ഖുര്‍ആനിൻ്റെ അന്തസത്ത
എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍
”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാണ്” എന്നാണ് മുഹമ്മദ് (സ)യുടെ അധ്യാപനം.ഖുര്‍ആന്‍ പഠിക്കല്‍ എന്നതില്‍ അതിന്റെ അക്ഷരങ്ങളുടെ പഠനവും ആശയങ്ങളുടെ പഠനവും ഉള്‍പെടും.ഖുര്‍ആനാണ് ഇന്നും ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം. അതിന്റെ പ്രകാശം ഇതര സമൂഹങ്ങളിലേക്ക് എത്തിച്ച് കൊടുക്കാന്‍ ഖുര്‍ആനിന്റെ അനുയായികളെന്ന് പറയുന്ന മുസ്‌ലിമിന് സാധിക്കണം.
നബി(സ)യുടെ സ്വഭാവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രിയപത്‌നി ആഇശ(റ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ”അവിടത്തെ സ്വഭാവവും സംസ്‌കാരവും ഖുര്‍ആനായിരുന്നു. ഖുര്‍ആന്റെ തൃപ്തിയായിരുന്നു അവിടത്തെ തൃപ്തി. ഖുര്‍ആന്റെ കോപം അവിടത്തെ കോപവും” (അഹ്മദ്, മുസ്‌ലിം).
ഖുര്‍ആന്‍ പഠനമെന്നാല്‍ കേവലം പാരായണം മാത്രമായി ചുരുങ്ങരുത്. പാരായണം ശ്രേഷ്ഠമാണ് എന്നതില്‍ തര്‍ക്കമില്ല. എണ്ണിക്കണക്കാക്കാന്‍ കഴിയാത്തവിധം അതിന് പുണ്യം ഉണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഫിഖ്ഹ് നമുക്ക് അറിയില്ലെങ്കില്‍ നമ്മുടെ ഇബാദത്തുകള്‍ നമുക്ക് ഉദ്ദേശിച്ച പോലെ മനസ്സിലാക്കാനും കഴിയില്ല. മുന്‍ഗാമികളുടെ വ്യാഖ്യാനങ്ങളെയും വിശദീകരണങ്ങളെയും പരിഗണിക്കാതെ പുതിയ വ്യാഖ്യാനങ്ങളുമായി ഇക്കാലത്ത് പലരും ഇറങ്ങിയിട്ടുണ്ട്.
ഖുര്‍ആന്‍ ഹദീസ് ഇല്ലാതെ പഠിക്കാന്‍ കഴിയില്ല. ഏത് അവസരത്തിലാണ് വിശുദ്ധഖുര്‍ആനിന്റെ ഓരോ ആയത്തുകളുടെയും അവതരണമെന്ന് ദൃസാക്ഷികളായ സ്വഹാബത്തിനെ ഒഴിവാക്കി പരിഭാഷകളെ ആസ്പദിച്ച് ഖുര്‍ആന്‍ പഠിക്കുന്നത് ഖുര്‍ആനിന്റെ ആന്തരികാര്‍ഥങ്ങള്‍ മനസ്സിലാക്കുന്നതിന് സാധ്യമല്ലെന്ന് മാത്രമല്ല തെറ്റായ വഴിയിലേക്ക് എത്തിച്ചേരാനും കാരണമാകും. മുന്‍ഗാമികളുടെ വ്യാഖ്യാനം അനുസരിച്ച് മാത്രമേ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ പറ്റൂ.
വിശ്വാസം ശക്തമായ മനസ്സിലേക്കാണ് ഖുര്‍ആന്‍ ഇറങ്ങേണ്ടത്. ഈമാനാണ് ആദ്യമുറയ്‌ക്കേണ്ടത്. ഖുര്‍ആന്‍ നിരന്തരം പാരായണം ചെയ്യുന്നത് നിമിത്തം ഈമാന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) വിശദീകരിക്കുന്നതിങ്ങനെ: ”ഖുര്‍ആനിന് മുമ്പേ വിശ്വാസം ഉള്‍ക്കൊണ്ട ഒരു കാലഘട്ടത്തില്‍ ജീവിച്ചവരാണ് ഞങ്ങള്‍. മുഹമ്മദ് നബി(സ)ക്ക് ഖുര്‍ആന്‍ അവതരിക്കും. ഞങ്ങള്‍ അതിലെ ഹലാലും ഹറാമും പഠിക്കും. കല്‍പനകളും നിരോധങ്ങളും പഠിക്കും. പഠിക്കേണ്ടതെല്ലാം പഠിച്ച് പിന്‍പറ്റും. പിന്നെ ഞങ്ങള്‍ക്ക് കാണാന്‍ ഇടവന്നത് ഈമാനിന് മുമ്പേ ഖുര്‍ആന്‍ കിട്ടിയ ഒരു ജനതയെയാണ്. ഫാതിഹ മുതല്‍ അവസാനം വരെ ഓതിയാലും അതിലെ കല്‍പനയേത്, വിരോധനയേത് എന്ന് തിരിച്ചറിയില്ല അവര്‍ക്ക്.” (ഹാകിം).
