കിടപ്പാടമില്ലാതാകാം... ജയിലിലടയ്ക്കപ്പെടാം... ദ്വീപ് ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് ആസിഫ്
കോഴിക്കോട്: പിതാവിന്റെ ചികിത്സ കഴിഞ്ഞ് തിരിച്ചു ദ്വീപിലെത്തുമ്പോഴേക്കും തങ്ങളുടെ കിടപ്പാടം തന്നെ കുത്തകകള്‍ കൈയടക്കിയേക്കാമെന്ന സംശയമാണ് ദ്വീപ് നിവാസിയായ ആസിഫിന്.
ഇത്തരം നടപടികളില്‍ പ്രതിഷേധിച്ചാല്‍ കാത്തിരിക്കുന്നത് ജയില്‍വാസവും. ദ്വീപിലെ തങ്ങളുടെ സമാധാന ജീവിതത്തിനുമേല്‍ വന്നുപതിച്ച ഈ അശാന്തിയുടെ കാര്‍മേഘങ്ങള്‍ എന്ന് വിട്ടൊഴിയുമെന്നുംപോലും അറിയാത്ത അവസ്ഥയാണെന്നും ആസിഫ് പറയുന്നു. പിതാവിന്റെ ചികിത്സയ്ക്കായി ഒരു മാസം മുന്‍പ് കോഴിക്കോട്ടെത്തിയ ലക്ഷദ്വീപ് സ്വദേശി ആസിഫിന്റെ മനസില്‍ ഇന്ന് ഇത്തരത്തിലുള്ള നൂറൂകൂട്ടം ചോദ്യങ്ങളും ആധികളുമാണ്.ഇത് കേവലം ഒരു ആസിഫിന്റെ മാത്രം സംശയമല്ല.
മറിച്ച് സമാധാനത്തിന്റെ ആ പച്ചത്തുരുത്തിലെ ആയിരങ്ങളുടെ ജീവിതം ഇന്ന് ഭീതിയുടെ കരിനിഴലിലാണ്. പ്രോട്ടോക്കോള്‍ അട്ടിമറിച്ച് കൊവിഡ് വ്യാപനത്തിന് സാഹചര്യമൊരുക്കിയ ഭരണകൂടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ആളുകളെ വീട്ടിനുള്ളില്‍ തളച്ചിട്ടശേഷം ഒന്നിനുപിറകെ ഒന്നായി അശാന്തിയുടെ വിഷവിത്തുകള്‍ വിതയ്ക്കുകയാണവിടെ. സമാധാനത്തോടെ, അല്ലലറിയാതെ ജീവിച്ച തങ്ങള്‍ എന്ത് കഴിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനിക്കുന്ന, എവിടെ താമസിക്കണമെന്ന് കുത്തകള്‍ വിധിയെഴുതുന്ന സാഹചര്യത്തിലേക്ക് തങ്ങള്‍ വലിച്ചെറിയപ്പെടാന്‍ കാരണമെന്തെന്നു പോലും ഇന്നും ഇവര്‍ക്കറിയില്ല. ദ്വീപുകാര്‍ക്ക് ഇന്ന് ആകെ ഭയമാണ്. എല്ലാവരെയും ഭയത്തോടെയല്ലാതെ നോക്കിക്കാണാന്‍ അവര്‍ക്കാകുന്നില്ല. ജനങ്ങളെ ഉപദ്രവിക്കുന്ന നയങ്ങളാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണ് ജനവിരുദ്ധമായ ഉത്തരവുകള്‍ ഓരോന്നും ഇറക്കുന്നത്. പ്രതിഷേധിച്ചാല്‍ ജയില്‍വാസം ഉറപ്പാണ്.
അതിന്റെ ആദ്യസൂചനയാണ് രണ്ടു വിദ്യാര്‍ഥികളടക്കം നാലുപേരെ കസ്റ്റടിയിലെടുത്തത്.അഡ്മിനിസ്‌ട്രേറ്ററുടെ നമ്പറിലേക്ക് 'സേവ് ലക്ഷദ്വീപ് 'എന്ന് സന്ദേശമയച്ചു. ഇതാണത്രേ അവര്‍ ചെയ്ത കുറ്റം. തങ്ങളെ ചതിക്കണമെന്ന് ആരെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ പോരെ ? ദ്വീപുകാര്‍ കുടുങ്ങില്ലെ ?. അതിനുവേണ്ടിയല്ലേ ഒരു പെറ്റിക്കേസുപോലും ഇല്ലാതിരുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയത്.
ദ്വീപില്‍ എന്തിനാണ് നാലുവരിപ്പാത. ജനങ്ങളെ ബുദ്ധിമുട്ടിക്കലും കോര്‍പ്പറേറ്റുകളെ വളര്‍ത്തലുമാണ് ഭരണകൂടലക്ഷ്യം. ദ്വീപിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ലക്ഷദ്വീപിനെ മറ്റൊരു കശ്മിരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് തങ്ങളുടെ ആശങ്കയെന്ന് ആസിഫ് പറയുന്നു. ഒന്നാം കൊവിഡ് വ്യാപനത്തില്‍ ഗ്രീന്‍ സോണ്‍ ആയി നിലനിന്നിരുന്ന പ്രദേശം കൊവിഡിന്റെ പിടിയിലമര്‍ന്നത് പ്രഫുല്‍ പട്ടേല്‍ കൊവിഡ് പ്രോട്ടോക്കോള്‍ എടുത്തുമാറ്റിയതോടെയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ദ്വീപ് സമൂഹത്തിനൊപ്പം നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ പിതാവ് ലിവര്‍ സിറോസിസ് പിടിപെട്ട് ഒരു മാസത്തോളമായി കോഴിക്കോട്ടെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉപ്പയും ഉമ്മയും ആറു സഹോദരങ്ങളും അടങ്ങുന്നതാണ് ആസിഫിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."