മൂന്നാറിലേക്കൊരു കന്നിയാത്ര
മൊയ്തു പി.കെ തിരുവള്ളൂര്‍
ചെറിയ പെരുന്നാള്‍ കഴിഞ്ഞ് അടുത്തദിവസമായിരുന്നു മൂന്നാര്‍ യാത്ര. കേരളത്തിലെ കശ്മിര്‍ എന്നറിയപ്പെടുന്ന ഇവിടേക്ക് ഞങ്ങള്‍ പോകുന്നത് ആദ്യമായാണ്. വൈകീട്ട് ലിറ്ററിന് 15 രൂപയോളം കുറവുള്ള മാഹിയില്‍ പോയി കാറില്‍ ഫുള്‍ ടാങ്ക് എണ്ണയടിച്ച് പ്രയാണമാരംഭിച്ചു. ട്രാഫിക് തിരക്ക് മൂലം ഗൂഗിള്‍ മാപ്പ് അനുസരിച്ച് നിശ്ചിത സമയത്ത് മൂന്നാറിലെത്താന്‍ കഴിഞ്ഞില്ല. അവിടെയെത്തുമ്പോള്‍ രാത്രി രണ്ടുമണിയോടടുത്തിരുന്നു. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങള്‍, കാന്‍വാസില്‍ കോറിയ ചിത്രംപോലെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മലമേടുകള്‍. മഞ്ഞുപുതച്ച വഴികള്‍. ഒപ്പം കോടമഞ്ഞു വാരിവിതറുന്ന സുഖകരമായ തണുപ്പും. വര്‍ണനകളിലൊതുക്കാന്‍ കഴിയാത്ത പ്രകൃതിസൗന്ദര്യം.
കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മയേകുന്ന കാഴ്ചകള്‍. കരിമ്പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍. തേയിലത്തോട്ടങ്ങളാണ് മൂന്നാറിന് ഇത്രയും ആകര്‍ഷണം നല്‍കുന്നത്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് ആറുകള്‍ ചേര്‍ന്ന സ്ഥലം എന്നതില്‍ നിന്നാണ് മൂന്നാര്‍ എന്ന പേരുണ്ടായത്.
മൂന്നാര്‍ യാത്രയ്ക്ക് ഒന്നരമാസം മുമ്പേ സുഹൃത്തുക്കളുമായി പ്ലാന്‍ ചെയ്തിരുന്നു. ദീര്‍ഘയാത്രയായതിനാല്‍ രാത്രിഭക്ഷണം വീട്ടില്‍ നിന്നും തയാറാക്കി പായ്ക്ക് ചെയ്ത് കാറില്‍ കരുതിരുന്നു. അത് കഴിച്ച് ഉറങ്ങാന്‍ കുറഞ്ഞ നിരക്കിലുള്ള റൂം തിരഞ്ഞ് പല സ്ഥലങ്ങളും കയറിയിറങ്ങി. അവസാനം ഒരു റൂം ലഭിച്ചു. രാവിലെ 9 മണിക്ക് മൂന്നാറിലെ ഓരോ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്രതിരിച്ചു. ആദ്യം പോയത് കുറുത്തിമലയുടെ താഴ്‌വാരത്തിലേക്കാണ്. രണ്ട് മലയുടെ ഇടയ്ക്ക് വെള്ളത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു തടയിണയുണ്ടാക്കിയിട്ടുണ്ട്. ഒരു മല കുറവന്‍ എന്നും മറ്റേ മല കുറത്തി എന്ന പേരിലും അറിയപ്പെടുന്നു. മലമുകളില്‍ കയറാന്‍ സാധിക്കില്ല. അകലെ നിന്ന് മാത്രം അടക്കിവെച്ച മലയും വെള്ളച്ചാട്ടവും കാണാം. മനോഹരമായ റോഡുകള്‍ യാത്ര കൂടുതല്‍ എളുപ്പമാക്കി. തണുപ്പ് ഞങ്ങളെ അലട്ടിത്തുടങ്ങിയിരുന്നു. ഈര്‍പ്പമുള്ള കാറ്റും ഇടയ്ക്കിടെയുള്ള ചാറ്റല്‍മഴയും മഞ്ഞും ശരീരത്തെ മരവിപ്പിച്ചുകൊണ്ടിരുന്നു.
