ലക്ഷദ്വീപിലെ 'പരിഷ്‌കാരങ്ങള്‍' ആര്‍ക്കുവേണ്ടി?
ഒാരോ പ്രദേശവും തദ്ദേശീയര്‍ക്ക് അവരുടെ വികാരവും പെറ്റമ്മയോളം പ്രാധാന്യവുമുള്ളതാണ്. മറ്റുള്ളവര്‍ക്ക് അതു മനോഹരമായ കാഴ്ചയോ രണ്ടോ മൂന്നോ ദിവസം ആസ്വദിക്കാനുള്ള താവളവും മാത്രം. പുറമേനിന്ന് നോക്കിയാല്‍ വികസന, സാമ്പത്തിക സാധ്യതകള്‍ ഒട്ടേറെയുള്ള പ്രദേശമായിരിക്കാം. എന്നാല്‍, അവിടത്തുകാരുടെ സംസ്‌കാരവും ജീവിതവുമായി അതിന് യാതൊരു ബന്ധവുമില്ലെങ്കില്‍ അവരുടെ മുന്നില്‍ അത് അസ്വസ്ഥതകളും അപകര്‍ഷതാബോധവും മാത്രമേ സൃഷ്ടിക്കൂ. ലക്ഷദ്വീപിന്റെ കാര്യത്തിലും ഇതു തന്നെയാണ് യാഥാര്‍ഥ്യം. വര്‍ഗീയതയോ തീവ്ര രാഷ്ട്രീയ നിലപാടോ ഇല്ലാത്ത ജനതയാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും ബി.ജെ.പിയും കമ്യൂണിസ്റ്റു കക്ഷികളുമാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍. കവരത്തിയുടെ തന്നെ കുറെ ഭാഗങ്ങള്‍ ആര്‍മി, നേവല്‍ ബേസ് സ്ഥലമാണ്. കൂടാതെ സര്‍ക്കാര്‍ ഓഫിസുകളും. ബാക്കി ഭാഗം ചെറിയ വീടുകള്‍ കെട്ടി, മത്സ്യം പിടിച്ചും നാളികേരം കൃഷി ചെയ്തും ജീവിക്കുന്നവരാണ്. മതിലുകള്‍ പോലും അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ. കേരളമാണവരുടെ അനുകരണീയ മാതൃക. കേന്ദ്രഭരണപ്രദേശമായതു കൊണ്ടാവാം എന്നും ഉദ്യോഗസ്ഥ ഭരണമേധാവിത്വമാണ് ലക്ഷദ്വീപില്‍. ആവശ്യമുള്ള മരുന്നും ഭക്ഷണവും വിദ്യാഭ്യാസവും ദ്വീപില്‍ തന്നെയുള്ളതുകൊണ്ട് തൃപ്തിപ്പെട്ട് കഴിയുന്നവരാണവര്‍.
ഇവിടത്തെ ജീവിതവും സംസ്‌കാരവും രീതികളും ഉള്‍ക്കൊണ്ടാണ് എല്ലാ സര്‍ക്കാരുകളും അവര്‍ ചുമതലയേല്‍പ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍മാരും ഐ.എ.എസ്, മറ്റു ഉദ്യോഗസ്ഥന്മാരും പെരുമാറിയത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സമയത്ത് ദ്വീപ് സന്ദര്‍ശിച്ച വേളയില്‍ കുട്ടികളോട് സംവദിക്കുമ്പോള്‍ തീവണ്ടിയെന്താണെന്ന് ചോദിച്ച കൊച്ചു കുട്ടിക്ക് അവര്‍ നല്‍കിയ സമ്മാനം കവരത്തിയില്‍ ചെറിയ ദൂരം പാളമിട്ട കൊച്ചു തീവണ്ടിയായിരുന്നു. വണ്ടിയൊക്കെ പിന്നീട് പോയെങ്കിലും പാളത്തിന്റെ ഭാഗം അവരുടെ സ്‌നേഹോപഹാരം പോലെ ഇപ്പോഴും കാണാം. എല്ലാ പ്രധാനമന്ത്രിമാരും സന്ദര്‍ശിച്ച നാടെന്ന ഖ്യാതിയും ഈ കൊച്ചു ദ്വീപിനുണ്ട്. തിരിച്ചും എല്ലാ ജനങ്ങള്‍ക്കും കേന്ദ്രത്തോട് ഈയൊരു സ്‌നേഹവും കാണാം. ഭരിക്കുന്ന പാര്‍ട്ടി ഏതെന്ന് നോക്കാതെയുള്ള സ്‌നേഹം.
ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍
ജനാധിപത്യ വികേന്ദ്രീകൃത ഭരണമില്ലാത്തത് തന്നെയാണ് ദ്വീപിന്റെ ഏറ്റവും വലിയ പ്രശ്‌നമെന്ന് അവിടത്തെ ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി സംസാരിക്കുമ്പോള്‍ തന്നെ മനസിലാവും. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് നാമമാത്ര അധികാരങ്ങള്‍ മാത്രം. മുകളില്‍ ലക്ഷദ്വീപ് വികസന അതോറിറ്റി. അതിനും മുകളില്‍ ഏതു നിയമവുമെടുത്ത് കളയാനും പുതിയ നിയമം കൊണ്ടുവരാനും കഴിയുന്ന അഡ്മിനിസ്‌ട്രേറ്റര്‍. മേലുദ്യോഗസ്ഥ പ്രീണനം കാട്ടുന്ന കീഴുദ്യോഗസ്ഥര്‍. കൃത്യമായ ആസൂത്രണങ്ങള്‍ പഞ്ചായത്തു തലത്തിലോ ഭരണതലത്തിലോ നടത്തി പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമില്ലെങ്കിലും അതൊന്നും നടക്കാതെ പോവുന്നു.
കൃഷി വകുപ്പിന്റെ കീഴില്‍ ജോലി ചെയ്യാന്‍ കഴിയുന്ന സംവിധാനമുണ്ടെങ്കിലും പ്രായോഗികതലത്തില്‍ എത്തുന്നില്ല. ആദ്യ കാലങ്ങളില്‍ വിദ്യാസമ്പന്നര്‍ കുറവായതുകൊണ്ട് തൊഴില്‍ കിട്ടുക ഒരു പ്രശ്‌നമല്ലായിരുന്നു. എന്നാല്‍ ഇന്നത് വലിയ പ്രതിസന്ധിയായി മാറുന്നു. ഇതിന്റെ അസ്വസ്ഥതകള്‍ ചെറുപ്പക്കാരില്‍ വര്‍ധിക്കുകയാണ്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പെട്ടെന്നുണ്ടായതല്ല. പലതും വികസനമെന്ന രീതിയില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയും സാമ്പത്തിക ഇടപാടുകള്‍ നടത്തി ലാഭം കിട്ടാന്‍ വേണ്ടിയും നടത്തുന്ന കൂട്ടുകെട്ടുകളുടെ തുടര്‍ച്ച തന്നെയാണ്.
ടൂറിസം
വികസനം എന്ന രീതിയില്‍ ടൂറിസം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബംഗാരം ദ്വീപില്‍ ഹോട്ടല്‍, റിസോര്‍ട്ട് ലോബികള്‍ കൈയടക്കിയത് പിന്നീട് കോടതി ഇടപെട്ടാണ് നിര്‍ത്തിയത്. വന്‍ ടൂറിസ പദ്ധതികള്‍ ദ്വീപിനെ പാരിസ്ഥിതികമായും സാംസ്‌കാരികമായും തകര്‍ക്കുമെന്നുറപ്പാണ്. കാരണം കുറച്ചു വെള്ളവും ഭൂമിയുമുള്ള ഒരു പ്രദേശത്ത് അവരുടെ ജീവിത രീതിയെ മാനിക്കാതെ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ തിരിച്ചറിയാതെ ടൂറിസ്റ്റുകള്‍ വന്നു പോയാല്‍ പിന്നീട് തദ്ദേശീയര്‍ ചേരിവാസികളായി മാറും എന്നുറപ്പാണ്. നിര്‍മാണപ്രവര്‍ത്തനം നിയമം മൂലം കര്‍ക്കശമാക്കി പുറമേയുള്ള കോണ്‍ട്രാക്ടര്‍മാരെ ഏല്‍പ്പിച്ച് തദ്ദേശവാസികളെ അകറ്റിനിര്‍ത്തുന്നതിനു പിന്നില്‍ സാമ്പത്തിക ലാഭവും അഴിമതിയുമല്ലെങ്കില്‍ പിന്നെന്ത്?
