക്കപ്പെടുന്നത്! പറഞ്ഞുവരുന്നത് കൃതിയെക്കുറിച്ചുള്ള എഴുത്തുകാരുടെയും പ്രസാധകരുടെയും സത്യവാങ്മൂലങ്ങളെക്കാള്‍ വായനാനുഭവങ്ങളാണ് പ്രധാനം എന്ന വായനയുടെ ജനാധിപത്യതത്വമാണ്. സമീര്‍ മലയിലിന്റെ 'വിചാരണ' അങ്ങനെ നോക്കുമ്പോള്‍ അബ്ദുന്നാസര്‍ മഅ്ദനിക്ക് സമകാല മലയാള ഭാവനയും ആധുനിക നീതിബോധവും നല്‍കുന്നൊരു അഭിവാദ്യമാണ്.
'ഈ നോവലിലെ കഥയും കഥാപാത്രങ്ങളും ഗ്രന്ഥകാരന്റെ ഭാവനാസൃഷ്ടി മാത്രമാണ്. സാഹിത്യം ചരിത്രത്തിന്റെ ഉല്‍പന്നമാണ്. അതുകൊണ്ട് ഒരു തരത്തിലുമുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലില്ല' എന്ന ഗ്രന്ഥകര്‍ത്താവിന്റെയും പ്രസാധകരുടെയും സാക്ഷ്യം അവരുടെ 'സ്വകാര്യാനുഭവങ്ങള്‍' എന്ന നിലയില്‍ മാത്രം അതിനാല്‍ നിലനിന്നേക്കാം!
'ഇവര്‍ ഭീകരര്‍! അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍' എന്ന സമീക്ഷ പിക്‌ചേഴ്‌സിന്റെ പണ്ഡിതനും സാംസ്‌കാരിക വിമര്‍ശകനുമായ എ.പി കുഞ്ഞാമു വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പും ആ പുസ്തകത്തിന്റെ അവതാരികയും സമീറിന്റെ 'വിചാരണ' നോവല്‍ വായനയ്ക്ക് സഹായകമാവും. 'മുപ്പതിലധികം മലയാളികള്‍ ഭീകരവിരുദ്ധ നിയമപ്രകാരം വര്‍ഷങ്ങളായി വിചാരണത്തടവുകാരായി തടങ്കലില്‍ കഴിയുന്ന ഈ അവസരത്തില്‍ ജാമിഅഃ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ (ന്യൂഡല്‍ഹി) പുറത്തിറക്കിയ 'Framed, Damned and Acquitted: Dossiers of a very special cell' എന്ന പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് സംഗതമായിരിക്കുമെന്ന് തോന്നി. ഏതൊക്കെ വിധത്തില്‍ കള്ളക്കേസുകള്‍ വരാമെന്നും എങ്ങനെയാണ് പൊലിസിലും കോടതിയിലും വാദങ്ങള്‍ വരുന്നത് എന്നും ജനങ്ങളെ ജാഗരൂകരാക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.'
'ഈ കഥകള്‍ കള്ളമല്ല' എന്ന പേരിലുള്ള ശ്രദ്ധേയമായ അവതാരികയില്‍ രാഷ്ട്രീയ ചിന്തകനായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതി: ''ഭീകരതയ്ക്ക് മതമില്ലെന്ന് പറയുമ്പോഴും ഭീകരതയെന്ന മതവിരുദ്ധമായ നൃശംസതയ്ക്ക് മതത്തിന്റെ ലേബലൊട്ടിക്കാനുള്ള ശ്രമമാണ് ആഗോളതലത്തില്‍ നടക്കുന്നത്. സയണിസ്റ്റ് അധിനിവേശത്തില്‍ ഫലസ്തീനിലെ അഭയാര്‍ഥികള്‍ക്കാണ് ആദ്യം ആ പട്ടം കിട്ടിയതെങ്കില്‍, സാമുവല്‍ ഹണ്ടിങ്ടണിന്റെ ആപല്‍ക്കരമായ സിദ്ധാന്തത്തിന്റെ വ്യാപനകാലത്ത് പരപ്പനങ്ങാടിയിലെ മുഹമ്മദ് സക്കരിയ്യ എന്ന യുവാവും ആ പേരിന്റെ പേരില്‍ ഭീകരനെന്ന് മുദ്രകുത്തപ്പെടുന്നു... ഇങ്ങനെയൊരു ഡോക്യുമെന്റേഷന്‍ നമുക്കാവശ്യമുണ്ട്. മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി മഅ്ദനിക്കും മറ്റുള്ളവര്‍ക്കും നീതി നല്‍കണമെന്ന നിലപാട് സ്വീകരിക്കുന്നവരെയും ഭീകരരായി കാണുന്ന ഹീനമായ മനസ്സാണ് സമീപകാലം വരെ കേരളത്തിലെ പൊതുസമൂഹം കാണിച്ചിരുന്നത്. അന്യായമായി തടവില്‍ കഴിയേണ്ടിവന്ന ഏതാനും മുസ്‌ലിം യുവാക്കളെ സി.പി.എം ജനറല്‍ സെക്രട്ടറി രാഷ്ട്രപതിയുടെ മുന്നില്‍ ഹാജരാക്കുകയും കൃഷ്ണയ്യര്‍, കട്ജു തുടങ്ങിയ ന്യായാധിപന്മാര്‍ ഭരണകൂട ഭീകരതയ്‌ക്കെതിരേ സംസാരിക്കുകയും മുസ്‌ലിം ലീഗ് നിലപാട് വ്യക്തമാക്കുകയും ചെയ്തതോടെയാണ് സമൂഹത്തിന് വീണ്ടുവിചാരമുണ്ടായത്. മഅ്ദനിയെ മുന്‍നിര്‍ത്തി നടന്ന വ്യാപകമായ പ്രതിഷേധവും പ്രചാരണ പ്രവര്‍ത്തനങ്ങളും ഈ മാറ്റത്തിനു വേഗത വര്‍ധിപ്പിക്കാന്‍ സഹായകമായി.''
