വാര്‍ഷികാഘോഷത്തിന് ഖജനാവില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുത്: കെ.സുധാകരന്‍
തിരുവനന്തപുരം: കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പി.ആ.ര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്. ക്ഷേമപെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികള്‍ വൃഥാ കത്തിയമരുന്നത്.കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല.
സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ്.രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നില്ക്കുമ്പോള്‍ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിര്‍ദേശങ്ങള്‍ നടപ്പില്‍ വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസഹമായി. പെട്രോള്‍/ ഡീസല്‍ വില വര്‍ധന സമസ്ത മേഖലകളിലും വില വര്‍ധിപ്പിച്ചു. മരുന്നുകള്‍ക്ക് 12 ശതമാനം വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ്‌കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. വസ്തുനികുതി, ഭൂമി രജിസ്‌ട്രേഷന്‍, ഭൂമിയുടെ ന്യായവില തുടങ്ങിയവ കുതിച്ചു കയറി. ജീവിതഭാരം താങ്ങനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു.സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍, സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതു പാര്‍ട്ടിയുടെ പണം ഉപയോഗിക്കാവൂ എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."