ശില്‍വമ്മയുടെ മൃതദേഹം സംസ്‌കരിച്ചു
കാഞ്ഞിരംകുളം: തെരുവുനായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞദിവസം മരിച്ച കാഞ്ഞിരംകുളം പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശില്‍വമ്മയുടെ (65) മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ പുല്ലുവിള കടല്‍തീരത്തായിരുന്നു തെരുവുനായ്ക്കളുടെ കടിയേറ്റ സില്‍വമ്മയുടെ ദാരുണാന്ത്യം. നായ്ക്കളുടെ ആക്രമണത്തില്‍ മാരകമായി പരുക്കേറ്റ സില്‍വമ്മ നെയ്യാറ്റിന്‍കര ജനറല്‍ ആശുപുത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കൂട്ടമായി ആക്രമിച്ച നായ്ക്കളുടെ വലയത്തില്‍ നിന്ന് ശില്‍വമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മകന്‍ സെല്‍വരാജനും കടിയേറ്റിരുന്നു.
ശില്‍വമ്മയുടെ മൃതദേഹം ഇന്നലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം പുല്ലുവിള സെന്റ് ജേക്കബ് ഫേറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. എം. വിന്‍സന്റ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ജെറിച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
നായ ഭീതിയില്‍
തലസ്ഥാനം
നടപടിയില്ലെങ്കില്‍ സമരത്തിനൊരുങ്ങുമെന്ന് പ്രദേശവാസികള്‍
എ.ബിസി പദ്ധതി ലക്ഷ്യം കണ്ടില്ല
സ്വന്തംലേഖിക
തിരുവനന്തപുരം: വിഴിഞ്ഞത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചതോടെ തലസ്ഥാന നഗരം ഭീതിയില്‍. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശില്‍വമ്മ(65) ആണ് വെള്ളിയാഴ്ച രാത്രി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ആക്രമണത്തില്‍ ഡെയ്‌സി എന്ന വീട്ടമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാത്തതാണ് മഹാദുരന്തത്തിലേക്ക് വഴിവച്ചത്.
സംഭവം ഇങ്ങനെ...
വെള്ളിയാഴ്ച രാത്രി എട്ടരയോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി കടല്‍തീരത്തേക്കു പോയതാണ് ശില്‍വമ്മ. ദീര്‍ഘനേരമായി അമ്മയെ കാണാഞ്ഞപ്പോള്‍ അന്വേഷിച്ചിറങ്ങിയ മകന്‍ സെല്‍വരാജ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. എല്ല് കാണുംവിധം ശരീരമാകെ കടിച്ചുപറിച്ച് അമ്പതോളം നായ്ക്കള്‍. രക്ഷിക്കാനായി സെല്‍വരാജ് ഓടിയെത്തിപ്പോള്‍ നായ്ക്കള്‍ സെല്‍വരാജിനുനേരെ തിരിഞ്ഞു.
പിന്നീട് കടലില്‍ ചാടിയാണ് സെല്‍വരാജ് രക്ഷപ്പെട്ടത്. ആംബുലന്‍സ് കിട്ടിയില്ല: കിട്ടിയത് പൊലിസിന്റെ പരിഹാസം
നായ്ക്കൂട്ടം പോയതിനുശേഷം പ്രദേശവാസികള്‍ എത്തിയപ്പോള്‍ പാതി ജീവനുണ്ടായിരുന്ന ശിലുവമ്മയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുകിട്ടിയില്ല. പുല്ലുവിള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിനായി ബന്ധപ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണിയായതിനാല്‍ വരാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി.
മണിക്കൂറുകള്‍ക്കുശേഷം ഓട്ടോയില്‍ കയറ്റി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചു.
യാത്രാമധ്യേ ശില്‍വമ്മ മരണത്തിനു കീഴടങ്ങി. ഇതിനിടെ പൊലിസിനെ വിളിച്ച് കേസെടുക്കാന്‍ ആവശ്യപ്പെട്ട നാട്ടുകാരോട് ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന പരിഹാസമാണ് ഉണ്ടായത്.
