HOME
DETAILS

ന്യൂനപക്ഷങ്ങൾക്ക് ദയാവധമൊരുക്കുന്ന ഭരണകൂടം

  
backup
May 14 2022 | 19:05 PM

8936-45623-2022

പ്രൊഫ. റോണി കെ. ബേബി

ഭരണകൂടത്തിന്റെ കടുത്ത വംശീയ വിവേചനങ്ങളിലും പീഡനങ്ങളിലും മനംനൊന്ത് ഗുജറാത്തിലെ ന്യൂനപക്ഷ മതവിഭാഗത്തിൽ പെടുന്ന 600ൽ പരം മത്സ്യത്തൊഴിലാളികൾ ദയാവധത്തിന് അനുവാദം ചോദിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുവെന്ന വാർത്ത ഞെട്ടലോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ. സർക്കാരിന്റെ ഭാഗത്തുനിന്ന് വർഷങ്ങളായി തുടരുന്ന കടുത്ത വിവേചനത്തിൽ മനംനൊന്താണ് ദയാവധത്തിന് അപേക്ഷിച്ചിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. ഗുജറാത്തിലെ പോർബന്തർ ജില്ലയിലെ ഗോസബറിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. മതത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ തങ്ങളുടെ കുടുംബങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആരോപണം.


ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരായ അക്രമങ്ങളും വേട്ടയാടലുകളും നിയമവിരുദ്ധമായ ഇടപെടലുകളും അനുദിനം വർധിച്ചുവരുന്നതായി മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കടുത്ത ഭീതിയിലൂടെയാണ് രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദലിതരും ആദിവാസികളും ഉൾപ്പെടെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇന്ന് കടന്നുപോകുന്നത്. എവിടെവച്ച് വേണമെങ്കിലും അക്രമിക്കപ്പെട്ടേക്കാമെന്നും പരിഹസിക്കപ്പെട്ടേക്കാമെന്നുമുള്ള അവസ്ഥ. സംഘ്പരിവാറിന്റെ തിട്ടൂരങ്ങൾക്ക് വിധേയമാകാത്തവരെയെല്ലാം വേട്ടയാടുകയാണ്. പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയുമെല്ലാം ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാവുന്നു.


ഗുജറാത്തിനൊപ്പം ഡൽഹി, അസം, മധ്യപ്രദേശ്, ഉത്തർപ്രദേശ് കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ നാനാദിക്കിലും ഭയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷമാണ് ഇന്നുള്ളത്. മതന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം ചെയ്യണമെന്ന ആക്രോശം ഹരിദ്വാറിൽ മുഴങ്ങിയിട്ട് കൂടുതൽ ദിവസങ്ങളായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും സമാനമായ ആക്രോശങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. കുറേക്കാലം മുൻപ് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അതിന്റെ ആഴവും വ്യാപ്തിയുമൊക്കെ പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. നിയമത്തിനുപകരം ബുൾഡോസർ ഉപയോഗിച്ച് കാട്ടുനീതി നടപ്പാക്കുന്നത് രാജ്യമെമ്പാടും പടരുകയാണ്. ജഹാംഗീർപുരി, ഷഹീൻബാഗ്, ഗുജറാത്തിലെ ആനന്ദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആയുധം ഇന്ന് ബുൾഡോസറുകളാണ്. വർഗീയസംഘർഷങ്ങളിൽ ഇരകളായവർക്കുനേരെ വീണ്ടും വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ഉരുണ്ടുകയറുകയാണ്.


ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുഴങ്ങിയ വാക്കായിരുന്നു ബുൾഡോസർ. ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിന് യോഗി ആദിത്യനാഥ് വളരെ തന്ത്രപരമായി ന്യൂനപക്ഷ വിഭാഗത്തിനെതിരായ നടപടികളുടെ ചിഹ്നമായി ബുൾഡോസറിനെ ചിത്രീകരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമിക്കുശേഷം സംഘർഷം ഉണ്ടായപ്പോഴും ഡൽഹിയിൽ ഹനുമാൻ ജയന്തി ദിവസത്തെ സംഘർഷത്തിന്റെ പേരിലും മതന്യൂനപക്ഷങ്ങൾക്കെതിരേ ബുൾഡോസർ ആയുധമാകുമ്പോൾ ഒരു ഭാഗത്ത് അതിനു ലഭിക്കുന്ന ആവേശകരമായ സ്വീകാര്യത മറുഭാഗത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ഡൽഹിയിലെ ജഹാംഗീർപുരിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുമ്പോൾ തെറ്റായ സന്ദേശങ്ങൾ നൽകുന്ന രീതിയിൽ കവറേജ് നൽകരുതെന്നും അങ്ങനെ ചെയ്താൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് രാജ്യത്തെ മുഴുവൻ ചാനലുകൾക്കും തിട്ടൂരം നൽകുകയാണ്. മാധ്യമങ്ങളെ ഭയപ്പെടുത്തിയാണ് ബുൾഡോസർ രാജിന് കളമൊരുക്കിയത്. ഖാർഗോണിലും ഗുജറാത്തിലെ ഖംഭാട്ടിലും സമാനമായ വേട്ടകൾ നടന്നിരുന്നു. ഭാവിയിൽ രാജ്യത്തുടനീളം പടർന്നേക്കാവുന്ന വംശീയ ഉന്മൂലന പദ്ധതിയുടെ കളമൊരുക്കലുകളാണ് ഇത്തരം ന്യൂനപക്ഷ വേട്ടകളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.


