റയ്യാന്‍ കവാടം തുറക്കുന്ന ദിനരാത്രങ്ങള്‍
സെയ്തു മുഹമ്മദ് നിസാമി
ആത്മഹര്‍ഷത്തിന്റെ നാളുകളാണ് റമദാന്‍. സ്വര്‍ഗീയോദ്യാനമായ റയ്യാന്റെ വാതില്‍ നോമ്പുകാര്‍ക്കുവേണ്ടി തുറന്നുവയ്ക്കുന്ന ദിനരാത്രങ്ങളാണതിലുള്ളത്. ശഅ്ബാന്‍ മാസം അവസാനത്തില്‍ നടത്തിയ പ്രവാചകര്‍ (സ്വ)ുടെ പ്രസംഗം ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു:
”അനുഗ്രഹീതമായ ഒരു മാസം നിങ്ങളെ സമീപിക്കാന്‍ പോവുന്നുണ്ട്. ആയിരം മാസത്തേക്കാള്‍ ഗുണമേന്മയുള്ള ഒരു രാത്രി (ലൈലത്തുല്‍ ഖദ്ര്‍) ഈ മാസത്തിലാണുള്ളത്. പകലില്‍ വ്രതം ഈ മാസത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. രാത്രി നിസ്‌കാരം (തറാവീഹ്) ഐച്ഛികവും.
ഈ മാസത്തില്‍ സല്‍ക്കര്‍മം (നിര്‍ബന്ധമല്ലാത്ത) അനുഷ്ഠിച്ചാല്‍ പുണ്യമാണ്. നിര്‍ബന്ധ കര്‍മം അനുഷ്ഠിച്ചാല്‍ എഴുപതു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ച പ്രതിഫലവും. ക്ഷമയുടെ മാസമാണിത്. ക്ഷമയ്ക്കുള്ള പ്രതിഫലം സ്വര്‍ഗംതന്നെ. വ്രതമുള്ളവനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും നരകത്തില്‍നിന്നു മോചനം ലഭിക്കുകയും ചെയ്യും. നോമ്പുകാരനു രണ്ട് ആനന്ദാനുഭൂതിയുടെ സമയമുണ്ട്. ഒന്ന്, നോമ്പു തുറക്കുമ്പോഴും മറ്റൊന്ന്, പരലോകത്ത് അല്ലാഹുവിനെ കാണുമ്പോഴും.” (ഇബ്‌നു ഖുസൈമ).
മുസ്‌ലിംവര്‍ഷമായ ഹിജ്‌റയില്‍ ഒന്‍പതാം മാസം പിറക്കുന്നതോടെ ലോകമെമ്പാടുമുള്ള നൂറ്റിമുപ്പതു കോടി മുസ്‌ലിംകള്‍ക്കു വ്രതാനുഷ്ഠാനമാകും. ഉപവാസവും ഉപാസനയുമായി ഒരു മാസക്കാലം അവര്‍ ഏകദൈവത്തോടടുക്കുന്നു. അല്ലാഹു അവന്റെ അടിമകള്‍ക്ക് അളവറ്റ അനുഗ്രങ്ങളാണു കനിഞ്ഞരുളിയിട്ടുള്ളത്. ഇതില്‍ പ്രധാനമാണ് വിശുദ്ധ ഖുര്‍ആന്റെ അവതരണം. ഈ മഹത്തായ ഗ്രന്ഥം മനുഷ്യരാശിയുടെ മുഖച്ഛായ മാറ്റി. യഥാര്‍ഥ മനുഷ്യത്വത്തിന്റെ നിര്‍മാണം സാധിച്ചു. ദൈവത്തിന്റെ മഹത്വവും ഒപ്പം മനുഷ്യമഹത്വവും സമത്വവും പ്രഖ്യാപിച്ചു.