അല്‍പം ദീര്‍ഘമായി 'ഇവര്‍ ഭീകരര്‍' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ നിന്നും ഈയൊരുഭാഗം എടുത്തു ചേര്‍ത്തത് ഏതര്‍ഥത്തിലും സമീര്‍ മലയിലിന്റെ 'വിചാരണ' നോവലുമായി അത് ഏറക്കുറെ പൊരുത്തപ്പെട്ട് പോകുന്നതുകൊണ്ടാണ്. പൊതുബോധത്തിന്റെ കുപ്പായം ധരിച്ച് സ്ഥലകാലവിഭ്രമം സൃഷ്ടിക്കുന്ന ഭരണകൂട ഭീകരതകളെയാണ് 'വിചാരണ' പൊളിച്ചടുക്കുന്നത്.
'വിചാരണ' നോവലിലെ പ്രധാന കഥാപാത്രം അന്‍വര്‍ റഷീദ് ജലാലിയാണ്. എന്നാല്‍ നോവലിന്റെ കേന്ദ്രം ജനാധിപത്യവും അതിനെ ദൃഢമായി നിലനിര്‍ത്തുന്ന നീതിയുമാണ്. മാതൃകകളില്ലാത്ത മാതൃകയെന്ന് വാഴ്ത്തപ്പെട്ട ജനാധിപത്യത്തിന്റെയും മാതൃകകള്‍ക്കപ്പുറമുള്ള മാതൃകയായി തിരിച്ചറിയപ്പെട്ട നീതിയുടെയും മുകളില്‍ മറവിയുടെ കരിമ്പടം വന്നുവീഴുന്നത് ഒരു നടുക്കത്തോടെ നോവലില്‍ ആവിഷ്‌കൃതമാവുന്നുണ്ട്. 'ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരുടെ ഭക്ഷണമാണ് അല്‍ഷിമേഴ്‌സ്. അത് ബാധിക്കാത്തവര്‍ ഉണ്ടോ?' എന്ന നോവലിലെ ചോദ്യം അസ്വസ്ഥതകളുടെ ആഴം കാണാത്ത ചുഴികളില്‍ വായനയെ വീഴ്ത്തുംവിധം വിധ്വംസകമാണ്. മറവിക്കെതിരേ ഉയരുന്ന മുഷ്ടികളാണ്, കാലഭൂപടം മാറ്റുന്ന വരകളാണ്, നിസ്സഹായരുടെ നെടുവീര്‍പ്പുകള്‍ക്കിടയിലും നോവലില്‍ തെളിയുന്നത്.
മതവിശ്വാസം 'വിചാരണ'യെന്ന സമീറിന്റെ നോവലില്‍ പ്രവര്‍ത്തിക്കുന്നത് രചനാത്മകമായൊരു പ്രതിരോധ ശക്തിയായാണ്. ആത്യന്തിക നീതിയിലുള്ള അചഞ്ചലമായ ബോധ്യമാണ് തുടരെത്തുടരെയുള്ള പതനദുരന്തങ്ങള്‍ക്കിടയിലും അതുയര്‍ത്തിപ്പിടിക്കുന്നത്. ആഖ്യാനങ്ങള്‍ക്കിടയില്‍ അതേ ആഖ്യാനങ്ങളുടെ ഭാഗമായി കടന്നുവരുന്ന ജലാലിയുടെ കത്തുകളിലൂടെയാണ് അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ആത്മബോധവും അഗാധമായ മതവിശ്വാസവും സമീര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
'പ്രിയപ്പെട്ടവളേ, സര്‍വശക്തന്‍ വലിയവനാണ്. എന്നിലെ വിശ്വാസത്തെ റബ്ബ് പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ഉറച്ച ദീനിബോധത്തെ താഴെ വീഴ്ത്താതിരിക്കാന്‍ ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇരുട്ടില്‍ കഴിയുമ്പോഴും പ്രകാശത്താല്‍ മുടപ്പെട്ടിരിക്കുന്നു.'
സമീര്‍ മലയിലിന്റെ ശ്രദ്ധ അര്‍ഹിക്കുന്ന 'വിചാരണ' ഇരുട്ടുകള്‍ക്കിടയിലും പങ്കുവെക്കുന്നത് വരുമെന്നുറപ്പുള്ളൊരു പ്രകാശലോകമാണ്. എഴുതപ്പെടേണ്ടതൊന്നും എഴുതപ്പെടാതെ പോവരുതെന്ന് വിനയപൂര്‍വം 'വിചാരണ' നമ്മെ ഓര്‍മിപ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago