സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ വിമര്‍ശനം; 800 പേര്‍ക്കുള്ള സൗകര്യങ്ങള്‍ വേണ്ടെന്നുവെച്ച് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തണമെന്ന് ഐ.എം.എ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ വിമര്‍ശനവും ഉയരുന്നു. കൊവിഡ് ഇത്രയും രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആഘോഷമാക്കാതെ പരിമിതമായ ചടങ്ങു മാത്രം നടത്തണമെന്നതാണ് ആവശ്യം. അതും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി സര്‍ക്കാര്‍ പുതിയ മാതൃകകാട്ടണമെന്നാണ് ആവശ്യം.
ഇങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐ.എം.എ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ലോക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐ.എം.എ പ്രശംസിച്ചിട്ടുണ്ട്.
ഈ മാസം 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോളും ലോക് ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്. ഇത്തരത്തിലുള്ള മഹാമേള വേണ്ടെന്നതാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കെ.ആര്‍. ഗൗരിയമ്മയുടെ സംസ്‌കാരചടങ്ങിന് ഇളവനുവദിച്ചതിനെതിരേ ഡോ.സി.ജെ.ജോണിനെപോലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ ഇളവിലൂടെ ഗൗരിയമ്മയെ അവഹേളിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."