റോഡരികില്‍ ഒന്നുരണ്ട് വളവുകള്‍ കഴിഞ്ഞപ്പോള്‍ വണ്ടികളും ആളുകളും കൂട്ടംകൂടിയത് കണ്ടു. കല്ലാറയിലാണ് ഇപ്പോള്‍. അവിടുത്തെ മനോഹരമായ വെള്ളച്ചാട്ടം കണ്ണിലും കാമറയിലും പകര്‍ത്തി. മഴക്കാലത്ത് ഈ വെള്ളച്ചാട്ടം ശക്തമായിരിക്കും. നല്ല പൊക്കത്തില്‍ നിന്നും വരുന്ന വെള്ളച്ചാട്ടം ഉണങ്ങിവരണ്ട പാറക്കെട്ടിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്നു.
മൂന്ന് പ്രധാന വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. സൂര്യകിരണങ്ങള്‍ വെള്ളത്തുള്ളികളില്‍ പ്രതിബിംബിച്ചു മഴവില്ലു വ്യക്തമായി കാണാന്‍ കഴിഞ്ഞു. ഓരോ സ്ഥലത്തു സഞ്ചരിക്കുമ്പോഴും ''കണ്ടതല്ലൊം മനോഹരം, കാണാനിരിക്കുന്നത് അതിമനോഹരം' എന്നതായിരുന്നു അവസ്ഥ. ഉച്ച സമയത്തെ വെയിലിന്റെ ഇളംചൂട് ശരീരത്തെ സ്വല്‍പ നേരം ചൂടുപിടിപ്പിക്കുമ്പോള്‍ ഉച്ചമയക്കത്തിന് ആക്കംകൂടും. പ്രകൃതിയെ ഇത്ര മനോഹരമായി പടച്ച സ്രഷ്ടാവിനെ ഞങ്ങള്‍ സ്തുതിച്ചു.
ഒരു വാഗ്‌നര്‍ കാറില്‍ എട്ടുപേര്‍ ഒന്നിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ഓരോ മണിക്കൂറുകള്‍ ഇടവിട്ട് രണ്ടുവീതം ആളുകള്‍ മാറിമാറി മടിയില്‍ ഇരുന്നും മുന്നില്‍ ഡ്രൈവറടക്കം മൂന്നുപേര്‍ ഇരുന്നുമായിരുന്നു യാത്ര. കുളിര്‍ക്കാറ്റ് സന്തോഷവും ആത്മഹര്‍ഷവുമേകി. കല്ലാര്‍, അടിമാലി, മാങ്കുളം വിരിപ്പാറ എന്നീ സ്ഥലങ്ങളിലെ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള കാര്‍യാത്ര അല്‍പം ദുരിതമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ടൂറിസ്റ്റുകളുടേതല്ലാത്ത മറ്റു വണ്ടികള്‍ അധികം സഞ്ചരിക്കാത്ത വഴികളായിരുന്നു ഗൂഗിള്‍ മാപ്പ് പറഞ്ഞുതന്ന റൂട്ട്. അത് പലയിടത്തും ഞങ്ങളെ വേഗത്തിലെത്തിക്കാന്‍ സഹായിച്ചു.