ശില്‍വമ്മയെ ആക്രമിച്ച ശേഷം മണിക്കൂറിനകം ഡെയ്‌സി എന്ന വീട്ടമ്മയും ആക്രമണത്തിനിരയായി. പുല്ലുവളി നടവുപുരയിടത്തില്‍ ഡെയ്‌സിയാണ് നായ്ക്കളുടെ ആക്രമണത്തിനരയായത്. നാട്ടുകാരാണ് ഡെയ്‌സിയെ നായ്ക്കളില്‍ നിന്നും രക്ഷിച്ചത്.
കൈകളിലെ എല്ലു പുറത്തുകാണും വിധം കടിച്ചുപറിച്ച നിലയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സക്കുശേഷം പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കു ഡെയ്‌സിയെ മാറ്റി.
കടല്‍തീരത്തെ മാലിന്യമാണ് തെരുവുനായ ശല്യം വര്‍ധിക്കാനുള്ള പ്രധാന കാരണം. കോഴിയിറച്ചിയുടെ അവശിഷ്ടങ്ങള്‍ തീരത്ത് തള്ളുന്നതും തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ഇവിടെയെത്താന്‍ കാരണമാകുന്നുണ്ട്. അടുത്തിടെ പ്രദേശവാസികള്‍ക്ക് പലര്‍ക്കും നായ്ക്കളില്‍ നിന്നും ആക്രമണം ഉണ്ടായിട്ടുണ്ട്. തെരുവുനായ ശല്യത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതരെ പലതവണ സമീപിച്ചിട്ടുമുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കാന്‍ ഇതുവരെ അധികൃതര്‍ ആരും തയാറായിട്ടില്ല. കുട്ടികള്‍ക്കുപോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
എ.ബി.സി പദ്ധതി ലക്ഷ്യം കണ്ടില്ല
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി ലക്ഷ്യം കണ്ടില്ല. ഇതിനാവശ്യമായ സ്ഥലം ലഭിക്കാത്തതും പലയിടങ്ങളിലും പദ്ധതിക്കെതിരേ ജനങ്ങളില്‍ നിന്ന് പ്രതിഷേധമുണ്ടായതോടും കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കൊണ്ടുവന്ന പദ്ധതി പാളിയത്.
തെരുവുനായ്ക്കളെ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും തുടര്‍പരിചരണത്തിനും ശേഷം അവയുടെ ആവാസകേന്ദ്രത്തിലേക്ക് തന്നെ തിരിച്ചുവിടുകയും ചെയ്യുന്നതായിരുന്നു പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം ബംഗളൂരു ആസ്ഥാനമായ എന്‍.ജി.ഒയുടെ സഹകരണത്തോടെയായിരുന്നു കേരത്തില്‍ എ.ബി.സി പദ്ധതിക്ക് തുടക്കം കുറിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കേണ്ടതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ കടുത്ത നിബന്ധനകളാണ് എ.ബി.സി പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയാതെ പോയത്. 450 രൂപയാണ് ഒരു നായയുടെ വന്ധ്യംകരണത്തിന് നല്‍കുക. കേന്ദ്രം നല്‍കുന്നതാകട്ടെ ഇതിന്റെ പകുതിയും. ബാക്കി തദ്ദശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് ഒരു ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.
കണ്ണ് തുറക്കണം അധികൃതര്‍
കളിച്ചുവളരേണ്ട പ്രായത്തില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തീരദേശത്തെ കുട്ടികള്‍. നായഭീതിയെ തുടര്‍ന്ന് മക്കളെ വീടിനു പുറത്തിറക്കാറില്ല രക്ഷിതാക്കള്‍. ശില്‍വമ്മയുടെ ദാരുണാന്ത്യം അധികൃതരുടെ കണ്ണ് തുറപ്പിക്കും എന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. പലതവണ അധികൃതരുടെ വാതിലില്‍ മുട്ടിയെങ്കിലും നടപടി സ്വീകരിക്കാത്തതാണ് വലിയ ദുരന്തത്തിന് വഴിവച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
നായശല്യത്തിനെതിരേ നടപടി സ്വീകരിക്കാതെ ഇനി പിന്നോട്ടില്ലെന്നാണ് നാട്ടുകള്‍ പറയുന്നത്. ഇനിയും അധിതൃതരുടെ ഭാഗത്തുനിന്നും അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."