തൊഴില്‍ പ്രശ്നം: വി.കെ സിങ് വീണ്ടും സഊദിയില്‍
ന്യൂഡല്‍ഹി: തൊഴില്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ സിങ് വീണ്ടും സഊദി അറേബ്യയിലെത്തി. തൊഴില്നഷ്ടപ്പെട്ടു സഊദിയില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രിക്കുന്നവരെ അതിനും അവിടെത്തന്നെ പുതിയ ജോലി കണ്ടെത്താന്‍ ആഗ്രഹിക്കുന്നവരെ അതിനും സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വി.കെ സിങ് സഊദിയിലെത്തിയത്.
ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനാണ് വി.കെ സിങ് സഊദിയില്‍ പോയതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കഴിഞ്ഞദിവസം സഊദിയിലെത്തിയ അദ്ദേഹം ജിദ്ദയിലെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ച് തൊഴിലാളികളുടെ പരാതികള്‍ കേട്ടു. തുടര്‍ന്ന് വിവിധ സഊദി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സഊദിയിലെ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലബനീസ് ഉടമസ്ഥതയിലുള്ള കമ്പനിയായ സഊദി ഓഗര്‍, ബിന്ലാദന് ഗ്രൂപ്പ്, സാദ് ഗ്രൂപ്പ് എന്നീ കമ്പനികള്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ടതാണു പുതിയ പ്രതിന്ധിക്കിടയാക്കിയത്. ജോലി നഷ്ടമായവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരുമാണ്. ഇതേതുടര്‍ന്ന് രണ്ടാഴ്ച മുമ്പ് സഊദി സന്ദര്‍ശിച്ച വി.കെ സിങ് അവരുടെ നാട്ടിലേക്കുള്ള മടക്കത്തിനും അവര്‍ക്കു ലഭിക്കാനുള്ള ശമ്പളകുടിശ്ശിക മുഴുവനായി ലഭ്യമാക്കുന്നതിനുമായി അധികൃതരുമായി സംസാരിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മുഴുവനായി നട്ടിലെത്തിക്കാന് കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ജോലി നഷ്ടമായ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ സമിതിയെ നിയോഗിച്ചതായി വി.കെ സിങ് അറിയിച്ചു. കുടിശ്ശികയുള്ളര്ക്കെല്ലാം അതുലഭ്യമാക്കുമെന്നും എന്നാല്‍ അതിനു നിശ്ചിതകാലയളവ് നിര്‍ണയിക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."