ബുൾഡോസറുകൾകൊണ്ട് ഇടിച്ചുനിരത്തേണ്ടവരും തകർക്കേണ്ടവരുമാണ് ന്യൂനപക്ഷങ്ങളെന്ന സന്ദേശം രാജ്യമെമ്പാടും എത്തിക്കുകയാണ് സംഘ്പരിവാർ മാധ്യമങ്ങൾ ബുൾഡോസർ ആഘോഷങ്ങളിലൂടെ ചെയ്യുന്നത്. 'രാജസ്ഥാനിലെ അൽവാർ ജില്ലയിലെ രാജ്ഗഢിൽ മുന്നൂറ് വർഷം പഴക്കമുണ്ടായിരുന്ന അമ്പലം പൊളിച്ചുനീക്കിയതിന്റെ പ്രതികാരമായി രാജ്യത്തെ ഹിന്ദുക്കൾ നടത്തുന്ന വിജയാഘോഷമാണ് ജഹാംഗീർപുരിയിൽ നടക്കുന്നതെന്നാണ്' ന്യൂസ് 18 ഇന്ത്യ ചാനലിലെ അമൻ ചോപ്ര ആവേശഭരിതനായി ന്യൂസ് റൂമിലിരുന്ന് വിളിച്ചുപറഞ്ഞത്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും ന്യൂസ് റൂമുകളും വല്ലാതെ വർഗീയവൽക്കരിക്കപ്പെടുകയും വർഗീയത ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികളായി മാറുകയും ചെയ്യുന്നത് നമ്മളെ വല്ലാതെ ഭയപ്പെടുത്തുന്നു. പൗരാവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിനും കാവൽ വിളക്കുകളാവേണ്ട മാധ്യമങ്ങളുടെ നിലവാരത്തകർച്ച ഭീകരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു. ഇതിന്റെ നേർസാക്ഷ്യമാണ് കഴിഞ്ഞ വാരം പുറത്തുവന്ന ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ടെന്നു സൂചിപ്പിക്കുന്ന കണക്കുകൾ.
180 രാജ്യങ്ങളുള്ള പട്ടികയിൽ കഴിഞ്ഞ വർഷത്തേക്കാൾ എട്ട് സ്ഥാനം താഴ്ന്ന് 150 ആണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഇന്ത്യയുടെ സ്ഥാനം 142ൽ ആയിരുന്നു. രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം വളരെ അപകടകരമായ സൂചനയാണ് ഇത്. 'കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഉത്പന്നമാണ് ഇന്ത്യയിലെ പത്രങ്ങൾ. അതിനാൽ ഇന്ത്യൻ പത്രങ്ങൾ തികച്ചും പുരോഗമനപരമായി കാണപ്പെട്ടിരുന്നു. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും അദ്ദേഹത്തിന്റെ പാർട്ടിയായ ബി.ജെ.പിയും മാധ്യമങ്ങളിൽ ആധിപത്യം പുലർത്തുന്ന വലിയ കുടുംബങ്ങളും തമ്മിൽ അതിശയകരമായ അടുപ്പം ഉണ്ടാക്കുകയും ചെയ്തത് കാര്യങ്ങളെ മാറ്റിമറിച്ചിരിക്കുന്നു' എന്നാണ് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ ഈ വർഷത്തെ റിപ്പോർട്ടിൽ പറയുന്നത്.
പ്രതിഷേധങ്ങൾ അവസാനിക്കുകയും പ്രതിഷേധിക്കുന്നവർ നിശബ്ദരാക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് വർത്തമാന ഇന്ത്യയുടെ വലിയ ദുരന്തം. പ്രധാനമന്ത്രിയെ വിമർശിച്ചു എന്നതിന്റെ പേരിൽ ദലിത് ആക്റ്റിവിസ്റ്റും ഗുജറാത്തിലെ നിയമസഭ പ്രതിനിധിയുമായ ജിഗ്‌നേഷ് മേവാനിയെ എത്ര ക്രൂരമായാണ് ഇരുമ്പറക്കുള്ളിൽ അടച്ചത്. ഗുജറാത്തിലെ വംശീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് വർഷങ്ങളായി ഇരുമ്പറക്കുള്ളിലാണ്. ഭീമാ കൊറേഗാവ് സംഭവത്തെ മറയാക്കി ഇന്ത്യയിലെ നിരവധി ആക്ടിവിസ്റ്റുകളെ അർബൻ നക്‌സലുകളെന്ന് ചാപ്പ കുത്തി ഇരുമ്പഴിക്കുള്ളിൽ അടച്ചുകഴിഞ്ഞു. സ്റ്റാൻ സ്വാമി എന്ന മനുഷ്യസ്‌നേഹിയായ ഈശോ സഭാ വൈദികൻ ചികിത്സ പോലും നിഷേധിക്കപ്പെട്ട് ഭരണകൂട ഭീകരതക്ക് ഇരയായിട്ടുപോലും അർഹിക്കുന്ന പ്രതിഷേധങ്ങൾ ഈ രാജ്യത്ത് ഉണ്ടാകാതെ പോയി.


