കേരള ഫുട്‌ബോളില്‍ 'കമ്പനി'യുടെ വിസില്‍ മുഴക്കം: നിയന്ത്രണവും നടത്തിപ്പും പൂര്‍ണമായും കണ്‍സോര്‍ഷ്യത്തിന് കൈമാറാനൊരുങ്ങുന്നു
കോട്ടയം: കേരള ഫുട്‌ബോളിന്റെ നിയന്ത്രണം കൊച്ചി കേന്ദ്രീകരിച്ചുള്ള 'കമ്പനി'യുടെ കൈകളിലേക്ക്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) ഇനി ഗാലറിയിലിരുന്ന് കളി കാണും. സംസ്ഥാനത്ത് ഫുട്‌ബോളിന്റെ നിയന്ത്രണവും നടത്തിപ്പും പൂര്‍ണമായും 'മീരാന്‍സ് സ്‌പോര്‍ട്‌സ് ആന്റ് സ്‌കോര്‍ ലൈന്‍ കണ്‍സോര്‍ഷ്യ'ത്തിനാണ് കൈമാറാന്‍ ഒരുങ്ങുന്നത്. കരാറില്‍ കെ.എഫ്.എ അടുത്ത ദിവസം ഒപ്പുവയ്ക്കും. കെ.എഫ്.എയിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. കെ.എഫ്.എയിലെയും ബി.സി.സി.ഐയിലെയും ഉന്നതരുടെ അടുത്ത ബന്ധുക്കളുടേതാണ് സ്‌കോര്‍ ലൈന്‍.
ഫുട്‌ബോള്‍ നടത്തിപ്പിന്റെ നിയന്ത്രണം പുതിയ കമ്പനിക്ക് കൈമാറുന്നതോടെ സംസ്ഥാനത്തൊട്ടാകെയുള്ള ചെറുതും വലുതുമായ ക്ലബുകളും അക്കാദമികളും ജില്ല ഫുട്‌ബോള്‍ അസോസിയേഷനുകളും നോക്കുകുത്തികളായി മാറും. കരാര്‍ നിലവില്‍ വരുന്നതോടെ ചെറുതും വലുതുമായ ടൂര്‍ണമെന്റുകളുടെ നടത്തിപ്പും കോച്ചുമാരുടെയും റഫറിമാരുടെയും പരിശീലനങ്ങളുമെല്ലാം കമ്പനിയുടെ നിയന്ത്രണത്തിലാവും. കമ്പനിയുടെ അനുമതിയില്ലാതെ ക്ലബുകള്‍ക്കും അക്കാദമികള്‍ക്കും പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
12 വര്‍ഷത്തേക്കാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിടാന്‍ ഒരുങ്ങുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ കമ്പനിക്ക് കരാറില്‍ നിന്ന് പിന്മാറാം. കരാറില്‍ നിന്നും ഏകപക്ഷീയമായി കെ.എഫ്.എയ്ക്ക് പിന്മാറാന്‍ കഴിയില്ല. പിന്മാറിയാല്‍ അതുവരെ കമ്പനി നല്‍കിയ മുഴുവന്‍ ലാഭവിഹിതവും കെ.എഫ്.എ തിരിച്ചു നല്‍കണം.ഗ്യാരന്റി തുകയായി 25 ലക്ഷം കമ്പനി കെ.എഫ്.എയ്ക്ക് മുന്‍കൂറായി നല്‍കും. ഈ തുക ഫിക്‌സഡ് ഡിപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിക്കും. പ്രതിവര്‍ഷം 85 ലക്ഷമാണ് കെ.എഫ്.എയ്ക്ക് കമ്പനി നല്‍കേണ്ടത്. കെ.എഫ്.എയുടെ ഓഫിസ് സംവിധാനം വിട്ടുനല്‍കും. കെ.എഫ്.എയെ പിന്തുണയ്ക്കാന്‍ ജീവനക്കാരെ നല്‍കുന്നത് കമ്പനിക്ക് പരിഗണിക്കാം. ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് മൈതാനങ്ങള്‍ കെ.എഫ്.എ നല്‍കണം.
എ.ഐ.എഫ്.എഫ് അംഗീകാരത്തിനായി സംസ്ഥാന ടീമുകളുടെ ടൂര്‍ണമെന്റുകള്‍ക്കോ സൗഹൃദ മത്സരങ്ങള്‍ക്കോ ആതിഥേയത്വം വഹിക്കാനുള്ള അവകാശം മറ്റൊരാള്‍ക്ക് നല്‍കണമെങ്കിലും കെ.എഫ്.എയ്ക്ക് കമ്പനിയുടെ കനിവ് തേടണം. കെ.എഫ്.എയുടെ ജനറല്‍ ബോഡി, എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും എല്ലാ നോണ്‍ ജ്യൂഡിഷല്‍ കമ്മിറ്റികളിലും ഒരംഗത്തെ കമ്പനിക്ക് നിയമിക്കാം. എ.ഐ.എഫ്.എഫ്, എ.എഫ്.സി പരിശീലന കോഴ്‌സുകള്‍ നടത്താനുള്ള അവകാശവും കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
കരാര്‍ നടപ്പാക്കാനായി എ.ഐ.എഫ്.എഫിന്റെ എന്‍.ഒ.സി നല്‍കും. ഇങ്ങനെ കമ്പനിക്ക് ലാഭകരമായി മാറുന്ന നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ കരാറാണ് കെ.എഫ്.എ ഒപ്പുവെയ്ക്കാന്‍ പോകുന്നത്. കരാര്‍ നിലവില്‍ വരുന്നതോടെ സംസ്ഥാന ഫുട്‌ബോളിന്റെ നിയന്ത്രണം പുതിയ കമ്പനിയുടെ കീഴിലാവുകയാണ്.
കരാറിലെ മറ്റു പ്രധാന വ്യവസ്ഥകള്‍
- കമ്പനിയുടെ അനുമതിയില്ലാതെ കെ.എഫ്.എയ്ക്ക് പുതിയ മത്സരങ്ങള്‍ നടത്താനോ അംഗീകാരം നല്‍കാനും കഴിയില്ല
- കമ്പനിയുടെ അംഗീകാരമില്ലാതെ ഭരണഘടന ഭേദഗതി ചെയ്യാനാവില്ല
- കമ്പനി നടത്തുന്ന പുതിയ ലീഗുകള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കും ക്ലബുകള്‍ക്കും അംഗീകാരം നല്‍കണം
- മത്സര കലണ്ടറുകള്‍ കമ്പനിയുടെ അംഗീകാരം വേണം
- ഡി.എഫ്.എകളെ പിരിച്ചു വിട്ടാല്‍ ആ ജില്ലകളിലെ മത്സരം നടത്താനുള്ള അവകാശം കമ്പനിക്കാണ്
- എല്ലാ കെ.എഫ്.എ മത്സരങ്ങളിലും കമ്പനിക്ക് സ്വന്തം ടീമുകളെ ഉള്‍പ്പെടുത്താം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."