ആമയൂര്‍ കൂട്ടക്കൊലക്കേസിന് ഒരു ദൃക്ഷസാക്ഷി പോലും ഇല്ല, പൊലിസ് കണ്ടത്തലുകള്‍ തെറ്റ്, വധശിക്ഷയില്‍ ഇളവുതേടി പ്രതി സുപ്രിം കോടതിയില്‍
പാലക്കാട്: മലയാളികളെ ഞെട്ടിച്ച ആമയൂര്‍ കൂട്ടക്കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി റെജികുമാര്‍ സുപ്രിം കോടതിയില്‍. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരിക്കുന്നത്. ഭാര്യയെയും നാലു മക്കളേയും അതിദാരുണമായി ഇദ്ദേഹം കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാല്‍ നടത്തിയെന്നു പറയുന്ന അഞ്ചു കൊലപാതകങ്ങള്‍ക്കും ഒരു ദൃക്ഷസാക്ഷി പോലും ഇല്ല. സാഹചര്യതെളിവുകള്‍ ചൂണ്ടിക്കാട്ടി മാത്രമാണ് കോടതി വിധി. പൊലിസിന്റെ കണ്ടെത്തലുകള്‍ പലതും തെറ്റാണെന്നും ഇദ്ദേഹം സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. അഭിഭാഷകന്‍ മുകുന്ദ് പി.ഉണ്ണിമുഖേനെയാണ് റെജികുമാര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
വധശിക്ഷ നല്‍കുന്നത് അപൂര്‍വമായ കേസുകളില്‍ മാത്രമാണെന്ന് മുന്‍കാല സുപ്രിം കോടതി വിധികളില്‍ പറയുന്നുണ്ട്. പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കില്‍ എടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷവിധിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
2008ല്‍ ആണ് ആമയൂര്‍ കൂട്ടക്കൊലപാതകം നടക്കുന്നത്. കാമുകിയോടൊപ്പം ജീവിക്കാനായി പ്രതി റജികുമാര്‍ ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയെന്നാണ് കേസ്. പൈശാചികമായ കൊലപാതകങ്ങളാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും നിരീക്ഷിച്ചാണ് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ആ വിധിയെ ചോദ്യം ചെയ്താണ് ഹരജി.
ഭാര്യ ലിസി (38), മക്കളായ അമലു (12), അമല്‍(10), അമല്യ(എട്ട്), അമന്യ (മൂന്ന്) എന്നിവരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിനു മുമ്പ് മൂത്തമകള്‍ അമലുവിനെ പ്രതി ബലാത്സംഗം ചെയ്തായും പൊലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."