ഭരണകൂട ഭീകരതയുടെ മുൻപിൽ പ്രതികരണശേഷി നഷ്ട്ടപ്പെട്ട് 'ഇന്ത്യയിലെ മാധ്യമപ്രവർത്തകർ വംശനാശ ഭീഷണിയെ നേരിടുകയാണ്' എന്നാണ് ഇന്ത്യയിലെ മാധ്യമരംഗത്തെ കുലപതിയായ എൻ. റാം അഭിപ്രായപ്പെട്ടത്. സ്വതന്ത്രമാധ്യമപ്രവർത്തനം ഇന്ത്യയിൽ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നത് യഥാർഥ വസ്തുതയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുകയും സ്വതന്ത്ര ചിന്തകൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത നിരവധി പേരാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വധിക്കപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്തത്. ഗൗരി ലങ്കേഷ് മുതൽ കൽബുർഗി വരെ ഈ പട്ടിക നീണ്ടതാണ്. മീഡിയ വൺ ഉൾപ്പെടെയുള്ള മാധ്യമസ്ഥാപങ്ങൾക്ക് നേരെ വേട്ടകൾ നടക്കുന്നു. മലയാളിയായ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെ നിരവധി മാധ്യമപ്രവർത്തകർ ഇപ്പോഴും ഇരുമ്പറകൾക്കുള്ളിലാണ്.
'നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ഇന്ത്യയിൽ താൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല' എന്ന ജ്ഞാനപീഠ പുരസ്‌കാര ജേതാവായ യു.ആർ അനന്തമൂർത്തിയുടെ വാക്കുകൾ എത്രമാത്രം ദീർഘവീക്ഷണമുള്ളതായിരുന്നു എന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നു. മഹാശ്വേതാ ദേവിയെപ്പോലെ പല എഴുത്തുകാരും ജ്ഞാനപീഠ പുരസ്‌ക്കാര ജേതാക്കളും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നോബൽ പുരസ്‌കാര ജേതാക്കളായ അമർത്യ സെന്നും കൈലാഷ് സത്യാർത്ഥിയും വേട്ടയാടപ്പെട്ടത് നമ്മുടെ രാജ്യത്ത് തന്നെയാണ്.


ജനാധിപത്യത്തിന്റെ മനോഹാരിത എന്നത് പ്രതികരണങ്ങളും എതിരഭിപ്രായങ്ങളുമാണ്. പ്രതിഷേധങ്ങൾ അവസാനിക്കുന്നിടത്ത് ഏകാധിപത്യവും സമഗ്രാധിപത്യവും ആരംഭിക്കുന്നു. ജനാധിപത്യത്തെ ഏറ്റവും സുന്ദരമായി നിർവചിച്ചത് ഒരുപക്ഷേ ഫ്രഞ്ച് ചിന്തകനായ വോൾട്ടയറാണ്. അദ്ദേഹം ഇങ്ങനെ കുറിച്ചു- 'നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിച്ചേക്കാം പക്ഷേ ആ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരിക്കാനും ഞാൻ തയാറാണ്'. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങുകൾ ഇട്ടുകൊണ്ട് പ്രതിഷേധങ്ങളുടെ അവസാന പ്രതീക്ഷകളെയും തകർത്തെറിയാനും ഭീഷണികളുടെ പോർമുഖങ്ങളിലൂടെ ദയാവധങ്ങളിലേക്ക് തള്ളിവിടുന്നതിനും ബുൾഡോസറുകൾ കയറ്റിവിട്ട് ചതച്ചരക്കുന്നതിനുമാണ് ഭരണകൂടം ശ്രമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago