ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍; സൗജന്യഭക്ഷ്യകിറ്റ് ജൂണിലും തുടരും
തിരുവനന്തപുരം: ലോക്ഡൗണ്‍ നീട്ടുമ്പോള്‍ ജനങ്ങള്‍ കുറേക്കൂടി വിഷയം അനുഭവിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും രണ്ടാംതരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സൗജന്യഭക്ഷ്യകിറ്റ് അടുത്ത മാസവും വിതരണം ചെയ്യുമെന്നും മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കൊവിഡ് വ്യാപനം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ടുള്ള നടപടികളാണ് തുടക്കം മുതല്‍ സംസ്ഥാനം സ്വീകരിച്ചത്. കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കിയത്. ലോക്ക്ഡൗണിലും തുടര്‍ന്നും വിതരണം ചെയ്തു. 85 ലക്ഷം കുടുംബം ഇതിന്റെ ഗുണഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണവും ഭക്ഷ്യവകുപ്പിന്റെ ഫണ്ടും ഇതിനായി ഉപയോഗിച്ചു. അഗതിമന്ദിരങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ് നല്‍കി. ക്ഷേമപെന്‍ഷന്‍, സുഭിക്ഷ പദ്ധതിയും കുടുംബശ്രീ ഹോട്ടലുകളും വലിയൊരളവ് ജനങ്ങള്‍ക്ക് തുണയായി. കുടുംബശ്രീ വഴി നടപ്പാക്കിയ പലിശ രഹിത വായ്പാ പദ്ധതിയും ജനത്തിന് ഗുണം ചെയ്തു. ഇത്തരം പദ്ധതികള്‍ തുടരും.
ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ സ്വാഭാവികമായി ജനങ്ങള്‍ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗത്തിലെ ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഉടനെ പൂര്‍ത്തിയാക്കും. 823 കോടി രൂപ പെന്‍ഷനായി നല്‍കും. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് ആയിരം രൂപ വീതം ധനസഹായം നല്‍കും.
ക്ഷേമനിധികളുടെ ഫണ്ട് ഇതിനായി ഉപയോഗിക്കും. ഫണ്ടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. ക്ഷേമനിധിയില്‍ സഹായം കിട്ടാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം നല്‍കും. സാമൂഹികക്ഷേമ - വനിത ശിശുക്ഷേവകുപ്പുകളിലെ അംഗനവാടി ടീച്ചര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ നല്‍കും. കുടുംബശ്രീയുടെ 19500 എഡിഎസുകള്‍ക്ക് ഒരുലക്ഷം രൂപ വീതം റിവോള്‍വിംഗ് ഫണ്ടായി അനുവദിക്കും. കുടുംബശ്രീ വഴിയുള്ള മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതിയുടെ ഈ വര്‍ഷത്തെ സബ്‌സിഡി 93 കോടി രൂപ മുന്‍കൂറായി നല്‍കും. വസ്തു നികുതി ടൂറിസം നികുതി ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്കുള്ള സമയം കൂട്ടും.
ലോക്ക്ഡൗണിന്റെ ഗുണഫലം എത്രത്തോളം എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. മെയ് മാസം കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടുന്ന പ്രവണതയാണ് കേരളം അടക്കമുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്നത്. മെയ് മാസത്തിന് ശേഷം ഈ സ്ഥിതി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപനം അതിശക്തമാകുന്ന ഈ മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമ്മുക്ക് മരണനിരക്ക് കുറയ്ക്കാം. മഴ ശക്തമായാല്‍ രോഗവ്യാപനം കൂടിയേക്കാം. ചെറുപ്പക്കാര്‍ രോഗവ്യാപനത്തെ തുടര്‍ന്ന് മരണത്തിനിരയാവുന്നുണ്ട്. വിദഗ്ദ്ധര്‍ പറയുന്നത് നേരത്തെ ചില രോഗമുള്ളവര്‍ക്ക് കൊവിഡ് ബാധ ഉണ്ടായാല്‍ സ്ഥിതി വേഗം വഷളാവുന്നു എന്നാണ്. അപൂര്‍വ്വം ചിലരെങ്കിലും കൊവിഡ് ബാധിച്ച ശേഷം ഡോക്ടര്‍മാരെ കാണാതിരിക്കുന്നത് അപകടമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം പോലെ ജീവിതശൈലി രോഗമുള്ളവര്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംതീരുമാനമെടുക്കാതെ ഡോക്ടറെ കാണുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും വേണം.
