ഇന്ത്യന്‍ ഹാജിമാരെ വലച്ച് സിംകാര്‍ഡ് വിതരണം
ജിദ്ദ: സഊദിയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് ലഭിക്കാന്‍ കാലതാമസം വരുന്നതായി പരാതി. തീര്‍ഥാടകര്‍ക്ക് അവരുടെ താമസ കേന്ദ്രങ്ങളിലേക്ക് സിം കാര്‍ഡ് എത്തിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍ സിം കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഹാജിമാര്‍ പറയുന്നത്. നിലവില്‍ സിം കാര്‍ഡുകള്‍ക്കായി പ്രാര്‍ഥനകള്‍ ഒഴിവാക്കി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയിലാണ് ഹാജിമാര്‍. ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
മൊബൈല്‍ ദാതാക്കളായ വിവിധ കമ്പനികള്‍ മത്സരിച്ച് സിം കാര്‍ഡ് നല്‍കാന്‍ രംഗത്തുണ്ടെങ്കിലും നടപടിക്രമങ്ങളും സാങ്കേതിക പ്രശ്‌നങ്ങളുമാണ് കാലതാമസത്തിനിടയാക്കുന്നതെന്നാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ വിശദീകരണം.
സുരക്ഷാ കാരണങ്ങളാലാണ് ഇക്കുറി സിം കാര്‍ഡുകളുടെ വിതരണത്തില്‍ നിയന്ത്രണങ്ങള്‍ സഊദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ നാട്ടില്‍ നിന്നു പോവുമ്പോള്‍ തന്നെ തീര്‍ഥാടകര്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കുറി സഊദിയിലെത്തിയ ശേഷം വിസ എന്‍ട്രി നമ്പറും കൈവിരലടയാളവും നല്‍കിയാല്‍ മാത്രമാണ് സിം കാര്‍ഡ് ലഭിക്കുക.
മൂന്നു മാസത്തെ കാലാവധിയുള്ള സിം കാര്‍ഡുകളാണ് തീര്‍ഥാടകര്‍ക്ക് മൊബൈല്‍ കമ്പനികള്‍ നല്‍കുന്നത്. വിവിധ മൊബൈല്‍ കമ്പനികള്‍ ഇവര്‍ക്ക് നല്ല ഓഫറുകളും നല്‍കുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 14 ദിവസം പിന്നിട്ടപ്പോള്‍ അരലക്ഷം കവിഞ്ഞു. ഇതില്‍ പതിനായിരം തീര്‍ഥാടകര്‍ മക്കയിലും ബാക്കിയുളളവര്‍ മദീനയിലുമാണ്. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ വരവ് കഴിഞ്ഞ ബുധനാഴ്ചയാണ് തുടങ്ങിയത്. ഇവരെ ബസ് മാര്‍ഗമാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മക്കയിലേക്ക് എത്തിക്കുന്നത്.
മക്കയിലേക്ക് ബസ് മാര്‍ഗം പുറപ്പെടുമ്പോള്‍ ഹാജിമാരെ സഹായിക്കല്‍, താമസസ്ഥലങ്ങളിലുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് മിഷന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നത്. ഇതിനുപുറമേ വിവിധ മലയാളി സന്നദ്ധ സംഘടനകളായ വിഖായ വളണ്ടിയേഴ്‌സ്, കെ.എം.സി.സി തുടങ്ങിയ സംഘവും ഹാജിമാരുടെ സേവനത്തിനുണ്ട്. മലയാളി തീര്‍ഥാടകര്‍ നാളെ മുതല്‍ ജിദ്ദ വഴി മക്കയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."