അതിപുരാതനകാലം മുതല്‍ ജനങ്ങളില്‍ ഏതെങ്കിലുമൊരു രീതിയില്‍ വ്രതാനുഷ്ഠാനം നിലനിന്നിരുന്നു. പ്രാചീന ചൈനയിലും ഭാരതത്തിലും ഈജിപ്തിലും വ്രതം ആരാധനയായിരുന്നു. ഗ്രീക്ക് സംസ്‌കാരത്തില്‍ വ്രതം മൗനംപാലിച്ചുകൊണ്ടാണ് അനുഷ്ഠിച്ചിരുന്നത്. വേദഗ്രന്ഥങ്ങളായ പഴയനിയമത്തിലും പുതിയനിയമത്തിലും വ്രതം സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. സീനാപര്‍വ്വതത്തിലേയ്ക്കു പുറപ്പെടുന്നതിനുമുന്‍പ് നാല്‍പ്പതു ദിവസം മൂസാ നബി(അ) നോമ്പനുഷ്ഠിച്ചതായി ഖുര്‍ആന്‍ പറയുന്നു.
‘വിശ്വാസികളേ, നിങ്ങള്‍ക്കു മുന്‍പുള്ള സമൂഹങ്ങളില്‍ വ്രതം നിര്‍ബന്ധമാക്കിയപോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയോടെ ജീവിക്കാന്‍ വേണ്ടി’ (വി.ഖു 2:183).
ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണായകസംഭവങ്ങള്‍ക്ക് ഈ മാസം സാക്ഷ്യംവഹിക്കുന്നു. അതുനിമിത്തം റമദാന്‍ ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. നബി(സ്വ)യുടെ നുബുവ്വത്ത്, ഖുര്‍ആന്റെ അവതരണം, ലൈലത്തുല്‍ ഖദ്ര്‍, ബദ്ര്‍, ഖന്തക്കിന്റെ ആരംഭം, തബൂക്ക്, മക്ക ഫത്ഹ്, ഖദീജ(റ)യുടെ വിയോഗം, അബൂത്വാലിബിന്റെ മരണം, ആയിശ(റ)യുടെ വഫാത്ത്, പ്രവാചകപുത്രി ഫാത്തിമ(റ)യുടെ വിയോഗം, ഹ. അലിയ്യി(റ)നെ ഭീകരവാദിയായ അബ്ദുറഹ്മാന്‍ ബിന്‍ മുല്‍ജം വധിച്ചത്, യൂറോപ്യന്‍ രാജ്യമായ സ്‌പെയിന്‍ മുസ്‌ലിം ആധിപത്യത്തിലായത്, സ്‌പെയിനിന്റെ തലസ്ഥാനമായ കൊര്‍ദോവയില്‍ അബ്ദുറഹ്മാന്‍ ഇബ്‌നു ഹിശാം ഖലീഫയായി അവരോധിക്കപ്പെട്ടത്,
ലോകപ്രശസ്ത വിജ്ഞാനകേന്ദ്രമായ അസ്ഹര്‍ സര്‍വകലാശാല സ്ഥാപിച്ചത്, സ്വലാഹുദ്ദീന്‍ അയ്യൂബി കുരിശുപടയില്‍നിന്നു ജറുസലേം മോചിപ്പിച്ചത്, ഫലസ്തീനിലെ ഐനുജലൂത്തില്‍വച്ച് താര്‍ത്താരിപ്പടയെ മുസ്‌ലിംസേന പറ്റിച്ചത്, സീസില ദ്വീപ് കീഴടങ്ങിയത് തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതു റമദാനായിരുന്നു.
