ജിഹാദ് ആരോപണങ്ങളും സ്‌കോളര്‍ഷിപ്പ് വിവാദവും വളമാക്കി 'കാസ'
കൊച്ചി: കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ രണ്ട് പ്രധാന മേഖലകളാണ് ജിഹാദ് ആരോപണങ്ങളും സ്‌കോളര്‍ഷിപ്പ് വിവാദങ്ങളും. ഇത് വളമാക്കി വളര്‍ന്ന ക്രിസ്ത്യന്‍ സംഘടനയാണ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ അഥവാ 'കാസ'. ലൗവ് ജിഹാദിന്റെയും നാര്‍ക്കോട്ടിക് ജിഹാദിന്റെയുമൊക്കെ പേരില്‍ മുസ് ലിം വിരോധം പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ ഇവര്‍ക്കെതിരേ പൊലിസില്‍ പരാതിവരെ എത്തിയിരിക്കുന്ന സാഹചര്യമാണിത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ എറണാകുളം ആസ്ഥാനമായി ഒന്നര പതിറ്റാണ്ട് മുമ്പാണ് 'കാസ' രൂപവത്കരിക്കപ്പെടുന്നത്. അതിന് നിമിത്തമായതാകട്ടെ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ വധിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലുകളും.
2007 ജനുവരി ഒന്നിന് നടന്ന ഹര്‍ത്താല്‍ കാരണമായി കൊച്ചി കാര്‍ണിവലിന്റെ പ്രധാന ചടങ്ങുകള്‍ മുടങ്ങി എന്ന പേരിലാണ് ഇത്തരമൊരു കൂട്ടായ്മയുടെ ആദ്യ രൂപം പിറവികൊള്ളുന്നത്. അന്ന് രൂപംകൊണ്ടത് 'കാര്‍ണിവല്‍ പൈതൃക സംരക്ഷണ സമിതി'. പിന്നീട് , 2008ലാണ് 'കാസ'യുടെ രൂപവത്കരണത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ആദ്യത്തെ നാലഞ്ചുവര്‍ഷം നിശബ്ദ പ്രചാരണമാണ് നടന്നത്. എന്നാല്‍, 2012ഓടെ കേരളത്തില്‍ ആഞ്ഞടിച്ച 'ലൗ ജിഹാദ്' പ്രചാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വളമായി മാറി. മുസ് ലിം യുവാക്കള്‍ ആസൂത്രിതമായി നടത്തുന്ന ലൗ ജിഹാദിന് ഇരയായി കേരളത്തിലെ 20,000 ക്രൈസ്തവ യുവതികള്‍ മതംമാറിയായിട്ടുണ്ടെന്നും അതില്‍ 15,000 പേരെങ്കിലും പൂര്‍വ മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പ്രചാരണം. കേരളത്തിലെ ഒരു ക്രൈസ്തവേതര പത്രം എരിവും പുളിയുംചേര്‍ത്ത് ഈ വിവാദം കൊഴുപ്പിച്ചത് 'കാസ' പോലുള്ള സംഘടനകള്‍ക്ക് കൂടുതല്‍ വളമായി. മതംമാറിയ യുവതികളെ തിരികെ കൊണ്ടുവരുന്നതിന് 2016ല്‍ ക്രിസ്ത്യന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചെങ്കിലും ഇതിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2019ല്‍ 'കാസ'യെ വീണ്ടും സജീവമാക്കുകയായിരുന്നു. യഹോവാ സാക്ഷികള്‍ ഒഴികെ കേരളത്തിലെ 17 സഭകളിലും റീത്തുകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തകരുണ്ടെന്നാണ് 'കാസ'യുടെ അവകാശവാദം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇസ്‌റാഈല്‍, കാനഡ, ഓസ്ട്രിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂനിറ്റുകളുണ്ടെന്നും അവകാശപ്പെടുന്നു.
ലൗ ജിഹാദിന് പിന്നാലെ, ആരോഗ്യ ജിഹാദ്, സാമ്പത്തിക ജിഹാദ് തുടങ്ങിയ ആരോപണങ്ങളില്‍ തുടങ്ങി ഏറ്റവുമൊടുവില്‍ പാലാ ബിഷപ്പ് ഉയര്‍ത്തിവിട്ട നാര്‍ക്കോട്ടിക് ജിഹാദ് വരെ ഇവര്‍ക്ക് വളമായി. ഈസ്റ്ററിനും ക്രിസ്മസിനും ഹലാല്‍ മാംസം ഒഴിവാക്കണമെന്ന കാമ്പയിനും നടന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നു എന്ന പ്രചാരണവും ഇതിനൊപ്പം ചേര്‍ത്തു. മലഞ്ചരക്ക് വ്യാപാരം മുതല്‍ മല്‍സ്യക്കച്ചവടം വരെയുള്ള മേഖലകളില്‍ മുസ്‌ലിംകള്‍ സാന്നിധ്യമുറപ്പിക്കുന്നതും ചര്‍ച്ചയായി. പൗരത്വ വിഷയമടക്കമുള്ള കാര്യങ്ങളില്‍ സംഘ്പരിവാര്‍ നയങ്ങളോട് തോള്‍ ചേര്‍ന്ന് പോകുന്നതാണ് ഇവര്‍ എടുക്കുന്ന നിലപാടുകളും. ഇതോടെ, ക്രിസംഘി എന്ന പദപ്രയോഗങ്ങളുമായി സാമൂഹിക മാധ്യമങ്ങളില്‍ വിവിധ പക്ഷങ്ങളുടെ സൈബര്‍ പോരാളികളുമായി ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."