ബഹുഗുണങ്ങളടങ്ങിയ ഒരേയൊരു സുന്ദര്‍ലാല്‍
ന്യൂഡല്‍ഹി: 2000ല്‍ റിഡിഫില്‍ സുന്ദര്‍ലാല്‍ ബഹുഗുണ എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: 'ഹിമാലയം വരുമാനമുണ്ടാക്കാനുള്ളതല്ല, അത് വെള്ളത്തിനുള്ളതാണെന്ന് ഭരണകൂടം മനസിലാക്കണം' എന്ന്. വികസനത്തിന്റെ പേരില്‍ പാരിസ്ഥിതികനാശം വരുത്തുന്ന ഭരണകൂടത്തിനെതിരേ വിശ്രമമില്ലാതെ ശബ്ദിച്ച സുന്ദര്‍ലാല്‍, വനനശീകരണത്തിന്റെ പേരില്‍ ഭരണകൂടവുമായി നിരന്തരം കലഹിച്ചു. പരിസ്ഥിതി മാത്രമല്ല, മദ്യവര്‍ജനം, സാമൂഹിക ശാക്തീകരണം, തൊട്ടുകൂടായ്മ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടപെട്ട് മാതൃകവരച്ചാണ് അദ്ദേഹം ഒടുവില്‍ ഇന്നലെ കൊവിഡിന് മുന്‍പില്‍ കീഴടങ്ങിയത്.
രാജ്യാന്തര ബഹുമതിവരെ ലഭിച്ച ചിപ്‌കോ പ്രസ്ഥാനത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടത്. ചേര്‍ന്നുനില്‍ക്കുക എന്നര്‍ഥംവരുന്ന ചിപ്‌കോ മുന്നേറ്റത്തിന് 1974 മാര്‍ച്ച് 26നാണ് അദ്ദേഹം തുടക്കമിട്ടത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുന്നതായിരുന്നു ചിപ്‌കോയുടെ രീതി. ഉത്തരാഖണ്ഡ് രൂപീകരിക്കുന്നതിനു മുന്‍പ് യു.പിയുടെ ഭാഗമായിരുന്ന റേനി ഗ്രാമത്തിലെ വൃക്ഷങ്ങള്‍ മുറിക്കാനുള്ള നീക്കംചെറുത്തുകൊണ്ടാണ് ചിപ്‌കോയുടെ രൂപീകരണം.
1974 മാര്‍ച്ച് 26ന് മരംവെട്ടാനെത്തിയ അധികൃതര്‍ക്ക് മുന്‍പില്‍ വനം തങ്ങളുടെ വീടാണെന്നു പ്രഖ്യാപിച്ച ഗ്രാമീണസ്ത്രീകള്‍ രാത്രിമുഴുവനായും മരത്തെ ആലിംഗനംചെയ്തുനിന്നു. രാത്രി വീട്ടില്‍ പോവാതെ അവര്‍ ജാഗ്രത പാലിച്ചു. ഉദ്യോഗസ്ഥരെല്ലാം പോകുന്നതുവരെ മരങ്ങള്‍ക്ക് കാവല്‍നിന്നു. അപ്പോഴേക്കും ഈ വാര്‍ത്തയറിഞ്ഞ് സമീപഗ്രാമങ്ങളിലെ ജനങ്ങളും എത്തിക്കൊണ്ടിരുന്നു. കൂടുതല്‍ പേര്‍ ചേര്‍ന്നുനിന്നതോടെ ആദ്യത്തെ ബഹുജനമുന്നേറ്റം വിജയിക്കുകയും ചരിത്രമാവുകയുംചെയ്തു.
ചിപ്‌കോ പ്രതിഷേധം വിജയിച്ചത് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ പ്രതിഷേധത്തിന് കാരണമായി. തെഹ്‌രി അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലും രാജ്യം അദ്ദേഹത്തെ കണ്ടു. നീണ്ട ഉപവാസസമരത്തിനൊടുവില്‍ അണക്കെട്ടിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന് അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു സുന്ദര്‍ലാലിന് നേരിട്ട് ഉറപ്പുകൊടുത്തു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ '5 എഫ്' ഫോര്‍മുലയാണ് ഫുഡ് (ഭക്ഷണം), ഫോഡര്‍ (കാലിത്തീറ്റ), ഫെര്‍ട്ടിലൈസര്‍ (വളം), ഫ്യുവല്‍ (ഇന്ധനം), ഫൈബര്‍ (നാരുകള്‍) എന്നത്. ഇതിന് വേണ്ടിയാവണം നമ്മള്‍ വൃക്ഷങ്ങള്‍ നടേണ്ടതെന്ന് അദ്ദേഹം ഗ്രാമീണരെ പഠിപ്പിച്ചു.
വൃക്ഷങ്ങള്‍ വെട്ടിമാറ്റിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് 1981ല്‍ അദ്ദേഹം പത്മശ്രീ നിരസിച്ചു. ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ പേരില്‍ പലതവണ അറസ്റ്റിലുമായി.
പരിസ്ഥിതിയെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയില്‍ ആദ്യമായി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് സുന്ദര്‍ലാലിന്റെ നേതൃത്വത്തിലാണ്. ചിപ്‌കോ പ്രസ്ഥാനത്തിലൂടെ രാജ്യാന്തരതലത്തിലെ പരിസ്ഥിതി മുന്നേറ്റത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കാനും സുന്ദര്‍ലാലിന് കഴിഞ്ഞു. പരിസ്ഥിതി ചിന്തയുടെ തായ്‌വേരായ സുന്ദര്‍ലാലിന്റെ പേരില്ലാതെ ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം അപൂര്‍ണമാവുന്നത് അതുകൊണ്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."