13 ബലാത്സംഗങ്ങള്‍, 17 വീഡിയോ റെക്കോര്‍ഡിങ് കേസുകള്‍'; ആസ്‌ത്രേലിയയിലെ ബി.ജെ.പി നേതാവ് പിടിയില്‍,'സീരിയല്‍ റേപ്പിസ്റ്റെ'ന്ന് മാധ്യമങ്ങള്‍
സിഡ്‌നി: ബി.ജെ.പി നേതാവും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി ആസ്‌ത്രേലിയയുടെ സ്ഥാപകനുമായ ബാലേഷ് ധന്‍ഖര്‍ ബലാത്സംഗക്കേസില്‍ പിടിയില്‍. ആസ്‌ത്രേലിയ ഹിന്ദു കൗണ്‍സിലിന്റെ മുന്‍ അസോസിയേറ്റ് കൂടിയാണ് ധന്‍ഖര്‍. 13 ബലാത്സംഗങ്ങളും 17 വീഡിയോ റെക്കോര്‍ഡിങ്ങുമുള്‍പെടെ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വ്യാജ ജോലി വാഗ്ദാനം നല്‍കിയ ശേഷം നിരവധി യുവതികളെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇയാള്‍ ചെയ്തിട്ടുണ്ടെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഹരി നല്‍കിയാണ് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. മുറിയിലെ ക്ലോക്കില്‍ ഓളിക്യാമറ ഘടിപ്പിച്ചായിരുന്നു ചിത്രീകരണം. സീരിയല്‍ റേപ്പിസ്റ്റ് എന്നാണ് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് ഇയാളെ വിശേഷിപ്പിച്ചിരിക്കുന്നത്.
2014 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്‌ത്രേലിയ സന്ദര്‍ശനം നടത്തിയ സമയത്ത് അദ്ദേഹത്തെ സ്വാഗതം ചെയ്യാനും മറ്റ് പരിപാടികള്‍ ആസൂത്രണം ചെയ്യാനും മുന്‍പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദിയുമായി നല്ല ബന്ധമുള്ള ആളെന്ന നിലക്കായിരുന്നു ഇയാളുടെ ഇടപെടല്‍. മോദിക്കൊപ്പമുള്ള ഫോട്ടോകളും ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ധന്‍ഖര്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ജോലി സംബന്ധമായ വാര്‍ത്തകള്‍ പങ്കുവെച്ചിരുന്നത്. കൊറിയയില്‍ നിന്നും ഇംഗ്ലീഷിലേക്ക് ലേഖനം വിവര്‍ത്തനം ചെയ്യാന്‍ ആളുകളെ ആവശ്യമുണ്ടെന്ന പോസ്റ്റര്‍ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ധന്‍ഖറിന്റെ ബിസിനസ് സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നുവെന്ന് ആസ്‌ത്രേലിയന്‍ പൊലിസ് പറഞ്ഞു.
ധന്‍ഖറിന്റെ ഇരകളില്‍ ഭൂരിഭാഗവും കൊറിയന്‍ വനിതകളാണെന്നാണ് റിപ്പോര്‍ട്ട്. കൊറിയന്‍ വനിതകളോട് ധന്‍ഖറിന് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നും, ഇവര്‍ അഭിനയിച്ച നിരവധി ലൈംഗിക സിനിമകള്‍ ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ജോലി വാഗ്ദാനം നല്‍കി ഇന്റര്‍വ്യൂ നടത്താനെന്ന വ്യാജേന ഇയാള്‍ സ്ത്രീകളെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ലഹരിവസ്തുക്കളും ഉറക്കഗുളികയും നല്‍കിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഹിന്ദു കൗണ്‍സില്‍ ഭാരവാഹിയെന്ന നിലയില്‍ സിഡ്‌നി സര്‍വ്വകലാശാല ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ പിരപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."