മതങ്ങളും വ്രതങ്ങളും
മുഷ്താഖ് കൊടിഞ്ഞി
ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട്:
'ഈശ്വരനെ കാണുവാന്‍ ഞാന്‍ എന്തു ചെയ്യണം?'
ഗുരു തിരിച്ചു ചോദിച്ചു.
'സൂര്യനുദിക്കാനായി നാം എന്തു ചെയ്യണം?'
ഗുരുവിന്റെ മറുപടിയില്‍ നീരസം തോന്നിയ ശിഷ്യന്‍ വീണ്ടും 'എങ്കില്‍ പിന്നെ എന്തിനാണ് അങ്ങ് എന്നോട് ജപധ്യാനാദികള്‍ നിരന്തരം ചെയ്യാന്‍ ഉപദേശിച്ചത്?'
'അതോ, സൂര്യനുദിക്കുമ്പോള്‍ നീ ഉണര്‍ന്നിരിക്കണം എന്ന ഉറപ്പിനു വേണ്ടി.'
'വ്രതം' എന്ന വാക്കിന്, എന്തിലെങ്കിലും അടിയുറച്ച് വിശ്വസിക്കുക, അതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന അര്‍ഥം കൂടിയുണ്ട്. ആത്മീയമായാലും ഭൗതികമായാലും അവനവനു വേണ്ടുന്ന ഊര്‍ജത്തേയും മനശ്ശക്തിയേയും നിരന്തരമായി ഉണര്‍ത്തുവാനാണ് വ്രതങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.
ലോകത്തെ എല്ലാ മതങ്ങളിലും വിശ്വാസപരമായ പൂര്‍ത്തീകരണത്തില്‍ വ്രതങ്ങള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്. പുരാതന കാലം മുതല്‍തന്നെ ഭിന്ന മതസ്ഥരും നോമ്പനുഷ്ഠിച്ചിരുന്നു എന്നുകാണാം. വ്രതം എന്ന പ്രക്രിയയെ സമൂഹം എത്രമാത്രം അംഗീകരിച്ചിരുന്നു എന്നതിന് തെളിവാണത്.
വ്രതങ്ങള്‍ തന്നെ പല രീതിയില്‍ എടുക്കാം. ചിലര്‍ ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്നു. ചിലര്‍ എന്തെങ്കിലും പുരാണ ഗ്രന്ഥങ്ങള്‍ പാരായണം നടത്തി വ്രതമെടുക്കുന്നു. ഭക്ഷണമുപേക്ഷിച്ചുള്ള വ്രതം തന്നെ പലവിധമുണ്ട്.
ഉപവാസം എന്ന അര്‍ഥത്തിലും വ്രതം എടുക്കാറുണ്ട്. ജപ-ധ്യാന മാര്‍ഗങ്ങളിലൂടെ ഭക്ഷണമുപേക്ഷിച്ച് ഈശ്വരീയതയോട് ചേര്‍ന്നിരിക്കുക എന്നതാണ് ഉപവാസം കൊണ്ട് അര്‍ഥമാക്കുന്നത്.
ഹൈന്ദവ വിശ്വാസികളിലാണ് ഏറ്റവും കൂടുതല്‍ വ്രതങ്ങള്‍ ഉള്ളത്. ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത വ്രതങ്ങളുണ്ട്. ഹൈന്ദവ സ്ത്രീകള്‍ എടുക്കുന്ന തിങ്കളാഴ്ച വ്രതം തന്നെ പലരും ഒരിക്കലൂണ് കഴിച്ച് എടുക്കുന്നവരാണ്. അതായത് അന്നേ ദിവസം ഒരു തവണ മാത്രമേ അരിയാഹാരം കഴിക്കൂ. ഹൈന്ദവരുടെ ഇടയില്‍ ഏറ്റവും പ്രാധാന്യമുള്ള വ്രതക്കാലമാണ് മണ്ഡലക്കാലം. നാല്‍പത്തിയൊന്ന് ദിവസം വ്രതമെടുത്ത് മാലയിട്ടാണ് ഭക്തര്‍ ശബരിമലയിലേക്ക് അയ്യപ്പ ദര്‍ശനത്തിന് പുറപ്പെടുക. വൃത്തി, ബ്രഹ്മചര്യം, അശുദ്ധിയുള്ള സ്ത്രീകളില്‍ നിന്നും വിട്ടുനില്‍ക്കല്‍, മദ്യ-മത്സ്യ-മാംസാദികള്‍ വര്‍ജിക്കുക, കറുപ്പുടുക്കുക തുടങ്ങി ഒട്ടേറെ നിഷ്ഠകളുമുണ്ട്.