ഗുണ്ടാ ആക്ട്
ലക്ഷദ്വീപിലെ ഏക വിമാനത്താവളമാണ് അഗത്തി. എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍നിന്ന് കയറി അഗത്തിയില്‍ ലാന്റു ചെയ്യുന്നു എന്ന അനൗണ്‍സ്‌മെന്റ് കേട്ട് താഴോട്ട് നോക്കിയാല്‍ വെറും കടല്‍ മാത്രമേ കാണാന്‍ കഴിയുള്ളൂ. വിമാനം താഴ്ന്നു പറന്ന് ലാന്റ് ചെയ്യാന്‍ എത്തുന്ന സമയത്തേ വളരെ നേര്‍ത്ത ചിറകുകള്‍ അപ്പോഴും കടലിലുരുമ്മി അഗത്തി വിമാനത്താവളം കാണാന്‍ കഴിയൂ. ചുറ്റും കടലായതുകൊണ്ടുതന്നെ മതിലുകളോ സുരക്ഷാ ഭിത്തികളോ ഒന്നും ഇല്ലാത്ത ചെറിയ ഒറ്റത്തട്ട് ഷീറ്റ് മേഞ്ഞ ബില്‍ഡിങ്. മറ്റൊരു പ്രധാന ദ്വീപായ കവരത്തിയുടെ പകുതിഭാഗവും സര്‍ക്കാര്‍ ഓഫിസുകളും സൈനിക ക്യാംപുമാണ്. കുറഞ്ഞ ജനസംഖ്യ. ജയില്‍ തടവുകാരില്ല. ക്രിമിനലുകളും ഇല്ല. നിര്‍മാണ ജോലിക്ക് കൊണ്ടുവരുന്ന കുറച്ചു ഇതരസംസ്ഥാന തൊഴിലാളികള്‍. പരസ്പരം അറിയുന്ന ജനത. ഇവിടെ ഗുണ്ടാ നിയമങ്ങള്‍ എന്തിന്? കുറഞ്ഞ മോട്ടോര്‍ വാഹനങ്ങള്‍ മാത്രമുള്ള മൂന്നു മീറ്റര്‍ പോലും വീതിയില്ലാത്ത കോണ്‍ക്രീറ്റ് പാതയുള്ള ഇവിടെ പല ജങ്ഷനിലുമുണ്ടാക്കിയ സിഗ്നല്‍ ലൈറ്റ് ഉദ്യോഗസ്ഥ പരിഷ്‌കാരത്തിന്റെ കാലങ്ങള്‍ക്കു മുമ്പുള്ള തമാശയാണ്.
ആശുപത്രികള്‍
പ്രധാന ആശുപത്രി ഒന്നേയുള്ളൂ. മറ്റൊന്ന് അഗത്തിയില്‍ പി.പി.പി മോഡലാണ്. കവരത്തിയിലെ പ്രധാന ആശുപത്രിയില്‍ പോലും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ നാമമാത്രം. പുതിയതായി നിയമിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയും ചെയ്തു. അത്യാസന്നരായ രോഗികളെ ഹെലികോപ്റ്റര്‍ വഴി കൊച്ചിയിലെത്തിക്കുകയാണ് പതിവ്. കൊവിഡു പോലുള്ള മഹാമാരിക്കാലത്ത് അതൊന്നും മതിയാവുന്നില്ല എന്നതിന്റെ തെളിവാണ് അവിടത്തെ മരണനിരക്ക്. ആശുപത്രികള്‍ ഓരോ ദ്വീപിലമുണ്ടാവണമെന്നും മുഴുവന്‍ ദ്വീപു നിവാസികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുണമെന്നുമുള്ള ദ്വീപുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇന്നും പരിഗണിക്കപ്പെട്ടിട്ടില്ല.