നമ്മുടെ രാജ്യത്ത് ഇതര സംസ്ഥാനത്ത് കാണുന്നതില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ ഫിഖ്ഹിന് പ്രാമുഖ്യം നല്‍കുന്ന രീതിയില്‍ വിദ്യാഭ്യാസ സംവിധാനം നിലവില്‍ വന്നത് ഇത് കൊണ്ടാണ്. ഇതിനര്‍ഥം അവര്‍ മറ്റ് വിജ്ഞാനശാഖകളില്‍ അവഗാഹം നേടിയവരല്ല എന്നല്ല. കേരളത്തിലെ ഫുഖഹാക്കളായി പ്രശസ്തരായ പണ്ഡിതര്‍ മറ്റ് വൈജ്ഞാനിക മേഖലകളിലും അവഗാഹം നേടിയവരായിരുന്നു.
ഫിഖ്ഹ് പഠിച്ചവന് യഥാര്‍ഥത്തില്‍ പിഴവ് സംഭവിക്കില്ല. ഫിഖ്ഹ് അനുസരിച്ച് ജീവിക്കാത്ത ആളുകളില്‍ നിന്നും വരുന്ന അബദ്ധങ്ങള്‍ പണ്ഡിതസമൂഹത്തില്‍ മൊത്തം അടിച്ചേല്‍പിക്കുന്നത് ശരിയുമല്ല.
ആത്മീയമായ ഉന്നതി നേടത്തക്കവിധം ഇസ്‌ലാമിക ചരിത്രങ്ങളും മറ്റും പഠിക്കാനും ഈ അവസരത്തില്‍ നാം മുതിരണം. മുന്‍ഗാമികളുടെ വിശദീകരണമില്ലാതെ പാരായണവും മനഃപാഠമാക്കലും മാത്രം പഠിച്ച് മതം പഠിപ്പിക്കാന്‍ ആളുകള്‍ ഇറങ്ങുന്നതിനാലാണ് ഖുര്‍ആനും ഇസ്‌ലാമും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ടത്. അത്തരക്കാര്‍ ഖുര്‍ആനിന്റെ അധ്യപനം വ്യക്തമായി പഠിച്ചവരല്ല.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) പറയുന്നത് കാണുക: ”ഖുര്‍റാഅ് (പാരായണക്കാര്‍) കുറവും ഫുഖഹാഅ് (ഗ്രഹിക്കുന്നവര്‍) കൂടുതലുമുള്ള കാലഘട്ടത്തിലാണ് നിങ്ങളിപ്പോള്‍. ഖുര്‍ആനിലെ നിയമങ്ങളും ചട്ടങ്ങളും പഠിക്കാനാണ് നിങ്ങള്‍ക്ക് ശ്രദ്ധ. അക്ഷരങ്ങള്‍ അത്രയൊന്നും നിങ്ങള്‍ കാര്യമാക്കുന്നില്ല. ചോദിക്കുന്നവര്‍ കുറവും കൊടുക്കുന്നവര്‍ കൂടുതലുമാണ്. നിസ്‌കാരം ദീര്‍ഘിപ്പിക്കും, ഖുത്വ്ബ ചുരുക്കും, തങ്ങളുടെ ദേഹേഛകളേക്കാള്‍ കര്‍മങ്ങളാണ് അവരില്‍ മികച്ചു നില്‍ക്കുന്നത്.
ഇനി ഒരു കാലഘട്ടം വരാനിരിക്കുന്നു. ഖുര്‍റാഅ് കൂടുതലും ഫുഖഹാഅ് കുറവുമുള്ള കാലഘട്ടമായിരിക്കും അത്. അക്ഷരങ്ങളിലായിരിക്കും അവരുടെ ഊന്നല്‍. അതിലെ നിയമങ്ങളും വിധികളും അവര്‍ അഗണ്യകോടിയില്‍ തള്ളും. ചോദിക്കുന്നവര്‍ കൂടുതലും കൊടുക്കുന്നവര്‍ കുറവുമായിരിക്കും. ഖുത്വ്ബ ദീര്‍ഘിപ്പിക്കും, നിസ്‌കാരം ചുരുക്കും, കര്‍മങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നത് അവരുടെ ദേഹേഛകളായിരിക്കും” (ഫളാഇലുല്‍ ഖുര്‍ആന്‍). നമ്മുടെ കാലത്ത് ഇത്തരം ആളുകള്‍ വര്‍ധിക്കുന്നുവോ എന്ന് നാം ആത്മപരിശോധന നടത്തണം.
ഖുര്‍ആന്‍ പഠനത്തിന്റെ പ്രസക്തി നാം മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഏത് രീതിയിലാകണം ഖുര്‍ആനിന്റെ പഠനമെന്നതും നാം ശരിക്കും മനസ്സിലാക്കിയാകണം പഠനത്തിനിറങ്ങേണ്ടത്. അല്ലാഹു ഖുര്‍ആന്‍ കൊണ്ട് വിജയിച്ചവരില്‍ നമ്മെയെല്ലാം ഉള്‍പെടുത്തട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."