‘സ്വര്‍ഗമെന്ന അവര്‍ണനീയ ഉദ്യാനത്തിന് എട്ടു കവാടങ്ങളുണ്ട്. ഒരു കവാടത്തിന്റെ പേര് റയ്യാന്‍ എന്നാകുന്നു. പുനരുത്ഥാനദിനം അതിലൂടെയാണു നോമ്പുകാര്‍ പ്രവേശിക്കുക. അതിലൂടെ അവരോടൊപ്പം മറ്റാരും പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്നു വിളിച്ചുചോദിക്കുമ്പോള്‍ അവര്‍ അതില്‍കൂടി പ്രവേശിക്കുന്നതായിരിക്കും. അവര്‍ മുഴുവനും പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.’ (മുസ്‌ലിം)
നോമ്പിന്റെ പേരില്‍ വിശപ്പും ദാഹവുമനുഭവിക്കുകയല്ലാതെ മറ്റൊരു ഫലവും ചെയ്യാത്ത എത്രയോ നോമ്പുകാരുണ്ടെന്നു നബി(സ്വ) പറയുന്നു. നൈതികമൂല്യങ്ങള്‍ നിരാകരിക്കുന്ന കപടനോമ്പുകാരാണിവര്‍. ആത്മസംസ്‌കരണത്തിന്റെ അനിര്‍വചനീയമായ മേഖലയായിരിക്കണം നോമ്പുകാരന്റെ വിഹാരവേദി. ആത്മനിയന്ത്രണമാണു തെറ്റുചെയ്യാതിരിക്കാനുള്ള കവചം. നോമ്പ് ഒരു കവചമാണെന്നു പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. സദാസമയവും അല്ലാഹു എന്ന ചിന്തയില്‍ മുഴുകുന്ന നോമ്പുകാരന് ശാരീരികേച്ഛകള്‍ക്കു വിധേയനാകാന്‍ സാധ്യമല്ല. ആത്മപരിശീലനം സാധിക്കുന്നു.
കോപം, അസൂയ, പരദൂഷണം, ഏഷണി, അഹംഭാവം തുടങ്ങിയ മലിനസ്വഭാവങ്ങളില്‍നിന്ന് അകലുന്നു. ക്ഷമയും സല്‍സ്വഭാവവും പ്രകടമാവുന്നു. സല്‍ക്കര്‍മങ്ങളായ ഖുര്‍ആന്‍ പാരായണം, ദിക്ര്‍ സ്വലാത്ത്, ഖിയാമുല്ലൈല്‍, ദാനധര്‍മം, ഇഅ്തികാഫ് തുടങ്ങിയ ആരാധനകളില്‍ മുഴുകുന്നു. ദൈവചിന്തയില്‍ സദാസമയവും കഴിയുന്ന നോമ്പുകരാന് ആത്മീയോല്‍ക്കര്‍ഷത്തിന്റെ അവാച്യമായ അനുഭൂതിയാണു ലഭിക്കുന്നത്. തഖ്‌വയുടെ വസന്തം പുഷ്പിക്കുന്ന റയ്യാന്‍ ആരാമം അവനല്ലാതെ മറ്റാര്‍ക്കാണു ലഭിക്കുക.
നോമ്പ് എനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം ഞാന്‍ നല്‍കുമെന്ന അല്ലാഹുവിന്റെ വാക്ക് അതിന്റെ മഹത്വവും ശ്രേഷ്ഠതയും വ്യക്തമാക്കുന്നു. നോമ്പിന്റെ ആത്യന്തികലക്ഷ്യം മനുഷ്യനില്‍ തഖ്‌വയുണ്ടാക്കലാണെന്നു ഖുര്‍ആന്‍ പറയുന്നു. നാടും വീടും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധം ജനങ്ങളും റമദാനിനെ സല്‍ക്കര്‍മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. നാടെങ്ങും വ്രതവിശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാന്‍ ആത്മഹര്‍ഷം പകരുന്ന ദിനരാത്രങ്ങളാണു വരാന്‍പോകുന്നത്.
നബി(സ്വ) പറയുന്നു: ‘നിങ്ങള്‍ നോമ്പ് നോല്‍ക്കുക, നിങ്ങള്‍ക്ക് ആരോഗ്യം നേടാം.’