ഒരു രാത്രി കൂടി അവിടെ താമസിച്ചു. രണ്ടാം ദിവസം രാത്രിഭക്ഷണം തേടി പല ഹോട്ടലുകളിലും കയറിച്ചെന്നെങ്കിലും ഭക്ഷണം തീര്‍ന്നിരുന്നു. സഞ്ചാരികളുടെ വര്‍ധനവായിരുന്നു കാരണം. അവസാനം വിശപ്പ് മാറ്റാന്‍ കിട്ടിയ ഭക്ഷണം കഴിച്ച് ഒന്നാംദിനം ഉറങ്ങിയ റൂമിലേക്ക് തന്നെ യാത്ര തിരിച്ചു. ഞങ്ങളുടെ വരവും കാത്ത് പ്രായമേറിയ വാര്‍ഡന്‍ കാത്തിരിപ്പുണ്ടായിരുന്നു. പ്രഭാതത്തില്‍ നേരത്തെ ഉണര്‍ന്ന് ബ്രേക്ഫാസ്റ്റ് കഴിച്ച് പുലിമടയിലേക്ക് പുറപ്പെട്ടു.
25 രൂപയുടെ ടിക്കറ്റെടുത്ത് കാടിനുള്ളിലൂടെ താഴേക്കു നടന്നു. ഈര്‍പ്പമുള്ള കാറ്റും ഉറവുകളും പുകമൂടിയതുമായ കാട്ടിനുള്ളിലൂടെയുള്ള ആദ്യ യാത്ര വലിയ അനുഭവമായിരുന്നു. പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴെ ഇറങ്ങി പുലിമടയിലെത്തി. പുലിയില്ലാത്ത പുലിമട. അടുത്തത് ചീയപ്പാറ വെള്ളച്ചാട്ടമാണ്. നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ റോഡരികിലാണിത്. ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം റോഡില്‍ നിന്നു തന്നെ കണ്ടാസ്വദിക്കാം. ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.
ഇനി ഇരവികുളം ദേശീയോദ്യാനത്തിലെ നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്കാണ്. മൂന്നാറിലെ നീലക്കുറിഞ്ഞിയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ആ കാഴ്ച അതിമനോഹരമാണ്. തമിഴകത്തിന്റെ സംസ്ഥാന മൃഗമായ വരകളില്ലാത്ത വരയാടുകളുടെ കേന്ദ്രമാണ് ഇരവികുളം.വരെര എന്ന തമിഴ് വാക്കിനര്‍ഥം പാറമല എന്നാണ്. വരെരയാട് മലമുകളില്‍, പാറ മുകളില്‍ വസിക്കുന്ന ആട് എന്ന അര്‍ഥത്തിലാണ് ഇവയെ വരയാട് എന്നു വിളിക്കുന്നത്. വരയാടുകളുടെ കൂട്ടങ്ങള്‍ ഇവിടുത്തെ ആകര്‍ഷണമാണ്. പാറ മുകളില്‍ ഏറ്റവും ഉയര്‍ന്ന ഭാഗമാണ് ഇവയുടെ സഞ്ചാരവഴികള്‍. വേട്ടമൃഗങ്ങളെയും മനുഷ്യനെയും ഭയക്കുന്നതുകൊണ്ടാണ് മറ്റാര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത പാറമുകളില്‍ ഇവ കഴിയുന്നത്. പുല്‍മേടുകളില്‍ മേഞ്ഞ് പാറക്കെട്ടുകള്‍ക്കിടയിലൂടെ നിലക്കാതെ പ്രവഹിക്കുന്ന നീരുറവകളില്‍ നിന്ന് ദാഹമകറ്റി ഇവ വിലസുന്നു.
