ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യമില്ലെന്ന് നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ട്; ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
കൊച്ചി: മാലിന്യസംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങള്‍ ഈ രീതിയിലെത്താന്‍ കാരണമായി ത്തീര്‍ന്നത്. മാലിന്യ സംസ്‌കരണ വിഷയത്തില്‍ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും. ഉറവിട മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കണം. ഇത് നിരീക്ഷിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. നവകേരള പരിപാടിയില്‍ മാലിന്യ വിഷയം ഉള്‍പ്പെടുത്തണം. വിഷയത്തില്‍ എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് കോടതിയെ അറിയിച്ചു. ഫയര്‍ ഫൈറ്റിങ് യൂണിറ്റുകള്‍ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നതായും വായുവിന്റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു. സോണ്ടയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോര്‍പറേഷനും കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് പുതിയ ടെന്‍ഡര്‍ വിളിച്ചതായും കോര്‍പറേഷന്‍ അറിയിച്ചു. ഇതോടെ ടെന്‍ഡര്‍ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.
അതേസമയം, ബ്രഹ്മപുരത്ത് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സന്ദര്‍ശനം നടത്തിയ നിരീക്ഷണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യങ്ങളില്ലന്ന് നിരീക്ഷണ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബയോ മൈനിംങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ പ്ലാന്റില്‍ ഇല്ലെന്നും മാലിന്യസംസ്‌കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും സമിതി വ്യക്തമാക്കുന്നു. മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റില്‍ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങള്‍ പലതും നശിച്ചു.നിലവിലുള്ള കെട്ടിടങ്ങള്‍ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ പ്ലാന്റില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."