ജൂത-ക്രിസ്തീയ സമൂഹങ്ങള്‍ക്ക് വ്രതം നിര്‍ബന്ധമാക്കപ്പെട്ടതായി അവരുടെ നിലവിലുള്ള മത ഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണുന്നില്ലെങ്കിലും നോമ്പിനെ പ്രകീര്‍ത്തിക്കുന്ന പല സൂക്തങ്ങളും അവയില്‍ കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ക്ക് സഭ കല്‍പിച്ചിട്ടുള്ള നോമ്പ് 5 എണ്ണമാണ്. 3 നോമ്പ്,13 നോമ്പ്, 15 നോമ്പ്, 25 നോമ്പ്, 50 നോമ്പ് തുടങ്ങിയവയാണവ. പിന്നെ ഒന്നുകൂടി ഉണ്ട്. 8 നോമ്പ് അത് സഭ പറഞ്ഞിട്ടുള്ളതല്ല. എങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ എടുക്കുന്ന നോമ്പാണിത്. അന്‍പതു നോമ്പ് - ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന നോമ്പാണ്. ഈസ്റ്ററിനു തൊട്ടുപിറകിലുള്ള 50 ദിവസങ്ങള്‍ കണക്കാക്കിയുള്ളതാണ് അന്‍പതു നോമ്പ് അഥവാ വലിയ നോമ്പ്. പൊന്തക്കോസ്ത് വിഭാഗം എടുക്കുന്ന വ്രതം മറ്റൊരു ജീവിപോലും അറിയരുതെന്നാണ് നിഷ്‌കര്‍ഷിക്കപ്പെടുന്നത്.
ജൂതവിശ്വാസികള്‍ വ്രതമനുഷ്ഠിക്കാറുണ്ട്. അത് പലരീതിയിലാണെന്നു മാത്രം. ചില ദിവസങ്ങളില്‍ ചെരുപ്പ് പോലും ധരിക്കാതെ ഇരുപത്തഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നോമ്പാണ് അവരുടെ രീതി. മറ്റു ചില ദിവസങ്ങളിലാകട്ടെ അല്‍പം ലഘുവായ രീതിയിലുമാണ് നോമ്പ് അനുഷ്ഠിച്ചു പോരുന്നത്.
ചന്ദ്രമാസത്തിലെ നാല് ദിവസമാണ് ബുദ്ധമതക്കാരുടെ നോമ്പ്. ഇത് ഉദയം മുതല്‍ അസ്തമയം വരെ നീണ്ടുനില്‍ക്കും. ഭക്ഷണം കഴിക്കല്‍ മാത്രമല്ല, അത് തയാറാക്കുന്നത് പോലും നോമ്പ് സമയത്ത് നിഷിദ്ധമാണ്. അത്‌കൊണ്ടുതന്നെ നോമ്പ് തുറക്കാനാവശ്യമായത് അവര്‍ ഉദയത്തിന് മുന്‍പ് തന്നെ തയാറാക്കി വയ്ക്കും.
ദിവസത്തില്‍ ഏതെങ്കിലും ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് കണ്‍ഫ്യൂഷാനിസ്റ്റുകളും മാംസം, മത്സ്യം, പാല്, കോഴിമുട്ട എന്നിവ ഒഴിവാക്കി ചൈനക്കാരിലെ ഒരു വിഭാഗമായ താവിയക്കാരും നോമ്പ് അനുഷ്ഠിക്കാറുണ്ട്.
മാര്‍ച്ച് രണ്ട് മുതല്‍ 21 വരെയുള്ള 19 ദിവസമാണ് ബഹായികളുടെ നോമ്പ്. ഉദയം മുതല്‍ അസ്തമയം വരെ അവര്‍ ഭക്ഷണം പൂര്‍ണമായും വര്‍ജിക്കുന്നു. നോമ്പ് കഴിയുന്നതോടെ അവരുടെ പെരുന്നാള്‍ സുദിനമാണ്. നൈറോസ് എന്ന പേരിലാണ് അതറിയപ്പെടുന്നത്
മുസ്‌ലിംകള്‍ക്ക് നിബന്ധമാക്കപ്പെട്ടവയും അല്ലാത്തവയുമായ നോമ്പുണ്ട്. റമദാന്‍ നോമ്പാണ് നിര്‍ബന്ധമാക്കപ്പെട്ടവ. മുപ്പത് ദിവസം. ബാക്കി സുന്നത്തു നോമ്പുകളാണ്. നിര്‍ബന്ധമാക്കപ്പെട്ട നോമ്പ് നഷ്ടപ്പെടുന്നത് സുന്നത്ത് നോമ്പിലൂടെ തിരിച്ചെടുക്കാവുന്നതുമാണ്. മറ്റു മതസ്ഥരെ അപേക്ഷിച്ച് ഏറെ ത്യാഗമനസ്ഥിതിയോടെയാണ് മുസ്‌ലിംകള്‍ വ്രതത്തിലേര്‍പ്പെടുന്നത്. ആ ഒരു മാസക്കാലം പകല്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് ആത്മീയമായി സ്രഷ്ടാവിനോട് ഏറ്റവുമടുത്ത് സഹവസിക്കുക എന്നതാണ് റമദാന്‍ നോമ്പിന്റെ അടിസ്ഥാനം. മനസിനെ അവനവനിലേയ്ക്ക് ചേര്‍ത്തു നിര്‍ത്തുക. മനശ്ശക്തിയുടെ പരിണാമത്തിലേക്ക് ആഴത്തിലുള്ള വഴിയാണ് വ്രതം. പക്ഷേ, അതിനു വേണ്ടി നാം ഓരോ നിമിഷവും ഉണര്‍ന്നിരിക്കുകയും നിരന്തരമായി അവനവനിലേയ്ക്ക് നോക്കിയിരിക്കുകയും വേണം.
