കൊവിഡ് പ്രതിസന്ധിക്കിടയിലും സഊദി പെരുന്നാൾ ആഘോഷത്തിൽ
ജിദ്ദ: ഇന്നലെ റമദാൻ മുപ്പത് പൂർത്തിയാക്കി ഇന്ന് സഊദിയിൽ സ്വദേശികളും വിദേശികളും ഈദുൽ ഫിത്ർ ആഘോഷത്തിൽ. ആഘോഷത്തിന്റ പ്രധാന ചടങ്ങായ പെരുന്നാൾ നിസ്കാരത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സ്വദേശികളും വിദേശികളും പങ്കെടുത്തു. രാജ്യത്തെ ഇരുപതിനായിരത്തോളം നിസ്കാര കേന്ദ്രങ്ങളാണ് പെരുന്നാൾ നിസ്കാരത്തിനായി സജ്ജീകരിച്ചിരുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന്റ ഭാഗമായി ഇരുപതിലധികം പേർ ഒരുമിച്ചു കൂടുന്നതിന് വിലക്ക് ഉള്ളതിനാൽ പെരുന്നാൾ ആഘോഷം വീടുകളിൽ ഒതുങ്ങും. മലയാളികൾ ഉൾപ്പെടെ വിദേശികൾ തങ്ങളുടെ താമസ സ്ഥലങ്ങളിൽ ഭക്ഷണം ഒരുക്കി പെരുന്നാൾ ആഘോഷം നടത്തുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണം ഏറെ വിഷമതകൾ സമ്മാനിക്കുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന ആഘോഷ പരിപാടികൾക്ക് അനുമതി ഇത്തവണയില്ല കുടുംബക്കാരെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്ന പതിവും കുറവാണ്. പഴയ കാല പെരുന്നാൾ ഓർമ്മകൾ അയവിറക്കി കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ പെരുന്നാൾ ആഘോഷിക്കുകയാണ് സഊദിയിലെ സ്വദേശികളും ഒപ്പം വിദേശികളും.
കൊവിഡ് കാരണം കഴിഞ്ഞ വർഷം ലോക്ക് ഡൌൺ ആയതിനാൽ റമദാനിൽ പള്ളികളിൽ ജുമുഅ ഉൾപ്പെടെ ജമാഅത് നിസ്കാരം പോലും ഉണ്ടായിരുന്നില്ല. പെരുന്നാൾ നിസ്കാരം അടക്കം വീടുകളിലും റൂമുകളിലും വെച്ചാണ് നടത്തിയിരുന്നത്. എന്നാൽ അധികൃതർ സ്വീകരിച്ച കർശനമായ നടപടികൾ കാരണം കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും പള്ളികളിൽ പ്രാർത്ഥനക്കു അവസരം ഉണ്ടാവുകയും ചെയ്തത് വലിയ ആശ്വാസം ഉളവാക്കിയിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വേണ്ടി റമദാനിൽ നാട്ടിൽ പോവാറുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ നിന്നും സഊദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരും നാട്ടിൽ പോകുന്നത് നീട്ടി വെച്ചിരിക്കുകയാണ്. ഇന്ത്യയിൽ കൊവിഡ് നിയന്ത്രണ വിധേയമല്ലാത്തത് പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."