കാട്ടിലും മലമടക്കുകളിലും വസിക്കുന്ന വരയാടുകള്‍ പ്രകൃതിയുടെ സൗന്ദര്യമാണ്. കാലത്തെ അതിജീവിച്ച് അഴകേറിയ ഈ മൃഗം ഇവിടുത്തെ പ്രത്യേക ഒളിസ്ഥലങ്ങളില്‍ കൂട്ടമായി മേഞ്ഞുനടക്കുന്നു. ഈ കാഴ്ച കാണാന്‍ ഇവ വസിക്കുന്ന കേന്ദ്രങ്ങളില്‍ അനുദിനം നിരവധി സഞ്ചാരികളാണ് വരുന്നത്. സാധാരണ ആടുകളുമായി സാദൃശ്യമുള്ള ഇവയിലെ ആണ്‍വര്‍ഗത്തിന് 100-110 സെന്റീമീറ്റര്‍ ഉയരവും പെണ്ണാടിന് 60-80 സെന്റീമീറ്റര്‍ ഉയരവുമാണുള്ളത്. ആണാടിന് 100 കിലോഗ്രാം ഭാരവും പെണ്ണാടിന് 85 കിലോഗ്രാം ഭാരവും കണക്കാക്കപ്പെടുന്നു. രണ്ടിനും പിന്നിലേക്ക് വളഞ്ഞ കൊമ്പുകളും കാണാം. പെണ്ണാടിന്റെ കൊമ്പിനു നീളം കുറവാണ്. തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ് വരയാടുകള്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ പുല്‍മേടുകള്‍ നിറഞ്ഞ കുന്നിന്‍പ്രദേശങ്ങളാണ് ഇവയുടെ വിഹാരകേന്ദ്രം.
അടിവാരത്ത് നിന്നും നാലു കിലോമീറ്റര്‍ വാഹന യാത്ര ചെയ്ത് അവിടെ നിന്നും ഒരു കിലോമീറ്റര്‍ നടന്നാണ് ആനമുടിയിലെത്തിയത്. യാത്രയ്ക്കിടെ 10 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി. നീണ്ട ക്യൂനിന്ന് ടിക്കറ്റ് എടുക്കണം. വെള്ള നിറത്തിലുള്ള സര്‍ക്കാര്‍ വാഹനമല്ലാത്ത മറ്റു വാഹനങ്ങളിവിടെ പാടില്ല. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരും ഉണ്ട്. നിശ്ചിത സമയത്ത് മാത്രം വെള്ളം കുടിക്കാന്‍ വരുന്ന ആനക്കൂട്ടങ്ങള്‍ ഇവിടുത്തെ ആകര്‍ഷണമാണ്. വേനലിലും വറ്റാത്ത ജലാശയം തേടിയാണ് ആനകളെത്തുന്നത്. ആനക്കൂട്ടങ്ങളുടെ കളിയും കുസൃതികളും കണ്ടുനില്‍ക്കാനും കാമറയില്‍ പകര്‍ത്താനും നിരവധിയാളുകള്‍ ഇവിടെ എത്താറുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ് മൂന്നാറിലെ മലനിരകള്‍. ഇവിടുത്തെ ഏലത്തോട്ടം സന്ദര്‍ശിക്കാതെ മടങ്ങുന്നത് നഷ്ടമാണ്. സ്‌പെഷല്‍ ഐസ്‌ക്രീം കഴിച്ച് അവിടേക്കു പോകുമ്പോള്‍ ഗൈഡുമാരുടെ സഹായവും ഉണ്ടായിരുന്നു. ഹോം മെയ്ഡ് ചോക്ലേറ്റുകളും തേയിലപ്പൊടികളും പലഹാരങ്ങളും ഹെര്‍ബല്‍ ഉല്‍പന്നങ്ങളും റോഡരികില്‍ നിരത്തിവച്ചതു കാണാം. ആദ്യമായി മൂന്നാറിലെത്തുന്നവര്‍ക്ക് ആകര്‍ഷകമായ പലതും ഇടയ്ക്കിടെ ഇവിടെ വരുന്നവര്‍ക്ക് അത്ര രസംനല്‍കില്ലായിരിക്കാം. എന്നാല്‍ മൈനസ് ഡിഗ്രി തണുപ്പ് ആസ്വദിച്ച് പ്രകൃതി ഭംഗി നുകര്‍ന്ന് ഇവിടെ കഴിയാന്‍ ഓരോ വര്‍ഷവും എത്തുന്നവര്‍ കുറവല്ല. അതില്‍ വിദേശികളും ഇതര സംസ്ഥാനക്കാരും മാത്രമല്ല, മലയാളി യാത്രികരുമേറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."