വ്രതത്തിന്റെ പ്രധാന തത്വം ത്യാഗം തന്നെയാണെന്നതില്‍ സംശയമില്ല. സ്വയം പീഡാനുഭവങ്ങളിലൂടെ ആത്മീയത കൈവരിക്കുക എന്നതാണിത്. വിശപ്പ്, ദാഹം എന്നിവയെ ഉപേക്ഷകളിലൂടെ ത്യാഗം ചെയ്തുകൊണ്ട് പ്രാര്‍ഥനകള്‍ നടത്തുമ്പോള്‍ നമ്മിലുണ്ടാകുന്ന ഊര്‍ജം തന്നെയാണ് വ്രതത്തിന്റെ മഹത്വം.
മനസിനെ സ്വന്തം വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകൂ. അന്ധകാരത്തിലേക്കുള്ള ലോകത്തിന്റെ പോക്കിന് ഒരു പരിഹാരവും അതു തന്നെയാണ്.
വ്രതമെടുക്കുന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണ കാര്യത്തിലെന്ന പോലെ മനസിന്റെ ഗതിവിഗതികളേയും നിയന്ത്രിക്കാന്‍ സാധിക്കണം. അര്‍ഥമില്ലാത്ത വിനോദങ്ങളില്‍ നിന്നും മനസിനെ ബോധപൂര്‍വം പിന്തിരിപ്പിക്കുക. മനസിനെ ജപങ്ങളിലൊതുക്കി മറ്റുള്ളവരില്‍ ശ്രദ്ധ കൊടുക്കാതെ, ആരേയും പറ്റി മനസില്‍ പോലും മോശമായ വിചാരങ്ങള്‍ക്കിടകൊടുക്കാതെ, നല്ല വാക്കുകള്‍ ഉപയോഗിച്ച് ഒക്കെയാണ് വ്രതമനുഷ്ഠിക്കാന്‍ ശീലിക്കേണ്ടത്.
നാം ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും നമ്മില്‍ തന്നെ ഒരു വിധികര്‍ത്താവുണ്ട്, ചിലരതിനെ മനസാക്ഷി എന്നു വിളിക്കും. വ്രതമെടുക്കുന്നതിന്റെ അര്‍ഥവും വ്യാപ്തിയും അറിയാമെങ്കിലും ഇന്ന് പലരും പുറമേ കഠിന വ്രതമെടുക്കുന്നവനായി അഭിനയിക്കുകയും ഉള്ളില്‍ മറ്റുള്ളവനെ കുറിച്ച് ചീത്ത ചിന്തകള്‍ വച്ചുപുലര്‍ത്തുകയും ചെയ്യും. നാം മനസിലാക്കേണ്ട ഒരു കാര്യം, ഇതിന്റെ ഒക്കെ വിധികര്‍ത്താവ് വാസ്തവത്തില്‍ നമ്മുടെ ഉള്‍മനസ് തന്നെയാണ്. സ്വയമറിയാതെ നാമൊരു തെറ്റും ചെയ്യാറില്ല. എന്നാല്‍ ചെയ്തു കഴിഞ്ഞ ശേഷം ആ തെറ്റ് ഉള്‍ബോധമനസില്‍ കടന്ന് അവിടെ ഒരു കറുത്ത പാടായി കിടക്കും. പിന്നീട് നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നാം തന്നെ അളക്കും. അതിന്റെ പ്രതിഫലം നിശ്ചയിക്കുന്നതും നാം തന്നെയാണ്. അതുകൊണ്ടുതന്നെ അവനവനില്‍ നന്‍മയുള്ളവനായിരിക്കുക എന്നതാണ് പ്രധാനം. വ്രത ദിനങ്ങളില്‍ പ്രത്യേകിച്ചും ആ നന്‍മയെ ജ്വലിപ്പിച്ചു കൊണ്ടേയിരിക്കുക. അര്‍ഹരായവര്‍ക്ക് ദാനം നല്‍കിയും മറ്റുള്ളവര്‍ക്ക് നന്‍മ ഉപദേശിച്ചും സ്‌നേഹം നല്‍കിയുമൊക്കെ നമ്മിലെ നന്‍മ ജ്വലിപ്പിക്കാനാകും. ഈ ഊര്‍ജവും നമ്മുടെ ഉപബോധത്തില്‍ അടയാളപ്പെടുത്തലുകളാകും. അതിന്റെ സന്തോഷം മനസ് നമുക്ക് നല്‍കികൊണ്ടേയിരിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."