പ്രകൃതിചികിത്സാശാസ്ത്രത്തില്‍ ഉപവാസം പ്രധാനപ്പെട്ടൊരു ചികിത്സാവിധിയാണ്. രാഷ്ട്രീയക്കാരുടെ നിരാഹാരവ്രതവും ഭൗതികതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ്. എന്നാല്‍, വ്രതത്തിന്റെ ആത്മീയമുഖമാണു പ്രത്യേകം പരിഗണിക്കേണ്ടത്. ഇസ്‌ലാമിലെ ആരാധനകളിലെല്ലാം ഈ രണ്ടു നേട്ടങ്ങള്‍ കാണാന്‍ കഴിയും.
ആത്മീയരസം വേണ്ടുവോളം അനുഭവിക്കുന്ന അരാധനയാണു നോമ്പ്. ഇതു മറ്റൊരാള്‍ക്കു പറഞ്ഞുകൊടുക്കാനും ഗ്രഹിപ്പിക്കാനും കഴിയില്ല. നോമ്പുതുറക്കുന്ന നേരം ആത്മരരസം പ്രധാനമാണ്. അപ്പോള്‍, പ്രാര്‍ഥനയ്ക്ക് ഉത്തരംലഭിക്കുമെന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ‘അല്ലാഹുവേ, നിന്റെ നിര്‍ദേശമനുസരിച്ചു ഞാന്‍ നോമ്പെടുത്തു. നീ ഇപ്പോള്‍ നല്‍കിയ ആഹാരംകൊണ്ടു ഞാന്‍ നോമ്പു മുറിക്കുന്നു.’ ഈ പ്രാര്‍ഥന ഉരുവിട്ടുകൊണ്ടാണു വിശ്വാസി നോമ്പു തുറക്കുന്നത്. ഈ പ്രാര്‍ഥന പ്രവാചകന്‍ പഠിപ്പിച്ചതാണ്. നോമ്പുതുറയുടെ എളിമ പ്രകടമാക്കുന്നതാണ് ഈ പ്രാര്‍ഥന. ഇതുവരെ കഴിക്കാതിരുന്നതും ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നതും പടച്ച തമ്പുരാന്റെ കല്‍പ്പനതന്നെ.
ഇഫ്താറിന്റെ നേരത്തു നോമ്പുതുറക്കാന്‍ കൂടിയിരിക്കുന്നവര്‍ പ്രാര്‍ഥിക്കുന്നതും അല്ലാഹുവിനെ ഓര്‍മിക്കുന്ന ആത്മീയമൊഴികള്‍ നടത്തുന്നതും സമൂഹനോമ്പുതുറകളില്‍ കാണാം. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നോമ്പുതുറ ആത്മീയരസം ബോധ്യപ്പെടുത്തുന്നതാണ്. അത്യാകര്‍ഷകവും പ്രൗഢവുമായ പ്രതിഫലമാണു നോമ്പനുഷ്ഠിക്കുന്നവനു ലഭിക്കുക. ഇതു നോമ്പനുഷ്ഠിക്കാത്തവരെ പരലോകത്ത് കടുത്തനിരാശയിലും മനോവേദനയിലും അകപ്പെടുത്തും. അല്ലാഹുവിനെ ദൃഷ്ടികൊണ്ടു കാണുകയെന്നതാണു നോമ്പുകാരന്റെ പ്രധാനാനുഭവം. സ്വര്‍ഗത്തില്‍ കണ്ടനുഭവിച്ച എല്ലാ അനുഗ്രഹങ്ങളേക്കാളും അവനിഷ്ടപ്പെടുന്നത് ഈ ദര്‍ശനമാണ്. ഇതിന്റെ നിര്‍വചനാതീതമായ അനുഭൂതിയാണു നോമ്പുകാരനു ലഭിക്കുന്നത്. റയ്യാന്‍ എന്ന ഉദ്യാനകവാടം അവനു മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."