മഴ കൂടിയാല്‍ മഴക്കാല രോഗങ്ങളും കൂടും. അതു സ്ഥിതി ഗുരുതരമാക്കും. അതു തടയാന്‍ നാം ഒത്തൊരുമിച്ച് നീങ്ങണം. കഴിഞ്ഞ തവണ ഒരു സമൂഹമെന്ന നിലയില്‍ നമ്മുക്ക് നന്നായി നീങ്ങാനായി. മഴക്കാലപൂര്‍വ്വശൂചികരണം കൂടുതല്‍ വേഗത്തിലും മികവിലും പൂര്‍ത്തിയാക്കണം. ലോക്ക്ഡൗണിന്റെ ഭാഗമായി എല്ലാവരും വീട്ടില്‍ തന്നെ കഴിയുന്ന സാഹചര്യമാണുള്ളത്. വീടുകള്‍ക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ കൊതുകിന് മുട്ടയിട്ട് വളരാനുള്ള സാഹചര്യം പൂര്‍ണമായി ഒഴിവാക്കണം. അതിനായി വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യം ഒരോ വീട്ടുകാരും പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ഈ വരുന്ന ഞായറാഴ്ച മെയ് 16 വീടും പരിസരവും ശുചിയാക്കാനുള്ള ഡ്രൈ ഡേയായി ആചരിക്കാം.
കൊവിഡ് ബ്രിഗേഡിന്റെ ഭാഗമായി എന്‍എച്ച്ആര്‍എം ജീവനക്കാര്‍ക്കുള്ള ഇന്‍സെന്റീവിനും റിസ്‌ക് അലവന്‍സിനുമായി 77.42 കോടി ആരോഗ്യവകുപ്പ് അനുവദിച്ചു. 2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള തുകയാണ് അനുവദിച്ചത്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൊവിഡ് ബ്രിഗേഡ് വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നു. ഓരോ കുടുംബത്തിലും രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ താലൂക്ക്,വാര്‍ഡ് അടിസ്ഥാനത്തില്‍ കിടക്കകള്‍ സജ്ജമാക്കി വരുന്നു. കൊവിഡ് രോഗികളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള ഡൊമിസിലറി കെയര്‍ സെന്റര്‍ (കരുതല്‍ വാസകേന്ദ്രം) കൂടുതല്‍ സജ്ജമാക്കും. കൂടുതല്‍ എംബിബിഎസ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം കൊവിഡ് ബ്രിഗേഡിന് ആവശ്യമുണ്ട്. സംസ്ഥാനത്ത് കൊവിഷില്‍ഡ് വാക്‌സീന്‍ ആദ്യഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂ. കേന്ദ്ര ആരോഗ്യകുടുംബക്ഷേമന്ത്രാലയം നല്‍കിയ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കിടയില്‍ കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് എടുത്താല്‍ മതിയാവും.
എന്നാല്‍ കൊവാക്‌സിന്‍ സെക്കന്‍ഡ് ഡോസ് നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കിടയില്‍ എടുക്കണം. രണ്ടാം ഡോസ് എടുക്കുമ്പോള്‍ 84 മുതല്‍ 112 ദിവസം വരെയുള്ള ഇടവേള കൊവിഷില്‍ഡിന് കൂടുതല്‍ ഫലപ്രാപ്തി നല്‍കുന്നു എന്ന് കണ്ടെത്തിയതിനാലാണ് ഇടവേള വര്‍ധിപ്പിച്ചത്. അതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂട്ടേണ്ട കാര്യമില്ല എല്ലാവര്‍ക്കും വാക്‌സിന്‍ കിട്ടും. 18 - 45 പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ തുടങ്ങും, തിങ്കള്‍ മുതല്‍ വാക്‌സിനേഷന്‍ ആരംഭിക്കും. വാക്‌സീന്‍ എടുത്താലും കൊവിഡ് മുന്‍കരുതല്‍ തുടരണം. സാമൂഹത്തില്‍ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കും വരെ മുന്‍കരുതലും ജാഗ്രതയും തുടരണം.
കേരളത്തിലെ പരിശോധന സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ ആന്റിജന്‍ പോസീറ്റിവാണെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തി വീണ്ടും പരിശോധിക്കുന്നതിന് പകരം ആന്റിജന്‍ ഫലം അന്തിമമായി സ്വീകരിക്കും. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവാന്‍ പരിശോധന ആവശ്യമില്ല. മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലകളില്‍ കൊവിഡ് വ്യാപനം അതിശക്തമാണ്. അതിനാല്‍ നമ്മുടെ സംസ്ഥാനത്തും ഗ്രാമപ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും കൂടുതല്‍ ടെസ്റ്റിംഗ് നടത്തുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗലക്ഷണമുണ്ടായാല്‍ കൊവിഡ് തന്നെയെന്ന് ഉറപ്പിച്ച് സ്വയം ഐസൊലേഷനിലേക്ക് പോകുകയും വാര്‍ഡ് കൗണ്‍സിലറെയോ ആരോഗ്യപ്രവര്‍ത്തകരയോ ബന്ധപ്പെട്ട ശേഷം ടെസ്റ്റ് ചെയ്യാനും എല്ലാവരും തയ്യാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."