നേതാക്കളെ വധിച്ചാല്‍ ഹമാസിന്റെ ശക്തി വര്‍ധിക്കാന്‍ സാധ്യത; ഇസ്‌റാഈല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍
നേതാക്കളെ വധിച്ചാല്‍ ഹമാസിന്റെ ശക്തി വര്‍ധിക്കുകയാണ് ചെയ്യുന്നതെന്നും അതാണ് ചരിത്രമെന്നും മുന്നറിയിപ്പ് നല്‍കി ഇസ്‌റാഈലി രഹസ്യാന്വേഷണ വിദഗ്ധന്‍ യോസി മെല്‍മാന്‍.ഹമാസിന്റെ നേതാക്കളെ വധിക്കുന്നത് പരാജയപ്പെട്ട നയമാണെന്ന് തെളിഞ്ഞതായും യോസി മെല്‍മാനെ ഉദ്ധരിച്ച് ഇസ്രായേല്‍ പത്രം ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ മുതിര്‍ന്ന നേതാവ് മര്‍വാന്‍ ഇസ്സയെ കൊലപ്പെടുത്തിയത് വലിയ നേട്ടമായി ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ നടപടികൊണ്ടെന്നും ഹമാസിനെ ഇല്ലാതാക്കാനാകില്ല. ഫലസ്തീന്‍ സമൂഹത്തില്‍ ഹമാസ് ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും മാത്രമല്ല, ജോര്‍ദാനിലും സിറിയയിലും മിഡില്‍ ഈസ്റ്റിന് പുറത്തുപോലും അവര്‍ക്ക് സ്വാധീനമുണ്ട്.
ആളുകളെ വകവരുത്തിക്കൊണ്ട് ഫലസ്തീന്‍ പ്രശ്‌നം ഇല്ലാതാക്കാനാകുമെന്നത് ഇസ്രായേലിന്റെ മിഥ്യാധാരണയാണ്. സുരക്ഷാ, സൈനിക മേഖലകളില്‍ പോലും ഈ വിശ്വാസം പുലര്‍ത്തുന്ന നിരവധി പേരുണ്ട്.ഗസ്സക്കെതിരായ ക്രൂരമായ യുദ്ധം ആറ് മാസത്തേക്ക് അടുക്കുമ്പോള്‍, ഹമാസ് കീഴടങ്ങുന്നതിന്റെ സൂചനകളൊന്നും കാണിക്കുന്നില്ല. പകരം അതിന്റെ പോരാട്ടം തുടരുകയാണ്. കൂടാതെ ഇസ്രായേല്‍ സൈന്യം കീഴടക്കി എന്ന് അവകാശപ്പെട്ട സ്ഥലങ്ങളിലേക്ക് ഹമാസിന്റെ പോരാളികള്‍ മടങ്ങിയെത്തി എന്നത് അവരുടെ ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു. വടക്കന്‍ ഗസ്സയിലും മധ്യ ഭാഗത്തുമെല്ലാം അവര്‍ തിരിച്ചെത്തി.
മറുവശത്ത് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ നേതാക്കളുടെ നിരയെ പെരുപ്പിച്ചു കാണിക്കുന്നു. ഹമാസിനെതിരായ യുദ്ധത്തില്‍ തങ്ങള്‍ വിജയത്തിലേക്ക് അടുക്കുകയാണെന്നാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.എന്നാല്‍, യാഥാര്‍ഥ്യം കൂടുതല്‍ സങ്കീര്‍ണമാണ്. നിരവധി ഇസ്രായേല്‍ സൈനികരെയും ഓഫീസര്‍മാരെയുമാണ് ഹമാസ് ഇല്ലാതാക്കിയത്. മാത്രമല്ല 'അദൃശ്യമായ' പരിക്കുകള്‍ വേറെയുമുണ്ട്. ഇസ്രായേല്‍ സൈന്യത്തിലെ പലരും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ എന്ന മാനസിക വെല്ലുവിളി നേരിടുകയാണ്. യുദ്ധം അവസാനിച്ചാലും ഈ മാനസിക പ്രശ്‌നം മാസങ്ങളും വര്‍ഷങ്ങളും തുടരാം.
മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ബന്ദികളെ മനുഷ്യ കവചമായി ഉപയോഗിച്ച് തുരങ്കങ്ങളില്‍ ഒളിവല്‍ കഴിയുകയാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും യോസി മെല്‍മാന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."