സംരംഭകത്വം
നാളികേരം, ചകിരി, മത്സ്യം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ സംരംഭകത്വ സാധ്യതയുള്ള പ്രത്യേകിച്ച് വനിതാസംരംഭകത്വ സാധ്യതയുള്ള നാടാണ് ലക്ഷദ്വീപ്. ഗ്രാമപഞ്ചായത്തുകളിലൂടെ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണെങ്കില്‍ തൊഴിലില്ലായ്മ ഏറെക്കുറെ പരിഹരിക്കാനും വലിയ മുന്നേറ്റം തന്നെയുണ്ടാക്കാനും കഴിയും. അവരുടെ ഉല്‍പ്പന്നങ്ങളും മറ്റും വിപണനം ചെയ്യാന്‍ സംവിധാനം ഒരുക്കുകയാണെങ്കില്‍ തൊഴിലില്ലായ്മ പരിഹരിക്കാനും സ്വന്തമായി വരുമാനമാര്‍ഗമുണ്ടാക്കാനും കഴിയും. എന്നാല്‍ ഇത്തരം യാതൊരു പരിപാടികളും പഞ്ചായത്തുതലത്തില്‍ നടത്താനുള്ള ആസൂത്രണമോ ഫണ്ടോ ലഭിക്കുന്നില്ല. ഇനി അഥവാ ആസൂത്രണം ചെയ്താലും മുകളില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റര്‍ തലത്തിലുള്ള അനുമതി കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല.
പൊതുഭരണം
പൊതുഭരണ സംവിധാനം ഇന്നും കുറ്റമറ്റതല്ല. പൊതുഭരണത്തിലെ നീതിബോധം, തുല്യത, സുതാര്യത, പങ്കാളിത്തം എന്നിവയൊന്നും ഇവിടെ കാണാറില്ല. മിക്ക മേലുദ്യോഗസ്ഥരും ഡല്‍ഹിയില്‍ നിന്നുള്ള ഡാനിക് ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് കീഴില്‍ ദ്വീപ് നിവാസികളും. അനുസരിക്കുകയല്ലാത്ത വഴിയില്ലാത്തതുകൊണ്ടുതന്നെ പൊതുഭരണം വളരെ സങ്കീര്‍ണമാണ്. വിവരാവകാശനിയമം ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചത് ഈ കൊച്ചു ദ്വീപില്‍ നിന്നാണെന്നറിയുമ്പോള്‍ പൊതുഭരണത്തിലെ ഇന്നത്തെ അവസ്ഥ മനസിലാക്കാവുന്നതാണ്.
വികേന്ദ്രീകൃത ഭരണ സംവിധാനം അടിയന്തരമായി നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ വിലയിരുത്തി നടപ്പിലാക്കാനും അംഗീകരിക്കാനും ഫണ്ട് നല്‍കാനും കഴിക്കുന്നതരത്തില്‍ ലക്ഷദ്വീപ് വികസന അതോറിറ്റി വിപുലീകരിച്ച് പ്രവര്‍ത്തിക്കണം. കാഴ്ചപ്പാടില്ലാത്ത വികസനങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്ക് പകരം ഒരു നാടിന്റെ സാംസ്‌കാരിക, സാമൂഹ്യ രീതികള്‍ അംഗീകരിച്ചും ബഹുമാനിച്ചും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അഡ്മിനിട്രേറ്ററെയാണ് നിയമിക്കേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സംരംഭകത്വത്തിനും ഉദ്യോഗസ്ഥ പരിശീലന പരിപാടികള്‍ക്കും ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
ദ്വീപ് ജനതയുടെ ഭക്ഷ്യസംസ്‌കാരത്തിലും ജീവിതരീതികളിലും ഏകാധിപത്യ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സമാധാനത്തുരുത്തിന്റെ സ്വസ്ഥത തകര്‍ക്കാന്‍ സംഘ്പരിവാറിന്റെ അജന്‍ഡകളാണ് തീരമണയുന്നത്. ഇത് നടപ്പിലാക്കാനുള്ള മാര്‍ഗമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ പ്രഫുല്‍ പട്ടേല്‍. ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും അട്ടിമറിക്കുന്ന ഈ അജന്‍ഡ നടപ്പിലാക്കാന്‍ സംഘ്പരിവാറുകാര്‍ എല്ലാ മാര്‍ഗവും ഉപയോഗിക്കും. ഇതിനെതിരേ ദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ടത് ജനാധിപത്യം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്.
(ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശീലകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."